സുരക്ഷാ അനുമതി ലഭിച്ചു; മദനി ഇന്ന് കേരളത്തിലെത്തും

ഭാര്യ സൂഫിയ മദനിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്
സുരക്ഷാ അനുമതി ലഭിച്ചു; മദനി ഇന്ന് കേരളത്തിലെത്തും

ബാംഗ്ലൂര്‍​; പ്രതിസന്ധികള്‍ക്കൊടുവില്‍ ബാംഗ്ലൂര്‍ പൊലീസ് സുരക്ഷാ അനുമതി നല്‍കിയതോടെ അബ്ദുള്‍ നാസര്‍ മദനിയുടെ ഇന്ന് കേരളത്തിലെത്തും. കോടതി യാത്രയ്ക്ക് അനുവാദം നല്‍കിയതിനെത്തുടര്‍ന്ന് ഇന്നലെ യാത്ര തിരിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാഅനുമതി ലഭിക്കാന്‍ വൈകിയതോടെ യാത്ര വെള്ളിയാഴ്ചത്തേക്ക് മാറ്റേണ്ടിവന്നു. പുലര്‍ച്ചെ  അഞ്ചുമണിയോടെ അദ്ദേഹം താമസിക്കുന്ന ബെന്‍സണ്‍ ടൗണിലെ വസതിയില്‍ നിന്ന് യാത്ര തിരിക്കും. റോഡ് മാര്‍ഗമാണ് മദനി കേരളത്തിലേക്ക് എത്തുക. 

സമയം ലാഭിക്കാന്‍ വിമാനമാര്‍ഗമുള്ള യാത്രക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ അനുഗമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കൈവശമുള്ള  ആയുധങ്ങള്‍ കൊണ്ടുപോകുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍മൂലം യാത്ര ഇനിയും വൈകാന്‍ സാധ്യത ഉള്ളതിനാലാണ് യാത്ര വാഹനത്തിലാക്കിയത്. ഭാര്യ സൂഫിയ മദനിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. സേലം, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ വഴിയാണ് കരുനാഗപ്പള്ളിയിലെത്തുക. 

പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്,  സെക്രട്ടറിമാരായ സലിബാബു, നൗഷാദ് തിക്കോടി എന്നിവരും മദനിക്കൊപ്പമുണ്ടാകും. കര്‍ണാടക പൊലീസിലെ ഇന്‍സ്‌പെക്റ്റര്‍മാരടക്കം അഞ്ച് ഉദ്യോഗസ്ഥരാണ് മദ്‌നിക്ക് സുരക്ഷ ഒരുക്കുന്നത്. നേരത്തേതന്നെ യാത്രാവിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍  സമര്‍പ്പിച്ചിട്ടും വ്യാഴാഴ്ച സുരക്ഷ ഉദ്യോഗസ്ഥരെ അയക്കാനാവില്ലെന്ന നിലപാടിലായിരുന്നു ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ടി. സുനില്‍കുമാര്‍. 

ഇന്നലെ മുതല്‍ മെയ് 11 വരെ കേരളത്തില്‍ തങ്ങാനുള്ള അനുമതിയാണ് മദനിക്ക് ലഭിച്ചിരുന്നത്. അര്‍ബുദ രോഗിയായ അമ്മയെ കാണുന്നതിന് വേണ്ടിയാണ് മദനിക്ക് എന്‍ഐഎ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com