ദൈവങ്ങളെ അപമാനിച്ചു;  ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം; തൃക്കാക്കര എഞ്ചിനിയറിങ് കോളജ് മാഗസിന്‍ പിന്‍വലിച്ചു

ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തൃക്കാക്കര ഗവണ്‍മെന്റ് മോഡല്‍ എഞ്ചിനിയറിങ് കോളജ് പുറത്തിറക്കിയ കോളജ് മാഗസിന്‍ 'നഗ്നതക്ക് ഭ്രഷ്ട് കല്‍പ്പിച്ചവര്‍' പിന്‍വലിച്ചു
ദൈവങ്ങളെ അപമാനിച്ചു;  ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം; തൃക്കാക്കര എഞ്ചിനിയറിങ് കോളജ് മാഗസിന്‍ പിന്‍വലിച്ചു

തൃക്കാക്കര: ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തൃക്കാക്കര ഗവണ്‍മെന്റ് മോഡല്‍ എഞ്ചിനിയറിങ് കോളജ് പുറത്തിറക്കിയ കോളജ് മാഗസിന്‍ 'നഗ്നതക്ക് ഭ്രഷ്ട് കല്‍പ്പിച്ചവര്‍' പിന്‍വലിച്ചു. ഹിന്ദു ദേവതകളെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി മാഗസിന് എതിരെ പരാതി നല്‍കിയിരുന്നു. ഇന്ന് കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും ഹിന്ദു ഐക്യവേദി അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാതലത്തിലാണ് മാഗസിന്‍ പിന്‍വലിച്ചിരിക്കുന്നത്. 

പരാതികളെത്തുടര്‍ന്ന് മാഗസിന്‍ പിന്‍വലിക്കുന്നതായി പ്രിന്‍സിപ്പല്‍ ഡോ.വി.പി ദേവസ്യ പറഞ്ഞു. വെബ്‌സൈറ്റില്‍ നിന്നടക്കം മാഗസിന്‍ നീക്കം ചെയ്തു. വിതരണം ചെയ്ത മാഗസിന്‍ മടക്കി വാങ്ങാനും വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 4മണിവരെ 300കോപ്പികള്‍ തിരിച്ചെത്തിയിട്ടുണ്ട്. 

സ്റ്റാഫ് എഡിറ്ററും ഇലക്ട്രോണിക് വിഭാഗം അധ്യാപകനുമായ എം. സജീഷിനോട് മൂന്നുദിവസത്തിനോടകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്രാധിപ സമിതി അംഗങ്ങളോടും വിശദീകരണം തേടിയിട്ടുണ്ട്. മറുപടി കിട്ടുന്ന മുറക്ക് നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന് മാപ്പപേക്ഷ നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. 

ലേഖനങ്ങളിലും കവിതകളിലും ചിത്രങ്ങളിലും ഹിന്ദു ദൈവങ്ങളെ വികലമായി ചിത്രീകരിച്ച് മതവികാരം വൃണപ്പെടുത്തിയെന്നാണ് ഹിന്ദു ഐക്യവേദി ആരോപിക്കുന്നത്. സാനിട്ടറി നാപ്ക്കിനില്‍ ദേവിയുടെ ചിത്രം വരച്ചു ചേര്‍ത്തു, ആര്‍ത്തവ കാലത്ത് ദേവിയെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കണം തുടങ്ങിയ ആവിഷ്‌കാരങ്ങളിലൂടെ ഹിന്ദു സമൂഹത്തേയും വിശ്വാസങ്ങളേയും അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. 

പ്രിന്‍സിപ്പല്‍ ഡോ.വി.പി ദേവസ്യ, സ്റ്റാഫ് എഡിറ്റര്‍ സജീഷ്, സ്റ്റുഡന്റ് എഡിറ്റര്‍ ഗ്രിഗര്‍ ജോര്‍ജ്, ലേഖനങ്ങള്‍ എഴുതിയ മുഹമ്മദ് ഷഫീഖ്, അരുണ പി.കുമാര്‍,റനു അര്‍ഷ എന്നിവര്‍ക്കെതിരായണ് പരാതി നല്‍കിയിരിക്കുന്നത്. 

ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ മാഗസിന്‍ റദ്ദാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭവും നിയമനടപടിയും സ്വീകരിക്കുമെന്ന് ബിജെപി തൃക്കാക്കര മണ്ഡലം കമ്മിറ്റി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com