അവാര്‍ഡ് നല്‍കിയത് അധികാരപ്പെട്ടയാള്‍; പുരസ്‌കാര വിതരണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കുമ്മനം

വളരെ സുതാര്യമായ അവാര്‍ഡ് പുരസ്‌ക്കാര ചടങ്ങിനെ പരിഹാസ്യമാം വിധം രാഷ്ട്രീയവല്‍ക്കരിച്ച കലാകാരന്‍മാരുടെ നടപടി സിനിമാ ലോകത്തിന് തന്നെ അപമാനകരമായി
അവാര്‍ഡ് നല്‍കിയത് അധികാരപ്പെട്ടയാള്‍; പുരസ്‌കാര വിതരണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കുമ്മനം

കൊച്ചി: ദേശീയ ചലചിത്ര പുരസ്‌കാര വിതരണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഏറ്റവും അധികം പുരസ്‌ക്കാരങ്ങള്‍ നേടിയ മലയാള സിനിമാ രംഗത്തുള്ളവരാണ് പുരസ്‌ക്കാര ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. രാഷ്ട്രപതി ഭവന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് മലയാളികളായ യേശുദാസും ജയരാജും ഉള്‍പ്പടെ പതിനൊന്ന് പേര്‍ക്ക് അവാര്‍ഡ് നല്‍കി. തുടര്‍ന്ന് രാഷ്ട്രപതിക്കു വേണ്ടി അവാര്‍ഡ് നല്‍കിയത് അധികാരപ്പെട്ടയാളായ സ്മൃതി ഇറാനിയാണെന്ന് കുമ്മനം പറഞ്ഞു.

ഇതിനു മുന്‍പും രാഷ്ട്രപതിയുടെ അസാന്നിദ്ധ്യത്തില്‍ അവാര്‍ഡ് ദാനം നടന്നിട്ടുണ്ട്. അന്നൊന്നും കലാകാരന്‍മാരോട് അവഗണനയോ വിവേചനമോ കാട്ടിയതായി ആരും പരാതിപ്പെട്ടില്ല. പ്രതിഷേധം ഇന്നുണ്ടാകുന്നതിന് മുന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്, രാഷ്ട്രീയ ഇടപെടലുകളുണ്ട്. ഇത് തെറ്റായ കീഴ്‌വഴക്കമായിരിക്കും സൃഷ്ടിക്കപ്പെടുയെന്നും കുമ്മനം പറഞ്ഞു. രാഷ്ട്രപതിയുടെ പ്രോട്ടോകോള്‍ തീരുമാനിക്കുന്നത് രാഷ്ട്രപതി ഭവനാണ്. അതില്‍ കേന്ദ്രഗവണ്‍മെന്റിനോ വാര്‍ത്താ വിതരണ വകുപ്പിനോ യാതൊരു പങ്കുമില്ല. രാജ്യത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതിയെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് കുമ്മനം ഫെയ്‌സ്ബുക്ക് പോസ്്റ്റില്‍ വ്യക്തമാക്കി

കുമ്മനത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

അവാര്‍ഡ് വിതരണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്.

അറുപത്തിയഞ്ച് വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചരിത്രത്തിന്റെ മഹത്തായ പാരമ്പര്യം വിസ്മരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി ചലച്ചിത്രപ്രേമികളില്‍ വേദനയുളവാക്കി. മുമ്പൊക്കെ അവാര്‍ഡ് നിര്‍ണ്ണയത്തെക്കുറിച്ച് പല പരാതികളും ഉയര്‍ന്നിരുന്നു. അവാര്‍ഡ് പുരസ്‌ക്കാര ചടങ്ങിന് ശേഷവും വിവാദങ്ങള്‍ കെട്ടടങ്ങിയിരുന്നില്ല. എന്നാല്‍ ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഒരു വിധ പരാതികളും ഉയര്‍ന്നിട്ടില്ല. അവാര്‍ഡുകള്‍ ബന്ധപ്പെട്ട മേഖലയിലെ അര്‍ഹതപ്പെട്ടവര്‍ക്കു തന്നെയാണ് ലഭിച്ചിട്ടുള്ളത്. യാതൊരു രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായിട്ടില്ല. ജൂറിമാരുടെ തീരുമാനങ്ങള്‍ അവസാന വിധിയായി അംഗീകരിക്കപ്പെട്ടു. വളരെ സുതാര്യമായ അവാര്‍ഡ് പുരസ്‌ക്കാര ചടങ്ങിനെ പരിഹാസ്യമാം വിധം രാഷ്ട്രീയവല്‍ക്കരിച്ച കലാകാരന്‍മാരുടെ നടപടി സിനിമാ ലോകത്തിന് തന്നെ അപമാനകരമായി. കലാകാരന്റെ വീക്ഷണവും രാഷ്ട്രീയക്കൂറും തന്റെ സൃഷ്ടികളില്‍ പ്രതിഫലിപ്പിക്കുന്നത് സര്‍ഗ്ഗാത്മകതയാണ്. എന്നാല്‍ അത് ചടങ്ങുകളിലേക്ക് സന്നിവേശിപ്പിക്കുന്നത് അല്‍പ്പത്തരമാണ്. 
രാമു കാര്യാട്ട്, അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, യേശുദാസ്, ജയരാജ്, തുടങ്ങി ലോകപ്രശസ്തരായ ഒട്ടേറെ കലാകാരന്‍മാരെ സംഭാവന ചെയ്തതാണ് മലയാള സിനിമ. ഏറ്റവും അധികം പുരസ്‌ക്കാരങ്ങള്‍ നേടിയ മലയാള സിനിമാ രംഗത്തുള്ളവരാണ് പുരസ്‌ക്കാര ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. രാഷ്ട്രപതി ഭവന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് മലയാളികളായ യേശുദാസും ജയരാജും ഉള്‍പ്പടെ പതിനൊന്ന് പേര്‍ക്ക് അവാര്‍ഡ് നല്‍കി. തുടര്‍ന്ന് രാഷ്ട്രപതിക്കു വേണ്ടി അവാര്‍ഡ് നല്‍കിയത് അധികാരപ്പെട്ടയാളായ സ്മൃതി ഇറാനിയാണ്. പ്രോട്ടോക്കോള്‍ അനുസരിച്ച് അതും ന്യായീകരിക്കപ്പെടുന്നതാണ്. ഇതിനു മുന്‍പും രാഷ്ട്രപതിയുടെ അസാന്നിദ്ധ്യത്തില്‍ അവാര്‍ഡ് ദാനം നടന്നിട്ടുണ്ട്. അന്നൊന്നും കലാകാരന്‍മാരോട് അവഗണനയോ വിവേചനമോ കാട്ടിയതായി ആരും പരാതിപ്പെട്ടില്ല. പ്രതിഷേധം ഇന്നുണ്ടാകുന്നതിന് മുന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്, രാഷ്ട്രീയ ഇടപെടലുകളുണ്ട്. ഇത് തെറ്റായ കീഴ്‌വഴക്കമായിരിക്കും സൃഷ്ടിക്കപ്പെടുക. 
രാഷ്ട്രപതിയുടെ പ്രോട്ടോകോള്‍ തീരുമാനിക്കുന്നത് രാഷ്ട്രപതി ഭവനാണ്. അതില്‍ കേന്ദ്രഗവണ്‍മെന്റിനോ വാര്‍ത്താ വിതരണ വകുപ്പിനോ യാതൊരു പങ്കുമില്ല. രാജ്യത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതിയെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത് .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com