മറ്റിടങ്ങളിലെ പൊലീസ് രീതി ഇവിടെ സമ്മതിക്കില്ല; മൃദുഹിന്ദുത്വ ആരോപണത്തില്‍ വേവലാതിയില്ല : പിണറായി വിജയനുമായി അഭിമുഖം

ചില പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ചില നിയമനടപടികള്‍ വരും. അത് നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതിന്റെ ഭാഗമായിട്ടുള്ള കാര്യമാണ്
മറ്റിടങ്ങളിലെ പൊലീസ് രീതി ഇവിടെ സമ്മതിക്കില്ല; മൃദുഹിന്ദുത്വ ആരോപണത്തില്‍ വേവലാതിയില്ല : പിണറായി വിജയനുമായി അഭിമുഖം

തിരുവനന്തപുരം: മറ്റേതെങ്കിലും സംസ്ഥാനത്തെപ്പോലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ സമീപനം പുലര്‍ത്താന്‍ കേരളത്തിലെ പൊലീസുദ്യോഗസ്ഥര്‍ക്കു കഴിയില്ലെന്നും സര്‍ക്കാര്‍ അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. '' വര്‍ഗ്ഗീയ നിലപാടുകള്‍ക്കെതിരേ ശക്തമായ നടപടി എല്ലാക്കാലത്തും സ്വീകരിക്കുന്നവരാണ് ഞങ്ങളെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ആ പ്രചരണത്തില്‍ ഞങ്ങള്‍ വലിയ ഉത്കണ്ഠ കാണിക്കുന്നില്ല. മറ്റൊന്ന്, ചില പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ചില നിയമനടപടികള്‍ വരും. അത് നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതിന്റെ ഭാഗമായിട്ടുള്ള കാര്യമാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകുമ്പോഴും നമ്മുടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉണ്ടാകുന്നതുപോലെ ഇതൊരു ന്യൂനപക്ഷ വിഭാഗമാണ് എന്ന് കണ്ടുകൊണ്ട് അവര്‍ക്കെതിരേ നിലപാടെടുക്കുന്ന പൊലീസ് രീതിയൊന്നും ഇവിടെ സമ്മതിക്കില്ല. അതൊന്നും ഇവിടെ അനുവദിക്കില്ല. '' എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയായ ശേഷം ഒരു മലയാളം പ്രസിദ്ധീകരണത്തിനു പിണറായി നല്‍കുന്ന ആദ്യ അഭിമുഖമാണ് ഇത്. പൊലീസ്, ദേശീയപാത വികസനം, പ്രധാനമന്ത്രി കേരളത്തോട് സ്വീകരിക്കുന്ന നിഷേധാത്മക നിലപാട്, വികസന നയം, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി ഒരു ചോദ്യത്തില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയില്ല.
 
പ്രധാനമന്ത്രിയുടെ വിവേചനം

''കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ പൂര്‍ണമായും ഒരു കേന്ദ്ര ഗവണ്‍മെന്റിന്റെ റോളിലല്ല പ്രവര്‍ത്തിക്കുന്നത്. കടുത്ത രാഷ്ട്രീയ നിലപാടുകള്‍ അവരെടുത്തുകൊണ്ടിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാന നിലപാട് ഉണ്ടാകുന്നത് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നാണ്. പ്രധാനമന്ത്രിക്ക് ആര്‍എസ്എസ്സിന്റെ നിലപാട് അതേ രീതിയില്‍ ഈ സംസ്ഥാനത്ത് നടന്നുകാണണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ, ആ ആഗ്രഹം അതേപോലെ സ്വീകരിക്കാന്‍ കേരളം തയ്യാറല്ല.''


വികസനം

''ഏത് കാര്യമായാലും ചില പ്രശ്‌നങ്ങളൊക്കെ ഉയര്‍ന്നു വരുമല്ലോ. നമ്മുടെ നാടിന്റെ ഒരു പ്രത്യേക രീതിവച്ച് അതൊക്ക നമ്മള്‍ പ്രതീക്ഷിക്കണം. എല്ലാവരുടെയും മനസ്സില്‍ ഇത് നടക്കണമെന്നുണ്ട്. ഏത് അഭിപ്രായം പറയുന്നവരുടെ മനസ്സിലും ഈ കാര്യം നടക്കണം എന്നാണ്. അതാണ് ഏറ്റവും പോസിറ്റീവായ വശം. അതുവച്ചുകൊണ്ടുതന്നെ കാര്യങ്ങള്‍ നടത്തണമെന്നാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്.''

