പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിയ്ക്ക് ആലോചന ; കമ്മീഷണര്‍ പദവി ഐജി റാങ്കിലേക്ക് ഉയര്‍ത്തിയേക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2018 10:13 AM  |  

Last Updated: 06th May 2018 10:13 AM  |   A+A-   |  

 

തിരുവനന്തപുരം ;  സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിയ്ക്ക് സാധ്യത. പൊലീസ് കമ്മീഷണറുടെ പദവി ഐജി റാങ്കിലേക്ക് ഉയര്‍ത്താനാണ് ആലോചന. കൂടാതെ നിലവിലുള്ള ക്രമസമാധാന ചുമതലയുള്ള മേഖലാ എഡിജിപിമാരുടെ തസ്തിക നിര്‍ത്തലാക്കാനും ആലോചനയുണ്ട്. ഇവര്‍ക്ക് പകരം അഞ്ച് റേഞ്ചുകളിലും ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനും, മോല്‍നോട്ടത്തിനായി പൊലീസ് ആസ്ഥാനത്ത് ക്രമസമാധാന ചുമതലയുള്ള ഒരു എഡിജിപിയെയും നിയമിക്കാനാണ് പദ്ധതി. 

മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയാണ് ഈ പരിഷ്‌കാരത്തിന് പിന്നില്‍. ശ്രീവാസ്തവയുടെ നിര്‍ദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തര വകുപ്പിന് കൈമാറി. പുതിയ നിര്‍ദേശ പ്രകാരം കമ്മീഷണര്‍ പദവി ഐജി റാങ്കിലേക്ക് ഉയര്‍ത്തിയേക്കും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷമാകും നിര്‍ദേശത്തില്‍ തീരുമാനം ഉണ്ടാകുകയുള്ളൂ. 

നിലവില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ റേഞ്ച് ഐജിമാരും ഉത്തര, ദക്ഷിണ മേഖലാ എഡിജിപിമാരുമാണ് ക്രമസമാധാന ചുമതല വഹിക്കുന്നത്. ഉത്തരമേഖലയില്‍ രാജേഷ് ദിവാനെ നിയമിക്കേണ്ടി വന്നപ്പോള്‍ എഡിജിപി തസ്തിക ഡിജിപി തസ്തികയായി ഉയര്‍ത്തി. ഫലത്തില്‍ ഉത്തരമേഖലയിലെ ക്രമസമാധാനം രണ്ട് ഡിജിപിമാര്‍ നിര്‍വഹിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി. ഏപ്രില്‍ 30 ന് രാജേഷ് ദിവാന്‍ വിരമിച്ചതോടെ ഉത്തരമേഖലയില്‍ പുതിയ എഡിജിപിയെ സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. പകരം ദക്ഷിണ മേഖല എഡിജിപിക്ക് അധിക ചുമതല നല്‍കുക മാത്രമാണ് ചെയ്തത്. 

എഡിജിപി തസ്തികയിലെ ഒഴിവ് നികത്താത്തത് പുതിയ പരിഷ്‌കാരത്തിന് വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പുതിയ നിര്‍ദേശത്തില്‍ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരില്‍ കടുത്ത അതൃപ്തിയുള്ളതായി സൂചനയുണ്ട്. എഡിജിപി, ഡിജിപി റാങ്കില്‍ ഇരുപതിലേറെ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. പുതിയ നിര്‍ദേശം നടപ്പിലായാല്‍ ഇവരില്‍ ഒരാള്‍ക്കു മാത്രമേ ഭാവിയില്‍ ക്രമസമാധാന ചുമതലയുള്ള തസ്തിക വഹിക്കാന്‍ കഴിയൂ. അതു സര്‍ക്കാരിന്റെ അതീവ വിശ്വസ്തനായിരിക്കും. ഇതാണ് ഐപിഎസുകാര്‍ക്കിടയില്‍ അതൃപ്തിയ്ക്ക് വഴിവെച്ചത്. 

നേരത്തേ ഉത്തരമേഖലയിലും ദക്ഷിണ മേഖലയിലും ഐജിമാരായിരുന്നു ക്രമസമാധാനം നിയന്ത്രിച്ചിരുന്നത്. എന്നാല്‍ വി എസ് അച്യുതനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് മേഖല അടിസ്ഥാനത്തില്‍ എഡിജിപിമാരെ നിയമിച്ചത്.