ഭൂമി വിവാദം; പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന് കര്‍ദ്ദിനാള്‍ തെറ്റിദ്ധരിപ്പിക്കുന്നു, അവസാനിച്ചിട്ടില്ലെന്ന് വിശ്വാസി കൂട്ടായ്മ

പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ എല്ലാ പ്രശ്‌നവും പരിഹരിച്ചു എന്ന് വരുത്തി തീര്‍ക്കാനാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ശ്രമിച്ചതെന്നാണ് ആരോപണം
ഭൂമി വിവാദം; പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന് കര്‍ദ്ദിനാള്‍ തെറ്റിദ്ധരിപ്പിക്കുന്നു, അവസാനിച്ചിട്ടില്ലെന്ന് വിശ്വാസി കൂട്ടായ്മ

സീറോ മലബാര്‍ സഭയെ പ്രതിരോധത്തിലാക്കിയ ഭൂമിയിടപാടിനെ ചൊല്ലിയുള്ള  വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന കര്‍ദ്ദിനാളിന്റെ പ്രതികരണം തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും,  ഭൂമി വിവാദം അവസാനിച്ചിട്ടില്ലെന്നും വിശ്വാസികളുടെ കൂട്ടായ്മയായ ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് പ്രവര്‍ത്തര്‍ പറയുന്നു. 

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഭൂമി വിവാദത്തില്‍ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിനെതിരെ കോടതിയിലൂടെ തുടര്‍നടപടികളുമായി മുന്നോട്ടു പോകുന്നതിന് സഹായകരമാണെന്നാണ് വിശ്വാസി കൂട്ടായ്മയുടെ വിലയിരുത്തല്‍. ആലഞ്ചേരിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതിന് പിന്നാലെ വിശ്വാസികളുടെ കൂട്ടായ്മ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. 

പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ എല്ലാ പ്രശ്‌നവും പരിഹരിച്ചു എന്ന് വരുത്തി തീര്‍ക്കാനാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ശ്രമിച്ചതെന്നാണ് ആരോപണം. പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്ന് പറഞ്ഞ് മറ്റ് അതിരൂപതകളിലേക്കും കത്തയച്ച കര്‍ദ്ദിനാളിന്റെ നടപടിയില്‍ വൈദിക സമിതി അംഗങ്ങള്‍ക്കിടയിലും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. 

പ്രശ്‌ന പരിഹാരത്തിന് മുന്‍കൈ എടുത്ത കെസിബിസിയോട് തങ്ങള്‍ക്ക പറയാനുള്ളത് കേള്‍ക്കണമെന്ന് ആവശ്യപ്പെടുമെന്ന് വിശ്വാസി കൂട്ടായ്മ പറയുന്നു. പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്ന് കര്‍ദ്ദിനാളിനെ നേരിട്ട് ബോധ്യപ്പെടുത്തണമെന്നും, ഈസ്റ്ററിന് ശേഷം വൈദിക സമിതി വിളിക്കണമെന്നും ആവശ്യപ്പെടുമെന്ന് വിശ്വാസി കൂട്ടായ്മ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com