രോഗിയോട് ക്രൂരമായി പെരുമാറിയ സംഭവം: മാന്യമായി പെരുമാറിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ

വയോധികനായ രോഗിയോട് ക്രൂരമായി പെരുമാറുന്ന അറ്റന്‍ഡറുടെ ദൃശ്യങ്ങള്‍ പുറത്തു വരികയും വലിയ വാര്‍ത്തായി മാറുകയും ചെയ്തിരുന്നു.
രോഗിയോട് ക്രൂരമായി പെരുമാറിയ സംഭവം: മാന്യമായി പെരുമാറിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ

ശുപത്രി ജീവനക്കാരന്‍ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ മറുപടിയുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ രംഗത്ത്. ആശുപത്രികളില്‍ രോഗികളോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളിലെ മേലധികാരികളും ആശുപത്രി സൂപ്രണ്ടുമാരും മെഡിക്കല്‍ ഓഫീസര്‍മാരും അതതു സ്ഥാപനങ്ങള്‍ കൃത്യനിഷ്ഠമായും രോഗീ സൗഹൃദമായും പ്രവര്‍ത്തിക്കുകയാണെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലെഴുതി. 

വയോധികനായ രോഗിയോട് ക്രൂരമായി പെരുമാറുന്ന അറ്റന്‍ഡറുടെ ദൃശ്യങ്ങള്‍ പുറത്തു വരികയും വലിയ വാര്‍ത്തായി മാറുകയും ചെയ്തിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്‌സുമാരുടേയും നഴ്‌സിംഗ് അസിസ്റ്റന്റുമാരുടേയും അറ്റന്റര്‍മാരുടേയും അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാനും മന്ത്രി നിര്‍ദേശം നല്‍കി. 

യോഗത്തില്‍ മന്ത്രി നേരിട്ടെത്തി വിവരങ്ങള്‍ കേള്‍ക്കും. ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കിലെ ഹാളിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരുടേയും നഴ്‌സിംഗ് അസിസ്റ്റന്റുമാരുടേയും അറ്റന്റര്‍മാരുടേയും അടിയന്തര യോഗം ചേരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്സുമാരുടേയും നഴ്സിംഗ് അസിസ്റ്റന്റുമാരുടേയും അറ്റന്റര്‍മാരുടേയും അടിയന്തിര യോഗം 31-ാം തീയതി ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മെഡിക്കല്‍ കോളേജ് ഒ.പി. ബ്ലോക്കിലെ ഹാളില്‍ വച്ച് നടക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ഒരു ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവത്തെ തുടര്‍ന്നാണ് ജീവനക്കാരെ നേരിട്ട് കാണാന്‍ തീരുമാനിച്ചത്.

ഡ്യൂട്ടിയിലില്ലാത്ത എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാഹിത വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 10 ട്രോളികളും 5 വീല്‍ ചെയറുകളും അടിയന്തിരമായി വാങ്ങിയിട്ടുണ്ട്. പുതുതായി 50 ട്രോളികള്‍ക്ക് കൂടി വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്ന തരത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും മന:പൂര്‍വമായ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അതിന് വളമേവുകയാണ് ചെയ്യുന്നത്. അതിനാല്‍ കര്‍ത്തവ്യ വിലോപം കാട്ടുന്നവര്‍ക്കും പൊതുജനാരോഗ്യ സേവന ചിട്ടകള്‍ അനുസരിക്കാത്തവര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

ആശുപത്രികളിലെ മേലധികാരികളും ആശുപത്രി സൂപ്രണ്ടുമാരും മെഡിക്കല്‍ ഓഫീസര്‍മാരും അതതു സ്ഥാപനങ്ങള്‍ കൃത്യനിഷ്ഠമായും രോഗീ സൗഹൃദമായും പ്രവര്‍ത്തിക്കുകയാണെന്ന് ഉറപ്പ് വരുത്തണം. ഇത്തരം സംഭവങ്ങളുടെ മറവില്‍ നന്നായി പ്രവര്‍ത്തിക്കുന്ന പൊതുജനാരോഗ്യ സ്ഥാപനങ്ങളെ കരിതേച്ച് കാണിപ്പിക്കാന്‍ പരിശ്രമിച്ചാല്‍ അതിനെതിരേയും പൊതുജന സഹായത്തോടെ കര്‍ശന നടപടി സ്വീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com