റേഡിയോ ജോക്കി വധം: രാജേഷുമായുള്ള ബന്ധം യുവതി സമ്മതിച്ചു, അന്വേഷണത്തില്‍ പുരോഗതിയെന്ന് പൊലീസ്

റേഡിയോ ജോക്കി വധം: രാജേഷുമായുള്ള ബന്ധം യുവതി സമ്മതിച്ചു, അന്വേഷണത്തില്‍ പുരോഗതിയെന്ന് പൊലീസ്
റേഡിയോ ജോക്കി വധം: രാജേഷുമായുള്ള ബന്ധം യുവതി സമ്മതിച്ചു, അന്വേഷണത്തില്‍ പുരോഗതിയെന്ന് പൊലീസ്

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാറിനെ (34) കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക പുരോഗതിയുണ്ടെന്ന് പൊലീസ്. കൊലപാതകത്തിന് ഖത്തര്‍ വ്യവസായിയുമായുള്ള ബന്ധം ഉടന്‍തന്നെ സ്ഥിരീകരിക്കാനാവുമെന്ന വിശ്വാസത്തിലാണ് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം. രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്നു കരുതുന്ന ഖത്തര്‍ വ്യവസായിയുടെ മുന്‍ ഭാര്യ രാജേഷുമായുള്ള ബന്ധം സമ്മതിച്ചിട്ടുണ്ട്. 

ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച ചുവന്ന സ്വിഫ്റ്റ് കാര്‍ തിരിച്ചറിഞ്ഞ പൊലീസ്, അത് വാടകയ്‌ക്കെടുത്ത കൊല്ലത്തെ മൂന്ന് യുവാക്കളെ ഇന്നലെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് കൊലയാളികളുമായി നേരിട്ട് ബന്ധമില്ലെങ്കിലും അവരിലേക്കെത്താനുള്ള വഴികള്‍ തുറക്കുമെന്നാണ് പൊലീസിന്റെ പ്രതിക്ഷ. കാറിന്റെ ഉടമയായ ചവറ സ്വദേശിയെ ചോദ്യംചെയ്തപ്പോഴാണ് കാര്‍ വാടകയ്‌ക്കെടുത്ത ചെറുപ്പക്കാരന്റെ വിവരം കിട്ടിയത്. ഇയാളെയും രണ്ട് സുഹൃത്തുക്കളെയുമാണ് കസ്റ്റഡിയിലെടുത്തത്. 

സ്റ്റുഡിയോയില്‍ ക്വട്ടേഷന്‍സംഘം എത്തുമ്പോള്‍ ഖത്തറിലുള്ള യുവതിയുമായി വീഡിയോ കാളിലായിരുന്നു രാജേഷ് എന്നാണ് വിവരം. രാജേഷിന്റെ നിലവിളിയില്‍ നിന്ന് അപകടം മനസിലാക്കിയ യുവതി രാജേഷിന്റെ മറ്റൊരു സുഹൃത്തിനെ വിളിച്ച് വിവരമറിയിക്കുകായിരുന്നു. ഇയാളാണ് പൊലീസിനെ അറിയിച്ചത്. യുവതിയുമായി ഫോണില്‍ ബന്ധപ്പെട്ടാണ് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചത്. 

രാജേഷുമായി ഇന്റര്‍നെറ്റ് കാളില്‍ ആയിരുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. മൂന്നുവര്‍ഷം മുന്‍പ് രാജേഷ് പത്തുമാസത്തോളം ഖത്തറില്‍ റേഡിയോ ജോക്കിയായിരുന്നപ്പോഴാണ് യുവതിയുമായി പരിചയപ്പെട്ടത്. രാജേഷിന് സാമ്പത്തികപ്രശനങ്ങളില്ലെന്നും യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്.

രാജേഷിന്റെ ഫോണ്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ലോക്ക് ചെയ്ത രാജേഷിന്റെ ഫോണ്‍ തുറക്കാനായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com