പിണറായി വിജയനോടുള്ള ദേഷ്യം തീര്‍ക്കാന്‍ കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കരുത്: ഡോ. കെ എസ് രാധാകൃഷ്ണന്‍

പിണറായി വിജയനോടുള്ള ദേഷ്യം തീര്‍ക്കാന്‍ കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കരുത്: ഡോ. കെ എസ് രാധാകൃഷ്ണന്‍
പിണറായി വിജയനോടുള്ള ദേഷ്യം തീര്‍ക്കാന്‍ കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കരുത്: ഡോ. കെ എസ് രാധാകൃഷ്ണന്‍

കൊച്ചി: സിപിഎമ്മിനോടുള്ള എതിര്‍പ്പിന്റെ പേരില്‍ കീഴാറ്റൂര്‍സമരത്തെ പിന്തുണയ്ക്കരുതെന്ന് സംസ്‌കൃത സര്‍വകലാശാലാ വിസിയും പിഎസ് സി ചെയര്‍മാനുമായിരുന്ന ഡോ. കെ എസ് രാധാകൃഷ്ണന്‍. കീഴാറ്റൂരിലെ സമരക്കാരുടെ ദുര്‍വാശിക്കുമുമ്പില്‍ ഒഴിവാക്കേണ്ടതല്ല ദേശീയപാത വികസനമെന്ന് കേരള ന്യൂസ് നെറ്റ്വര്‍ക്കെന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എഴുതിയ പംക്തിയില്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 

വഴിമുടക്കാന്‍ എളുപ്പം കഴിയും. വഴിവെട്ടുകയാണ് പ്രയാസമുള്ള കാര്യം. വയല്‍ക്കിളികളെപ്പോലെ ഇന്ത്യയിലെ എല്ലാ പ്രദേശത്തുള്ളവരും ചിന്തിച്ചിരുന്നെങ്കില്‍ ഒറ്റ ഹൈവേപോലും വരുമായിരുന്നില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

എനിക്ക് അണമുറിയാതെ വൈദ്യതി ലഭിക്കണം . എന്നാല്‍ വൈദ്യതി ഉല്പാദന കാര്യം വരുമ്പോള്‍ ഞാന്‍ കനത്ത പരിസ്ത്ഥിതി പ്രേമിയായി മാറും.  ജലവൈദ്യുതി പറ്റില്ല. കാരണം, അത് കാടുകളിലെ ജൈവവൈവിദ്ധ്യത്തെ നശിപ്പിക്കും . മനുഷ്യന്റെ ആവാസവ്യവസ്ഥയെ തകര്‍ക്കും . ഡീസല്‍, കല്‍ക്കരി എന്നിവ ഉപയോഗിച്ചുളള വൈദ്യുതി നിര്‍മ്മാണവും ശരിയല്ല. കാരണം അത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കും. ആണവവൈദ്യുതി നിര്‍മ്മാണത്തെക്കുറിച്ച് മിണ്ടരുത് കാരണം അത് റേഡിയേഷന്‍ ഉണ്ടാക്കി മനുഷ്യന്റെ ആരോഗ്യവ്യവസ്ഥയെ തകര്‍ക്കും. സൂര്യതാപത്തേയും സമുദ്രതരംഗങ്ങളേയും ഉപയുക്തമാക്കി വൈദ്യുതി ഉണ്ടാക്കുക. കാറ്റാടി യന്ത്രവും പരീക്ഷിക്കാവുന്നതാണ്. അത് പ്രായോഗികമാണോ എന്ന് ചോദിച്ചാല്‍ അത് പ്രായോഗികമാക്കണമെന്നാണ് ഉത്തരം. അതു വരെ ഡീസല്‍, കല്‍ക്കരി, ആണവോര്‍ജ്ജം എന്നിവ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങള്‍ ഉണ്ടാക്കുന്നുണ്ടല്ലോ അവരോട് വാങ്ങിക്കാം നശിക്കുന്നെങ്കില്‍ അവര്‍ നശിക്കട്ടെ- രാധാകൃഷ്ണന്‍ എഴുതുന്നു.

കീഴാറ്റൂരുകാര്‍ സമരം ചെയ്യുന്നതിന് മുന്‍പ് ഗയില്‍ പൈപ്പ് ലൈന്‍ തങ്ങളുടെ  പറമ്പിലൂടെ പോകരുത് എന്ന് ശഠിച്ചു കൊണ്ട് കോഴിക്കോട് , മലപ്പുറം  മേഖലയില്‍ കുറച്ചുപേര്‍ സമരം ചെയ്തു. ഗയില്‍ പൈപ്പ്‌ലൈന്‍ പൊട്ടിയാല്‍ ആ പ്രദേശം നശിച്ചു പോകും  അതുകൊണ്ട് ആളൊഴിഞ്ഞ പ്രദേശത്തുകൂടെ  വേണം പൈപ്പ് ലൈന്‍ പോകേണ്ടത് എന്നതായിരുന്നു സമരക്കാരുടെ വാദം. ഗയില്‍ പൈപ്പ് ലൈന്‍ മാത്രമല്ല  നാഫ്‌നപൈപ്പ് ലൈനും ക്രൂഡ് ഓയില്‍ പൈപ്പ് ലൈനും  കൊച്ചി നഗരത്തിന്റെ നടുവിലൂടെയാണ് കടന്നു പോകുന്നത്.  ഈ നഗരവാസികള്‍ക്കില്ലാത്ത ഭയമാണ് മലപ്പുറം കോഴിക്കോടുകാര്‍ക്കുണ്ടായിരുന്നത്.  സമരത്തിന്റെ ഉദ്ദേശപരിശുദ്ധിയെ സംശയിക്കാതെ തരമില്ല.

കീഴാറ്റൂരില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരഭൂമിയില്‍ ആവേശഭരിതരായി നില്‍ക്കുന്നവര്‍ ബദല്‍ നിര്‍ദേശിക്കുകയാണ് വേണ്ടത്. ഭൂമി ഏറ്റെടുക്കാതെ വഴിവെട്ടാനാകില്ല. ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാര പാക്കേജിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കാം. ഇതൊന്നുംചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ദേഷ്യം തീര്‍ക്കാന്‍ അനാവശ്യസമരത്തിന് പിന്തുണ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു.

പെട്രോള്‍ ദേഹത്തൊഴിച്ചു കത്തിക്കുമെന്ന് ഭീഷണി മുഴക്കി കാര്യംകാണാന്‍ ശ്രമിക്കുന്ന സമരത്തെ ഉത്തരവാദിത്ത ബോധമുള്ളവര്‍ പിന്തുണയ്ക്കരുത്. ഇത്തരം സമരരീതിയും തീവ്രവാദവും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഭൂമി നഷ്ടപ്പെടുത്തിയിട്ട് ഇതൊന്നുംവേണ്ടെന്നാണ് സമരക്കാര്‍ പറയുന്നത്. അവര്‍ പറയുന്നതാണ് ശരിയെന്ന് ബിജെപിയും കോണ്‍ഗ്രസും ലീഗും സിപിഐയും പറയുന്നു. എന്നാല്‍, ഇതേ സമീപനം കൊച്ചിക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇന്നത്തെ കൊച്ചി നഗരം ഉണ്ടാകുമായിരുന്നില്ലെന്നും ലേഖനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com