വീഡിയോ ക്ലിപ്പ് അടങ്ങിയ സിഡി മുദ്രവെച്ച കവറില്‍ ആയിരുന്നില്ല ; കൃത്രിമത്തിന് സാധ്യതയുണ്ടെന്ന് ദിലീപ്

ദൃശ്യങ്ങള്‍ ദിലീപിന് ലഭിക്കുന്നത് നടിയുടെ ഭാവി ജീവിതത്തിന് ദോഷകരമാകുമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്
വീഡിയോ ക്ലിപ്പ് അടങ്ങിയ സിഡി മുദ്രവെച്ച കവറില്‍ ആയിരുന്നില്ല ; കൃത്രിമത്തിന് സാധ്യതയുണ്ടെന്ന് ദിലീപ്

കൊച്ചി : നടിയെ ആക്രമിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത് മുദ്ര വെച്ച കവറില്‍ ആയിരുന്നില്ലെന്ന് ദിലീപ്. അതുകൊണ്ട് കൃത്രിമം നടക്കാന്‍ സാധ്യതയുണ്ട്.  പൊലീസിന്റെ കൈവശം ആവശ്യത്തിലേറെ കോപ്പികള്‍ ഉണ്ട്. ദൃശ്യങ്ങളില്‍ വാട്ടര്‍മാര്‍ക്ക് ഇട്ടശേഷം തന്നാല്‍ മതി. അപ്പോള്‍ ചോര്‍ന്നാല്‍ നടപടി എടുക്കാമല്ലോയെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയില്‍ ദിലീപ് ഇക്കാര്യം ബോധിപ്പിച്ചത്. 

ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തിയുക്തം എതിര്‍ക്കുകയാണ്. ദൃശ്യങ്ങള്‍ ദിലീപിന് ലഭിക്കുന്നത് നടിയുടെ ഭാവി ജീവിതത്തിന് ദോഷകരമാകുമെന്നാണ് പ്രോസിക്യൂഷന്റെ വാദം.  നീലച്ചിത്രം പകര്‍ത്തുന്ന കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തത്. അതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് വിചിത്രമാണ്. ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയ ശേഷം അതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുകയാണ് പ്രതി ചെയ്യുന്നത്. കൂട്ട മാനഭംഗമാണ് നടന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ ഇല്ലാതെയും തെളിയിക്കാവുന്ന കേസാണിത്. മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാനാണ് ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. 

ദൃശ്യങ്ങള്‍ പ്രതിയുടെ പക്കല്‍ എത്തിയാല്‍ ഇര ആജീവനാന്ത ഭീഷണിയിലാവും. പുറത്തുവിടാനാവാത്ത ദൃശ്യങ്ങളാണ് ഇവയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതിയുടേതിനേക്കാള്‍ ഇരയുടെ അവകാശത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു. നേരത്തെ അങ്കമാലി കോടതിയില്‍ വച്ച് പ്രതിഭാഗം ദൃശ്യങ്ങള്‍ പരിശോധിച്ചതാണ്. വീണ്ടും അത് ആവശ്യപ്പെടുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.

പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ദൃശ്യങ്ങളുടെ പകര്‍പ്പ് തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com