പ്രചാരണത്തിന് ചെലവ് ദിവസം രണ്ടു ലക്ഷത്തിലേറെ, തീയതി പ്രഖ്യാപനം നീണ്ടതോടെ ചെങ്ങന്നൂരില്‍ വെട്ടിലായി പാര്‍ട്ടികള്‍

പ്രചാരണത്തിന് ചെലവ് ദിവസം രണ്ടു ലക്ഷത്തിലേറെ, തീയതി പ്രഖ്യാപനം നീണ്ടതോടെ ചെങ്ങന്നൂരില്‍ വെട്ടിലായി പാര്‍ട്ടികള്‍
പ്രചാരണത്തിന് ചെലവ് ദിവസം രണ്ടു ലക്ഷത്തിലേറെ, തീയതി പ്രഖ്യാപനം നീണ്ടതോടെ ചെങ്ങന്നൂരില്‍ വെട്ടിലായി പാര്‍ട്ടികള്‍

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം നീളുന്നത് മുന്നണികള്‍ക്കു തിരിച്ചടിയാവുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനവും കണ്‍വെന്‍ഷനും നടത്തിയ ശേഷം പ്രചാരണച്ചൂട് നിലനിര്‍ത്തിക്കൊണ്ടുപോവുന്നതാണ് മുന്നണികള്‍ക്കു വെല്ലുവിളിയാവുന്നത്. പ്രചാരണത്തിനായി ദിവസം രണ്ടു ലക്ഷത്തിലേറെ രൂപ ചെലവു വരുന്നുണ്ടെന്നും അനിശ്ചിതമായി ഇതു താങ്ങാനാവില്ലെന്നുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ദിവസം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിക്കാന്‍ കമ്മിഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചപ്പോള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു തിയതിയും പ്രഖ്യാപിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പുകളുടെയൊന്നും തിയതി പ്രഖ്യാപിക്കാതെയാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഒപി റാവത് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്. 

കഴിഞ്ഞ ജനുവരി പതിനാലിനാണ് ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെകെ രാമചന്ദ്രന്‍നായര്‍ മരിച്ചത്. ആറു മാസത്തിനകം തെരഞ്ഞെടുപ്പു നടത്തണം എന്ന ചട്ടം അനുസരിച്ച് ജൂലൈ പതിനാലിനകം തെരഞ്ഞെടുപ്പു നടന്നാല്‍ മതി. എന്നാല്‍ മെയ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു നടക്കും എന്ന കണക്കൂ കൂട്ടലിലായിരുന്നു പാര്‍ട്ടികള്‍. സ്ഥാനാര്‍ഥി പ്രഖ്യാപനവും കണ്‍വെന്‍ഷനും നടത്തിയത് ഈ പശ്ചാത്തലത്തിലാണ്. തുടങ്ങിവച്ച സ്ഥിതിക്ക് പ്രചാരണം ആവേശം നിലനിര്‍ത്തി മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് മുന്നണികള്‍ക്കു മുന്നിലുള്ള വെല്ലുവിളി.

യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന്റെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ചെറിയാന്റെയും കണ്‍വെന്‍ഷനുകള്‍ നടന്നു കഴിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍ പിള്ളയുടെ കണ്‍വെന്‍ഷന്‍ നിശ്ചിയിച്ചിരുന്നെങ്കിലും ബിഡിജെഎസുമായുള്ള തര്‍ക്കം തുടരുന്നതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. കണ്‍വെന്‍ഷന്‍ നടന്നില്ലെങ്കിലും പ്രചാരണ രംഗത്ത് ശ്രീധരന്‍ പിള്ളയും സജീവമാണ്. വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണമാണ് സ്ഥാനാര്‍ഥികള്‍ പ്രധാനമായും നടത്തിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍, കടുത്ത ചൂടില്‍ ഇതെങ്ങനെ മുന്നോട്ടുകൊണ്ടുപോവും എന്നതില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ് പ്രവര്‍ത്തകര്‍.

164 ബുത്തുകളാണ് ചെങ്ങന്നൂരിലുള്ളത്. ഓരോ ബൂത്തിലും പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാന്‍ സജീവ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇവരെ സജീവമായി നിലര്‍ത്തുക എന്നതും ചെലവേറിയ കാര്യമാണ്. 

തെരഞ്ഞെടുപ്പു തീയതി നീട്ടിക്കൊണ്ടുപോവുന്നതില്‍ പരസ്പരം കുറ്റപ്പെടുത്തി എല്‍ഡിഎഫും എന്‍ഡിഎയും നേരത്തെ രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com