ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു
ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

കോട്ടയം: മലയാളത്തിലെ ജനപ്രിയ ഡിറ്റക്ടിവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. എണ്‍പതു വസയായിരുന്നു. ബുധനാഴ്ച രാവിലെ കോട്ടയത്തെ വീട്ടിലായിരുന്നു അന്ത്യം. മുന്നൂറിലേറെ അപസര്‍പ്പക, മാന്ത്രിക നോവലുകള്‍ എഴുതിയിട്ടുണ്ട്. 

മലയാളത്തിലെ ജനപ്രിയ സാഹിത്യകാരനായ പുഷ്പനാഥിന്റെ യഥാര്‍ഥ പേര് 'പുഷ്പനാഥന്‍ പിള്ള' എന്നാണ്. സ്വകാര്യ കുറ്റാന്വേഷകനായ 'ഡിറ്റക്റ്റീവ് മാര്‍ക്‌സി'നെ കേന്ദ്ര കഥാപാത്രമാക്കിയാണ് മിക്ക കൃതികളും രചിച്ചിട്ടുള്ളത്. 

മുന്നൂറോളം നോവലുകള്‍ കോട്ടയം പുഷ്പനാഥ് എഴുതിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേയ്ക്ക് പല നോവലുകളും തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികള്‍ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. മാന്ത്രികനോവലുകളും എഴുതിയിട്ടുണ്ട്.

സ്‌കൂള്‍കാലത്തുതന്നെ ചെറിയതോതിലുള്ള എഴുത്ത് തുടങ്ങി. സ്‌കൂള്‍ മാഗസിനിലടക്കം അതു പ്രസിദ്ധീകരിച്ചു. പിന്നീട് സിഎന്‍ഐ ട്രെയ്‌നിങ് സ്‌കൂളില്‍ നിന്ന് ടിടിസി പാസായി അധ്യാപകവൃത്തിയിലേക്കു തിരിഞ്ഞു. മനോരാജ്യം വാരികയില്‍ ചുവന്ന മനുഷ്യന്‍ എന്ന ആദ്യനോവല്‍ പ്രസിദ്ധീകരിച്ചതോടെയാണ് കോട്ടയം പുഷ്പനാഥ് അറിയപ്പെട്ടുതുടങ്ങിയത്. പിന്നാലെ മനോരമയില്‍ പാരലല്‍ റോഡ്. ഇതോടെ ജനപ്രിയ പ്രസിദ്ധീകരണങ്ങള്‍ക്കു പുഷ്പനാഥ് അവിഭാജ്യ ഘടകമായി. 

ജനപ്രിയ വാരികകളുടെ പ്രതാപകാലത്ത് ഒരേസമയം പത്തും പതിനഞ്ചും വാരികകള്‍ക്ക് തുടര്‍നോവലുകള്‍ എഴുതിയിട്ടുണ്ട്, കോട്ടയം പുഷ്പനാഥ്. എഴുതിക്കൂട്ടിയ രചനകളുടെ എണ്ണം പോയിട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കണക്കുപോലും അറിയില്ലെന്ന് പിന്നീട് അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്, അദ്ദേഹം.

ഒരുമാസം മുമ്പാണ് കോട്ടയം പുഷ്പനാഥിന്റെ മകന്‍ സലിം പുഷ്പനാഥ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com