കൃത്രിമ ജനനനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ച് ചോദ്യവുമായി സീറോ മലബാര്‍ സഭ; സര്‍വേ വിവാദത്തില്‍

15 ചോദ്യങ്ങളുള്ള ചോദ്യാവലിയിലെ ഭൂരിഭാഗം ചോദ്യങ്ങളും ജനനനിയന്ത്രണത്തെ ആസ്പദമാക്കിയുള്ളതാണ്
കൃത്രിമ ജനനനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ച് ചോദ്യവുമായി സീറോ മലബാര്‍ സഭ; സര്‍വേ വിവാദത്തില്‍

കുടുംബ പഠന സര്‍വേയില്‍ ജനനനിയന്ത്രണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ സീറോ മലബാര്‍ സഭ വിവാദത്തില്‍. ചോദ്യാവലി സ്വകാര്യതയിലേക്ക് കടന്നു കയറുന്നതാണെന്നാണ് പ്രധാന ആരോപണം. സീറോ മലബാര്‍ സഭ കുടുംബപ്രേക്ഷിത കേന്ദ്രമാണ് സര്‍വേ നടത്തുന്നത്. 

15 ചോദ്യങ്ങളുള്ള ചോദ്യാവലിയിലെ ഭൂരിഭാഗം ചോദ്യങ്ങളും ജനനനിയന്ത്രണത്തെ ആസ്പദമാക്കിയുള്ളതാണ്. ഇതില്‍ നാലാമത്തെ ചോദ്യമാണ് ഏറ്റവും വിവാദമായിരിക്കുന്നത്.  നിങ്ങള്‍ കൃത്രിമ ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ ഉപയോഗിക്കാറുണ്ടോ എന്ന ചോദ്യത്തിന് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വന്ധ്യംകരണം, പ്രസവം നിര്‍ത്തല്‍ തുടങ്ങിയ സ്ഥിരമായ മാര്‍ഗങ്ങളാണോ അതോ ഉറ, ഗുളിക, മരുന്നുകള്‍ തുടങ്ങിയ താത്കാലിക മാര്‍ഗങ്ങളാണോ എന്ന് വ്യക്തമാക്കണം. 

കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നത് ദാമ്പത്യകുടുംബ കൂട്ടായ്മയെ വളര്‍ത്തുന്നു (ശരി/തെറ്റ്), കൃത്രിമജനനനിയന്ത്രണ മാര്‍ഗങ്ങളുടെ ഉപയോഗം ദാമ്പത്യവിശുദ്ധിയെയും വിശ്വസ്തതയെയും അപകടത്തിലാക്കുന്നു (ശരി/തെറ്റ്), കൃത്രിമ ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ വഴി കുട്ടികള്‍ക്ക് ജന്മം കൊടുക്കാതിരിക്കുന്നത് അനുഭവങ്ങളുടെ വെളിച്ചത്തില്‍ അനുഗ്രഹമായി കരുതുന്നുവോ (അതെ/അല്ല), മനുഷ്യജീവന്‍ ദൈവദാനമാകയാല്‍ ഗുണമോ എണ്ണമോ മാനദണ്ഡമാകരുത് (ശരി/തെറ്റ്), ദൈവാശ്രയബോധവും വിശ്വാസവും കുറയുമ്പോള്‍ ദമ്പതിമാര്‍ ദൈവികദൗത്യമായ സന്താനോത്പാദനത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നു (ശരി/തെറ്റ്), ഒരു കുഞ്ഞുകൂടി ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ടോ (ഉണ്ട്/ഇല്ല), സ്വാഭാവിക ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ സംബന്ധിച്ച ശരിയായ അറിവും പരിശീലനവും ദമ്പതിമാര്‍ക്ക് ഇന്ന് ലഭ്യമാണോ തുടങ്ങിയവയാണ് പ്രധാന ചോദ്യങ്ങള്‍.

ഇടുക്കിയിലെ 85 പള്ളികളില്‍ വിതരണം ചെയ്യുന്നതിനായി സീറോ മലബാര്‍ പ്രേക്ഷിതകേന്ദ്രം സെക്രട്ടറിയും ഇടുക്കി സെയിന്റ് ജോര്‍ജ് പള്ളി വികാരിയുമായ ഫാ. ജോസഫ് കൊല്ലക്കൊമ്പിവാണ് ചോദ്യാവലി പുറത്തിറക്കിയത്. എന്നാല്‍ ഇത് വിവാദമാക്കേണ്ടതില്ലെന്നാണ് ജോസഫ് കൊല്ലക്കൊമ്പില്‍ പറയുന്നത്. ഇത് സാമ്പിള്‍ സര്‍വേ മാത്രമാണെന്നും എല്ലാ രൂപതകളും സര്‍വേ നടത്തണോ എന്ന തീരുമാനിക്കേണ്ടത് സിനഡാണെന്നും ആദ്ദേഹം പറഞ്ഞു. വിതരണം ചെയ്ത പള്ളികളില്‍ ആരും എതിര്‍പ്പു പ്രകടിപ്പിച്ചില്ലെന്നാണ് ഫാദര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com