തച്ചങ്കരിക്കെതിരെ പരാതി പറയാനെത്തി ; മുഖ്യമന്ത്രി മുഖം തിരിച്ചപ്പോള്‍ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് മടങ്ങി

എം വി ജയരാജനെ പരാതി ബോധിപ്പിച്ച്, ഒടുവില്‍ സര്‍ക്കാരിന് അഭിവാദ്യവും അര്‍പ്പിച്ചാണ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) മടങ്ങിയത്
തച്ചങ്കരിക്കെതിരെ പരാതി പറയാനെത്തി ; മുഖ്യമന്ത്രി മുഖം തിരിച്ചപ്പോള്‍ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് മടങ്ങി

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ പുതിയ എംഡി ടോമിന്‍ തച്ചങ്കരി നടത്തുന്ന പരിഷ്‌കാരങ്ങളോടുള്ള എതിര്‍പ്പ് നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കാനുള്ള ഭരണപക്ഷ അനുകൂല സംഘടനയായ കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നീക്കം പാളി. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖം തിരിച്ചതോടെ, പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെ പരാതി ബോധിപ്പിച്ച്, ഒടുവില്‍ സര്‍ക്കാരിന് അഭിവാദ്യവും അര്‍പ്പിച്ചാണ് സിഐടിയു മടങ്ങിയത്.

യൂണിയന്‍ നേതാക്കള്‍ക്ക് പരാതി ഉള്ള കാര്യം ജയരാജന്‍ തച്ചങ്കരിയെ അറിയിച്ചപ്പോള്‍ കോര്‍പ്പറേഷനെ രക്ഷപ്പെടുത്താന്‍ കര്‍ശന നടപടി വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോര്‍പ്പറേഷനിലെ തച്ചങ്കരിയുടെ നീക്കങ്ങള്‍ക്ക്, മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി തോമസ് ഐസക്കിന്റെയും പിന്തുണയുണ്ട്. ഇത് മനസ്സിലാക്കിയ യൂണിയന്‍, കോര്‍പ്പറേഷനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടികളില്‍ അഭിവാദ്യം അര്‍പ്പിച്ച് മുഖം രക്ഷിക്കുകയായിരുന്നു. 

കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തിയ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിക്കുന്നതായി എംപ്ലോയീസ് അസോസിയേഷന്‍ വ്യക്തമാക്കി. സര്‍വീസ് ഓപ്പറേഷന്‍ കാര്യക്ഷമമാക്കിയും, സാമ്പത്തിക സഹായം അനുവദിച്ചും സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയതായി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ വ്യക്തമാക്കി. 

പെന്‍ഷന്‍ പ്രായം കൂട്ടണം. കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി കൂടൂതല്‍ ചെറുപ്പക്കാര്‍ക്ക് പിഎസ് സി വഴി ജോലി നല്‍കണം. കോര്‍പ്പറേഷന്‍ ബോഡി ബില്‍ഡിംഗ് പുനഃരാരംഭിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. അതേസമയം സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച അസോസിയേഷന്റെ പ്രസ്താവനയില്‍ എംഡിയെയോ, അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങളെയോ പറ്റി ഒന്നും പരാമര്‍ശിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com