യുവതിയെ തീകൊളുത്തി കൊന്ന സംഭവം; നാട്ടുകാരെ കുറ്റംപറയാന്‍ ആകില്ലെന്ന് പൊലീസ്

പ്രതിയെ രക്ഷപ്പെടാന്‍ നാട്ടുകാര്‍ സഹായിച്ചെന്ന വാദവും പൊലീസ് തളളി
യുവതിയെ തീകൊളുത്തി കൊന്ന സംഭവം; നാട്ടുകാരെ കുറ്റംപറയാന്‍ ആകില്ലെന്ന് പൊലീസ്

തൃശൂര്‍: വെളളിക്കുളങ്ങരയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് ഭര്‍ത്താവ് തീകൊളുത്തി കൊന്ന സംഭവത്തില്‍ നാട്ടുകാരെ കുറ്റംപറയാന്‍ കഴിയില്ലെന്ന് പൊലീസ്. പെട്രോള്‍ ഒഴിച്ച് നിമിഷങ്ങള്‍ക്കുളളില്‍ തീ ആളിക്കത്തി. പ്രതികരിക്കാനുളള സമയം ആര്‍ക്കും ലഭിച്ചില്ല. തീ അണയ്ക്കാന്‍ നാട്ടുകാര്‍ സഹായിച്ചെന്നും എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.

പ്രതിയെ രക്ഷപ്പെടാന്‍ നാട്ടുകാര്‍ സഹായിച്ചെന്ന വാദവും പൊലീസ് തളളി. പ്രതി വിരാജിനെ 24 മണിക്കൂറിനകം പിടികൂടുമെന്നും യതീഷ് ചന്ദ്ര അറിയിച്ചു. 

കഴിഞ്ഞ ദിവസം ജീതുവിന്റെ മരണത്തില്‍ നാട്ടുകാര്‍ക്കെതിരെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. മകള്‍ ജീതു അലറി വിളിച്ചിട്ടും ആരും രക്ഷിക്കാന്‍ എത്തിയില്ലെന്ന് അച്ഛന്‍ ജനാര്‍ദ്ദന്‍ പ്രതികരിച്ചു. മകള്‍ നിന്ന് കത്തുമ്പോള്‍ ആരും രക്ഷക്കെത്തിയില്ല.മകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ എല്ലാവരും നോക്കി നിന്നുവെന്ന ഗുരുതര ആരോപണവും ജനാര്‍ദ്ദന്‍ ഉന്നയിച്ചു. പൊളളലേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍ പോലും ആരും സഹായിച്ചില്ല. പ്രതി വിരാജിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നും ജനാര്‍ദ്ദന്‍ ആരോപിച്ചു

തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ കുടുംബശ്രീ യോഗത്തിന് എത്തിയപ്പോഴാണ് ഭര്‍ത്താവ് വിരാജ് ജീതുവിനെ ആക്രമിച്ചത്.പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് തടയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല എന്നാണ് നാട്ടുകാരുടെ വാദം. ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാരോ കുടുംബശ്രീ പ്രവര്‍ത്തകരോ തയ്യാറായില്ല എന്ന ആരോപണം അപ്പോഴേ ഉയര്‍ന്നിരുന്നു. ജീതുവിന്റെ പിതാവ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഓട്ടോയിലേക്ക് ജീതുവിനെ കയറ്റാന്‍ പോലും ആരും സഹായിച്ചില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.സംഭവത്തിന് ശേഷം ഭര്‍ത്താവ് ഒളിവിലാണ്.

ജീതുവിന് നേരെയുളള ആക്രമണം നടന്ന ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. ജീതുവും വിരാജും ഏറെ നാളായി വേര്‍പെട്ട് കഴിയുകയായിരുന്നു. കുടുംബശ്രീയില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിന് വേണ്ടിയാണ് ജീതു വെള്ളിക്കുളങ്ങരയിലെ വീട്ടില്‍ എത്തിയത്. ജീതു എത്തുന്നു എന്ന് മുന്‍കൂട്ടി മനസിലാക്കിയ വിരാജ് കാത്തുനിന്ന് ജീതുവിനുമേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com