മുഖ്യമന്ത്രി എവിടെ ? നിയമസഭയില്‍ പ്രതിപക്ഷ ബഹളം ; സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തിന് പോയെന്ന് സ്പീക്കര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2018 09:56 AM  |  

Last Updated: 28th March 2018 10:10 AM  |   A+A-   |  

 

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ എവിടെയെന്ന് ചോദിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രി എത്ര ദിവസമായി സഭയിലെത്തിയിട്ടെന്ന് പ്രതിപക്ഷം ചോദിച്ചു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സഭയിലെത്താത്തത് ഗൗരവമേറിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. 

അതേസമയം മുഖ്യമന്ത്രി സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഇക്കാര്യം സഭയെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി. സിഐടിയു സമ്മേളനത്തിനും പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി യോഗത്തിനും ഉള്ള പ്രാധാന്യം സഭയ്ക്ക് ഇല്ലേയെന്ന് കെ മുരളീധരന്‍ ചോദിച്ചു. മോദി ചെയ്യുന്നത് തന്നെയല്ലേ പിണറായിയും ചെയ്യുന്നത്. നിയമസഭയെ പിണറായിക്ക് ബഹുമാനമില്ലെന്നും മുരളീധരന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രി ജി സുധാകരനാണ് ഇന്ന് ആഭ്യന്തര വകുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മടവൂരില്‍ റേഡിയോ ജോക്കി വെട്ടേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നു. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം കുറഞ്ഞിട്ടുണ്ട്. കള്ളപ്പണം പിടിക്കാനുള്ള ഓപ്പറേഷന്‍ കുബേര സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചിട്ടില്ലെന്നും മന്ത്രി സുധാകരന്‍ സഭയില്‍ പറഞ്ഞു.