ബോംബേറ് കേസ് : മോചിപ്പിച്ച പ്രതിയെ സിപിഎം പൊലീസിന് മുന്നിൽ ഹാജരാക്കി

ശിവജിസേന പ്രവർത്തകരുടെ വീടിന് നേർക്ക് ബോംബെറിഞ്ഞ കേസിലെ പ്രതി സുധാകരനെയാണ് സിപിഎം ഹാജരാക്കിയത്
ബോംബേറ് കേസ് : മോചിപ്പിച്ച പ്രതിയെ സിപിഎം പൊലീസിന് മുന്നിൽ ഹാജരാക്കി

കോഴിക്കോട് : കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ച ബോംബേറ് കേസിലെ പ്രതിയെ സിപിഎം പ്രവർത്തകർ പൊലീസിന് മുന്നിൽ ഹാജരാക്കി. ശിവജിസേന പ്രവർത്തകരുടെ വീടിന് നേർക്ക് ബോംബെറിഞ്ഞ കേസിലെ പ്രതി സുധാകരനെയാണ് സിപിഎം ഹാജരാക്കിയത്.  ഇന്നലെ വൈകീട്ട് പേരാമ്പ്രയ്ക്കടുത്ത് ചേമ്പ്രയിൽ വെച്ചാണ്, പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോൾ പൊലീസ് ജീപ്പ് തടഞ്ഞ് സിപിഎം പ്രവർത്തകർ പ്രതിയെ ബലമായി മോചിപ്പിച്ചത്. 

സംഭവം വിവാദമായതോടെ, ഇന്നു രാവിലെ പ്രതി സുധാകരനെ പൊലീസിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. കേസിൽ പൊലീസ് തിരഞ്ഞ ചിന്നൻ എന്ന പ്രതിയെയും സിപിഎം ഹാജരാക്കിയതായാണ് റിപ്പോർട്ട്. പ്രതിയെ ബലമായി മോചിപ്പിച്ച സംഭവത്തിൽ കണ്ടാലറിയുന്ന 15 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പാർട്ടി പ്രവർത്തകരുടെ വീട് ആക്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാതിരുന്നതിലെ സ്വാഭാവിക പ്രതികരണമാണ് ഇന്നലെ ഉണ്ടായതെന്നാണ് സിപിഎം നൽകുന്ന വിശദീകരണം. 

കഴിഞ്ഞ വിഷുദിനത്തിൽ സിപിഎമ്മും, ആർഎസ്എസിൽ നിന്ന് തെറ്റി പിരിഞ്ഞവരുടെ സംഘടനയായ ശിവജിസേനയും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഏതാനും പേരുടെ വീടുകളിലേക്ക് ബോംബേറും നടന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ബേംബേറിൽ സുധാകരന് പങ്കുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് സുധാകരനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് വരികയായിരുന്നു പൊലീസ് സംഘം. പൊലീസ് ജീപ്പ് തടഞ്ഞ സിപിഎം പ്രവർത്തകർ, സുധാകരനെ പൊലീസ് ജീപ്പിൽ നിന്ന് ബലമായി ഇറക്കി കൊണ്ടു പോകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com