വിദേശവനിതയുടെ കൊലപാതകം : ഉമേഷിന്റെയും ഉദയന്റെയും മൂന്ന് സുഹൃത്തുക്കൾ കൂടി കാട്ടിലെത്തി ?; പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്ന്

യുവതി ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ കോവളത്തെ റിസോര്‍ട്ടിലാണ് പ്രതികളെ ആദ്യം തെളിവെടുപ്പിന് എത്തിക്കുക
വിദേശവനിതയുടെ കൊലപാതകം : ഉമേഷിന്റെയും ഉദയന്റെയും മൂന്ന് സുഹൃത്തുക്കൾ കൂടി കാട്ടിലെത്തി ?; പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്ന്

തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കേസിൽ അറസ്റ്റിലായ പ്രതികൾ ഉമേഷിനെയും ഉദയനെയും വിവിധ സ്ഥലങ്ങളില്‍ എത്തിച്ചാണ് തെളിവുകള്‍ ശേഖരിക്കുക. വിശദമായ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി  പ്രതികളെ കോടതി 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുനൽകിയിരുന്നു.

യുവതി ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ കോവളത്തെ റിസോര്‍ട്ടിലാണ് പ്രതികളെ ആദ്യം തെളിവെടുപ്പിന് എത്തിക്കുക. അതിനുശേഷം പനത്തുറയിലെ ക്ഷേത്രപരിസരത്തും കല്യാണ മണ്ഡപത്തിലും ഫൈബര്‍ബോട്ടിലും പൊലീസ് തെളിവെടുക്കും. കേസിലെ നിര്‍ണ്ണായക തെളിവുകളായ വിദേശവനിതയുടെ ചെരുപ്പും വസ്ത്രവും ഉള്‍പ്പെടെയുള്ളവ കാണിച്ചുനൽകാമെന്ന പ്രതികള്‍ സമ്മതിച്ചതായി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ബലാല്‍സംഗത്തിന് ഇരയായ സ്ഥലം, എങ്ങനെയാണ് കൃത്യം നടത്തിയത്, കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട വഴി, മൃതദേഹം കെട്ടി തൂക്കിയതെങ്ങനെ തുടങ്ങിയ വിവരങ്ങളും ബന്ധപ്പെട്ട തെളിവുകളും പോലീസ് ശേഖരിക്കും.

വിദേശവനിതയുടെ മൃതദേഹം 37 ദിവസത്തോളം കണ്ടല്‍ക്കാട്ടില്‍ കിടന്നിരുന്നു. ഈ ദിവസങ്ങളില്‍ ഉമേഷിന്റെയും ഉദയന്റെയും സുഹൃത്തുക്കളായ മൂന്ന് പേര്‍ കൂടി ഈ കാട്ടിലെത്തിയതായി പൊലീസ് സംശയിക്കുന്നു. അവര്‍ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രതികളായ ഉമേഷും ഉദയനും ഇതിന് മുന്‍പും ഇതേ കാട്ടിലെത്തിച്ച് സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

വിദേശ വനിതയുടെ കൊലപാതകക്കേസില്‍ പ്രതികളെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 17 വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുളളത്. അതേ സമയം ഏപ്രില്‍ 25ന് കസ്റ്റഡിയില്‍ എടുത്ത ശേഷം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പ്രതി ഉമേഷ് മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നല്‍കിയിരുന്നു.  തുടർന്ന് പ്രതികള്‍ക്ക് വൈദ്യസഹായം നല്‍കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com