പി മോഹനദാസിനെ സർക്കാരിന് മടുത്തു ; ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായേക്കും

ജൂണ്‍ ആദ്യംതന്നെ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി ചുമതലയേൽക്കുമെന്നാണ് സൂചന
പി മോഹനദാസിനെ സർക്കാരിന് മടുത്തു ; ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായേക്കും

തിരുവനന്തപുരം: രണ്ടു വർഷത്തിന് ശേഷം മനുഷ്യാവകാശ കമ്മീഷന് ചെയർമാൻ വരുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാകുമെന്നാണ് റിപ്പോർട്ട്. ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ നിയമിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ധാരണയിലെത്തി. മേയ് 30-നു ഹൈക്കോടതിയില്‍നിന്ന് വിരമിക്കുന്ന അദ്ദേഹം ജൂണ്‍ ആദ്യംതന്നെ കമ്മിഷന്‍ അധ്യക്ഷനായി ചുമതലയേൽക്കുമെന്നാണ് സൂചന. 

2016 ഓഗസ്റ്റില്‍ ജസ്റ്റിസ് ജെ ബി കോശി വിരമിച്ചശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്ഥിരം അധ്യക്ഷനില്ല. ജസ്റ്റിസ് പി. മോഹനദാസ് അന്നു മുതല്‍ ആക്ടിങ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്റെ പല നിലപാടുകളും തീരുമാനങ്ങളും സംസ്ഥാന സര്‍ക്കാരിന്നെ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് കമ്മീഷന് ഉടൻ ചെയർമാനെ നിയോ​ഗിക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാറെത്തിയത്.  

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ പ്രവര്‍ത്തിച്ചവരാകണം എന്നാണ് ചട്ടം.  മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ നിയമിച്ചാല്‍ ഭാഷാപ്രശ്‌നം ഉണ്ടാകുമെന്നതിനാൽ സ്ഥിരം അധ്യക്ഷനെ നിയമിക്കാതിരിക്കുകയായിരുന്നു.  കണ്ട് അത്തരം നിയമനം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഓഖി ദുരന്തത്തിലും വരാപ്പുഴ കസ്റ്റഡി മരണത്തിലും  വിദേശവനിതയുടെ ശവസംസ്‌കാരം നടത്തിയ സംഭവത്തിലും ജസ്റ്റിസ് പി മോഹനദാസിന്റെ ഉത്തരവുകൾ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. 

വരാപ്പുഴ കസ്റ്റഡി മരണത്തിൽ റൂറല്‍ എസ്പി എ വി ജോര്‍ജിനെ സ്ഥലം മാറ്റിയതിനെ ജസ്റ്റിസ് പി മോഹനദാസ് രൂക്ഷമായി വിമർശിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേ കമ്മിഷന്‍ ചെയര്‍മാന്‍ 'ആ പണി ചെയ്താല്‍ മതി'യെന്ന് മുഖ്യമന്ത്രിയും ഒരു രാഷ്ടീയക്കാരനെപ്പോലെ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

മനുഷ്യാവകാശ കമ്മിഷനില്‍ 2016-ലാണ് മുന്‍ ജില്ലാ ജഡ്ജിയായ ജസ്റ്റിസ് മോഹനദാസ്  ജുഡീഷ്യല്‍ അംഗമായി എത്തുന്നത്. പുതിയ ചെയര്‍മാന്‍ വരുന്നതോടെ ജസ്റ്റിസ് പി. മോഹനദാസ് ജുഡീഷ്യല്‍ അംഗമായി തുടരും. അദ്ദേഹത്തിന് 2022 വരെ കമ്മിഷനില്‍ തുടരാം. കെ. മോഹന്‍കുമാറാണ് നോണ്‍ ജുഡീഷ്യല്‍ അംഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com