എറണാകുളത്ത് സിപിഎമ്മിനെ ആര് നയിക്കും ? സിഎന്‍ മോഹനനോ.. ഗോപി കോട്ടമുറിക്കലോ.. ചര്‍ച്ചകള്‍ സജീവം

സിഎന്‍ മോഹനനെ ജില്ലാ സെക്രട്ടറിയാക്കിയാല്‍ ദിനേശ് മണിയെ ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്
എറണാകുളത്ത് സിപിഎമ്മിനെ ആര് നയിക്കും ? സിഎന്‍ മോഹനനോ.. ഗോപി കോട്ടമുറിക്കലോ.. ചര്‍ച്ചകള്‍ സജീവം

കൊച്ചി : എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയര്‍ത്തിയതോടെ, ജില്ലയിലെ പാര്‍ട്ടിയുടെ പുതിയ സെക്രട്ടറിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, മുന്‍ കൊച്ചി മേയര്‍ സി എം ദിനേശ് മണി തുടങ്ങിയവരുടെ പേരുകളാണ് സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നത്. സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ഉള്‍പ്പെട്ട നേതാക്കള്‍ ഇവര്‍ മൂന്നുപേരുമാണ് എന്നതും, ഔദ്യോഗിക പക്ഷത്തിന്റെ ജില്ലയിലെ കരുത്തരാണ് എന്നതും ഇവരുടെ പേരുകള്‍ക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു. 

എറണാകുളം ജില്ല വിഎസ് പക്ഷത്തിന്റെ കോട്ടയായിരുന്നപ്പോഴും, പിണറായി പക്ഷത്ത് നിലയുറപ്പിച്ച നേതാവാണ് സി എന്‍ മോഹനന്‍. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജില്ലയില്‍ ഏറെ സ്വീകാര്യനായ നേതാവ് കൂടിയാണ് സി എന്‍ മോഹനന്‍. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും സിഎന്‍ മോഹനനെ കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരുന്നു. 

തൃപ്പൂണിത്തുറയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സിഎന്‍ മോഹനനെയായിരുന്നു പിണറായി പക്ഷം മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ വിഭാഗീയത ശക്തമായ കാലത്ത് മോഹനന്റെ പേരിന് എതിര്‍പ്പുയരുകയായിരുന്നു. തുടര്‍ന്നാണ് സമവായ സ്ഥാനാര്‍ത്ഥിയായി പി രാജീവ് ജില്ലയുടെ പാര്‍ട്ടി അമരത്തെത്തുന്നത്. എന്നാല്‍ വിഭാഗീയത കെട്ടടങ്ങുകയും, വി എസ് പക്ഷം ജില്ലയില്‍ നാമാവശേഷമാകുകയും ചെയ്ത സാഹചര്യത്തില്‍ സിഎന്‍ മോഹനന്റെ സ്ഥാനാരോഹണത്തിന് കടുത്ത എതിര്‍പ്പുണ്ടാകില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. 

വിഭാഗീയതയുടെ ഇരയായി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്തുപോകേണ്ടി വന്ന നേതാവാണ് ഗോപി കോട്ടമുറിക്കല്‍. ഒളി ക്യാമറ വിവാദത്തെ തുടര്‍ന്നായിരുന്നു സെക്രട്ടറി സ്ഥാനം നഷ്ടമായത്. എന്നാല്‍ കുറ്റവിമുക്തനായി തിരിച്ചുവന്ന ഗോപി കോട്ടമുറിക്കലിനെ, സംസ്ഥാന സമ്മേളനത്തില്‍ ജില്ലയില്‍ നിന്നും പ്രതിനിധിയാക്കിയിരുന്നില്ല. എന്നാല്‍ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ട് ഗോപി കോട്ടമുറിക്കലിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് കൊണ്ടുവരികയായിരുന്നു. 

വിഭാഗീയത ഇല്ലാതായ സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ മൂന്നുടേമില്‍ അധികം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള വിലക്ക് ഗോപി കോട്ടമുറിക്കലിന് തിരിച്ചടിയായേക്കാം. ജില്ലയില്‍ നിന്നും സംസ്ഥാന കമ്മിറ്റി അംഗമായ സി എം ദിനേശ് മണിയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു നേതാവ്. നിലവില്‍ മറ്റ് യാതൊരു ചുമതലകളും അദ്ദേഹത്തിനില്ല. കൂടാതെ ഔദ്യോഗിക പക്ഷക്കാരനാണ് എന്നതും ദിനേശ് മണിയ്ക്ക് അനുകൂലമാണ്. സിഎന്‍ മോഹനനെ ജില്ലാ സെക്രട്ടറിയാക്കിയാല്‍ ദിനേശ് മണിയെ ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

ജില്ലയില്‍ കൊടുകുത്തി വാണ വിഭാഗീയത ഇല്ലാതാക്കിയതിന്റെ അംഗീകാരം കൂടിയാണ് പി രാജീവിന് സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള ഉയര്‍ത്തല്‍. അദ്ദേഹത്തെ ചാലക്കുടിയില്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വിഎസ് പക്ഷത്ത് നിലയുറപ്പിച്ചിരുന്ന എസ് ശര്‍മ്മ, കെ ചന്ദ്രന്‍പിള്ള തുടങ്ങിയ നേതാക്കളെ ആരെയും പരിഗണിക്കാന്‍ സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com