 
വര്‍ഗ്ഗീയ ശക്തികളുടെ സ്വാധീനം

''വര്‍ഗീയശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ള കരുത്താണ് കേരളത്തിന്റെ പ്രത്യേകതയ്ക്ക് ഇടയാക്കിയിട്ടുള്ളത്. അതിന്റെ ഭാഗമായി ഇടതുപക്ഷം കേരളത്തില്‍ ശക്തമാണ്. എല്ലാ ഘട്ടത്തിലും വര്‍ഗ്ഗീയതയ്‌ക്കെതിരേ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് തുടര്‍ന്നു വരികയുമാണ്. അതില്‍ ഒരു തരത്തിലുള്ള മയപ്പെടുത്തലും ഉണ്ടായിട്ടില്ല. ആ പ്രത്യേകത ശരിയായ രീതിയില്‍ത്തന്നെ തുടര്‍ന്നും പോകുന്നുണ്ട്. വര്‍ഗ്ഗീയ ശക്തികള്‍ മുമ്പെന്നത്തേക്കാള്‍ കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്നു. അതില്‍ വിജയം ഇതേവരെ ഉണ്ടായിട്ടില്ലെങ്കിലും ശ്രമം നല്ല രീതിയില്‍ നടക്കുന്നുണ്ട്. അതായത് കേന്ദ്ര ഗവണ്‍മെന്റിന്റെ സ്വാധീനം ഉപയോഗിച്ച് ചല വിഭാഗങ്ങളെ തങ്ങളോടൊപ്പം നിലനിര്‍ത്താന്‍ നല്ല സൗമനസ്യ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ചില ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ തന്നെ ചെന്നിട്ട് ചില പ്രലോഭനങ്ങള്‍ നടത്തുന്ന നില ഉണ്ട്. അത്തരം ശ്രമങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ അതിനൊന്നും വലിയ ഫലമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.''

ന്യൂനപക്ഷ രാഷ്ട്രീയക്കാരുടെ വേവലാതി

''ഇടതുപക്ഷത്തേക്ക് ന്യൂനപക്ഷങ്ങള്‍ നല്ലതുപോലെ ആകര്‍ഷിക്കപ്പെടുന്ന ഒരു നില കുറേക്കാലമായി ഉണ്ട്. ഇതിന് ഇപ്പോള്‍ വേഗത കൂടിയിരിക്കുകയാണ്. മാത്രമല്ല ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ സംഘടിത പാര്‍ട്ടി എന്ന് അവകാശപ്പെടുന്നവരുടെ സംഘടനാ കരുത്തങ്ങ് ചോര്‍ന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു. അത് അവര്‍ക്കുതന്നെ നേരിട്ട് അറിയാം. വല്ലാതെ തകര്‍ച്ച അവരെ ബാധിക്കുന്നുണ്ട് എന്ന്. ആ തകര്‍ച്ച ആളുകള്‍ ഇടതുപക്ഷത്തേക്ക് കൂടുതല്‍ ചായുന്നതിന്റെ ഭാഗമായി കാണുന്നതാണ്. ഇടതുപക്ഷത്തോടുള്ള ഒരു ആഭിമുഖ്യം വളര്‍ന്നു വരുന്നു. ഇത് ന്യൂനപക്ഷങ്ങളില്‍  ഉണ്ടാകുന്ന ഒരു പ്രത്യേകതയാണ്. ഈയൊരു സ്ഥിതി കേരളത്തില്‍ നിലനില്‍ക്കുന്നു. ഇതിനെ നേരിടാനുള്ള ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു എന്നത്. ഞങ്ങള്‍ക്ക് അതില്‍ ഒട്ടും വേവലാതി ഇല്ല. കാരണം, ഈ ഗവണ്‍മെന്റ് അത്തരമൊരു സമീപനം സ്വീകരിക്കുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ ആരും വീഴാന്‍ പോകുന്നില്ല. ''

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്

''കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഈ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ യുഡിഎഫ് ശിഥിലമാകും. തെരഞ്ഞെടുപ്പു കഴിഞ്ഞു, യുഡിഎഫ് പരാജയപ്പെട്ടു. പരാജയംകൊണ്ടു തീര്‍ന്നില്ല, പിന്നെ ശിഥിലമാകാനും തുടങ്ങി. ആദ്യം മാണി കേരള യുഡിഎഫ് വിട്ടു. പിന്നെ എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ ഡി യു  യുഡിഎഫ് വിട്ടു. ഇത് വലിയ തകര്‍ച്ചയാണ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഉണ്ടായിരിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു വരുന്നത്. ''

മുഖ്യമന്ത്രി പിണറായി വിജയനുമായി പി എസ് റംഷാദ് നടത്തിയ വിശദമായ സംഭാഷണം മലയാളം വാരികയുടെ പുതിയ ലക്കത്തില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com