പാചകക്കാരൻ സദ്യയെത്തിച്ചില്ല ; വധുവിന്റെ മാതാപിതാക്കള്‍ ബോധരഹിതരായി

കരാറുകാരനിൽ നിന്ന്  പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് പനങ്ങാട് പോലീസില്‍ പരാതി നല്‍കി
പാചകക്കാരൻ സദ്യയെത്തിച്ചില്ല ; വധുവിന്റെ മാതാപിതാക്കള്‍ ബോധരഹിതരായി

കൊച്ചി : കല്യാണത്തിന് സദ്യ എത്തിക്കാമെന്ന് ഏറ്റിരുന്ന പാചകക്കാരന്‍ മുങ്ങിയതോടെ കല്യാണ വീട്ടുകാര്‍ വെട്ടിലായി. പനങ്ങാട് വി.എം. ഭജന ഹാളിലായിരുന്നു കല്യാണ സൽക്കാരം ഒരുക്കിയിരുന്നത്. പനങ്ങാട് നിന്നുള്ള വധുവും എഴുപുന്നയില്‍ നിന്നുള്ള വരനും കടവന്ത്രയിലെ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞ് വീട്ടുകാരോടൊപ്പം രാവിലെ തന്നെ ഹാളിലെത്തി.

പതിനൊന്ന് മണി കഴിഞ്ഞിട്ടും ഭക്ഷണമെത്താതെ വന്നപ്പോള്‍ ഏതാനുംപേർ വിവരം അന്വേഷിച്ച് കാറ്ററിങ് സെന്ററിലെത്തി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് കരാറുകാരൻ മുങ്ങിയതാണെന്ന്. പനങ്ങാട് മുണ്ടേമ്പിള്ളി തയ്യത്തുശ്ശേരി സൈജുവായിരുന്നു പെണ്‍ വീട്ടുകാരില്‍ നിന്നും അന്‍പതിനായിരം രൂപ മുന്‍കൂര്‍ വാങ്ങി സദ്യ ഏറ്റെടുത്തത്. 

കാറ്ററിങ് കരാറുകാരന്റെ പനങ്ങാടുള്ള സഹായികളെ ബന്ധപ്പെട്ടപ്പോള്‍ തലേന്ന് രാത്രി പച്ചക്കറികള്‍ അരിഞ്ഞ് വയ്ക്കാന്‍ പറഞ്ഞതല്ലാതെ വേറെ നിര്‍ദേശമൊന്നും ലഭിച്ചില്ലെന്ന് അറിയിച്ചു. വിവരം അറിഞ്ഞതോടെ വധുവിന്റെ മാതാപിതാക്കൾ ബോധരഹിതരായി. 

വിഷയത്തിൽ ഇടപെട്ട പനങ്ങാട് സെന്‍ട്രല്‍ റസി. അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സമീപത്തെ ഹോട്ടലുകള്‍, കാറ്ററിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നും കിട്ടാവുന്ന ഭക്ഷണം ശേഖരിച്ച് ഹാളിലെത്തിച്ചു. മട്ടാഞ്ചേരിയിലെ ഹോട്ടലില്‍ നിന്നും ചിക്കന്‍ ബിരിയാണിയും കൊണ്ടുവന്നു. 

വരന്റെ പാര്‍ട്ടിക്ക് മരടിലെ സ്റ്റാര്‍ ഹോട്ടലില്‍ നിന്നും വെജിറ്റബിൾ സദ്യയും ഏര്‍പ്പാടാക്കി. വിവാഹസൽക്കാരത്തിന് ശേഷം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കരാറുകാരനിൽ നിന്ന്  പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് പനങ്ങാട് പോലീസില്‍ പരാതിയും നല്‍കി.  വരന്റെ വീട്ടുകാരുടെ സഹകരണം ഏറെ ആശ്വാസമായതായി റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com