വയല്‍ക്കിളികളുടെ പ്രശ്‌നം പരിഹരിച്ച് ഇങ്ങോട്ടു വന്നാല്‍ മതി; മുഖ്യമന്ത്രിക്കു കേന്ദ്രം അന്ത്യശാസനം നല്‍കിയെന്ന് ബിജെപി

വയല്‍ക്കിളികളുടെ പ്രശ്‌നം പരിഹരിച്ച് ഇങ്ങോട്ടു വന്നാല്‍ മതി; മുഖ്യമന്ത്രിക്കു കേന്ദ്രം അന്ത്യശാസനം നല്‍കിയെന്ന് ബിജെപി
വയല്‍ക്കിളികളുടെ പ്രശ്‌നം പരിഹരിച്ച് ഇങ്ങോട്ടു വന്നാല്‍ മതി; മുഖ്യമന്ത്രിക്കു കേന്ദ്രം അന്ത്യശാസനം നല്‍കിയെന്ന് ബിജെപി

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ പ്രശ്‌നം പരിഹരിക്കാതെ ഇനി ഡല്‍ഹിയിലേക്കു വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍. ഗഡ്കരിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതു ശരിയല്ലെന്ന് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. വയല്‍ക്കിളികളുടെ പ്രശ്‌നം പരിഹരിച്ചതിനു ശേഷം ഇങ്ങോട്ടു  വന്നാല്‍ മതിയെന്ന് ഗഡ്കരി പറഞ്ഞതായാണ് ബിജെപി സംസ്ഥാന ഘടകത്തിനു ലഭിച്ച വിവരമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കീഴാറ്റൂര്‍ പ്രശ്‌നത്തില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കും വയല്‍ക്കിളികള്‍ക്കുമൊപ്പമാണു കേന്ദ്ര സര്‍ക്കാര്‍. കീഴാറ്റൂര്‍ സമരം ബിജെപി ഏറ്റെടുക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ അറിയിച്ചു. 

പരിസ്ഥിതി സംരക്ഷിക്കപ്പെടണം എന്നു നിലപാടുള്ള ഏതു സംഘടനയ്ക്കും കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കാം. കീഴാറ്റൂര്‍ വയലിലെ നിര്‍ദിഷ്ട ബൈപാസ് ഒഴിവാക്കി തളിപ്പറമ്പ് ടൗണിലൂടെ ആദ്യത്തെ അലൈന്‍മെന്റ് പ്രകാരം ദേശീയപാത വികസിപ്പിക്കണമെന്നാണു ബിജെപി നിലപാട്. ആദ്യത്തെ അലൈന്‍മെന്റ് അട്ടിമറിച്ചത് ആരുടെ സ്വാധീനം മൂലമാണെന്നു സിപിഎം വ്യക്തമാക്കണം.

കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മിക്കാന്‍ നാലു ലക്ഷത്തോളം ടണ്‍ കളിമണ്ണു നീക്കം ചെയ്യുകയും പുതുതായി എട്ടു ലക്ഷം ടണ്‍ മണ്ണ് ഇറക്കുകയും വേണം. അതുവഴി പാര്‍ട്ടി ഗ്രാമത്തില്‍ നിന്നു കോടികള്‍ തട്ടാനാണു സിപിഎമ്മിന്റെ ശ്രമം- ഗോപാലകൃഷ്ണന്‍ ആരോപിച്ചു. 

ഇടതുവലതു മുന്നണികള്‍ തമ്മിലുള്ള കൂട്ടുകച്ചവടമാണു കീഴാറ്റൂരില്‍ നടക്കുന്നത്. രണ്ടു ദിവസത്തിനകം നിലപാടു പറയുമെന്നു കോണ്‍ഗ്രസ് നേതാവു കെ സുധാകരന്‍ പറഞ്ഞിട്ട് എത്ര ദിവസമായെന്ന് ഗോപാലകൃഷ്ണന്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com