ബുദ്ധിജീവികളുമായി കാരാട്ട് നടത്തിയ രഹസ്യകൂടിക്കാഴ്ച : സിപിഎമ്മിൽ പുതിയ വിവാദം ; പിബിയിൽ ചർച്ചയോ തീരുമാനമോ ഇല്ലാതെയെന്ന് യെച്ചൂരിപക്ഷം

By സമകാലിക മലയാളം ഡെസ്ക്  |   Published: 04th May 2018 07:38 AM  |  

Last Updated: 04th May 2018 07:38 AM  |   A+A-   |  

 

ന്യൂഡൽഹി : പാർട്ടി കോൺ​ഗ്രസിന് തൊട്ടു പിന്നാലെ സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് കോഴിക്കോട്ട് ബുദ്ധിജീവികളുമായി നടത്തിയ രഹസ്യകൂടിക്കാഴ്ച വിവാദത്തിൽ. ഹൈദരാബാദ് പാർട്ടി കോൺ​ഗ്രസ് അം​ഗീകരിച്ച രാഷ്ട്രീയ നയം വിശദീകരിക്കുകയായിരുന്നു രഹസ്യ കൂടിക്കാഴ്ചയുടെ ലക്ഷ്യം. കോൺഗ്രസുമായി ധാരണ എന്നതിന്റെ അർത്ഥമാണ് കാരാട്ട് കോഴിക്കോട്ട് പ്രധാനമായും വിശദീകരിച്ചതെന്നാണ് റിപ്പോർട്ട്. 

എന്നാൽ പൊളിറ്റ് ബ്യൂറോയിൽ ചർച്ചയോ തീരുമാനമോ ഇല്ലാതെ സ്വന്തം നിലയ്ക്കാണ് കാരാട്ട് കോഴിക്കോട്ട് നയവിശദീകരണം നടത്തിയതെന്നാണ് യെച്ചൂരി പക്ഷത്തിന്റെ വാദം. അത് അംഗീകരിക്കാനാവില്ല. കാൾ മാർക്സിന്റെ ഇരുനൂറാം ജന്മവാർഷിക പരിപാടികളുടെ ഭാഗമായി ലണ്ടനിൽ പ്രഭാഷണത്തിന് പോയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മടങ്ങിയെത്തിയാലുടനെ വിഷയം പിബിയിൽ ഉന്നയിക്കുമെന്നും യച്ചൂരിപക്ഷം വ്യക്തമാക്കി. 

കോഴിക്കോട്ട് ഒരു ഹോട്ടലിലാണ് കഴിഞ്ഞ ദിവസം അറുപതോളം പേരുമായി കാരാട്ട് കൂടിക്കാഴ്ച നടത്തിയത്. നയ വിശദീകരണത്തിനു പിന്നാലെ സദസിൽനിന്നുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. മുഖ്യശത്രുവിനെ നേരിടാൻ ഏതു ചെകുത്താനെയും കൂട്ടുപിടിക്കാമെന്ന ഇഎംഎസിന്റെ നിലപാടനുസരിച്ച് കോൺഗ്രസുമായി സഹകരിക്കുന്നതിൽ എന്താണ് തെറ്റെന്ന ചോദ്യത്തിന്, കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്നും ത്രിപുരയിൽ പാർട്ടി തോറ്റതിന്റെ കാരണം അവരാണെന്നുമായിരുന്നു കാരാട്ടിന്റെ മറുപടി. 

കോഴിക്കോട് മാത്രമല്ല, മറ്റു നഗരങ്ങളിലും ഇത്തരം കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെന്ന് കാരാട്ട് വ്യക്തമാക്കി. ജീവിതത്തിന്റെ നാനാതുറകളിലുമുള്ള, പാർട്ടിക്കാരല്ലാത്തവരുമായി ഇടപഴകാനുള്ള ശ്രമമാണ്. രാഷ്ട്രീയ നയം വിശദീകരിക്കാൻ മാത്രമല്ല, മറ്റെല്ലാ വിഷയങ്ങളും ചർച്ച ചെയ്യാനും പ്രതികരണമറിയാനുമാണ് ശ്രമിച്ചതെന്നും കാരാട്ട് വ്യക്തമാക്കി.