ആട്ടിറച്ചി ക്രിമിനല്‍ മനോഭാവം വളര്‍ത്തുന്നുവെന്ന് ജയിൽ ഡിജിപി ; ശുപാര്‍ശ പരിഗണിക്കാതെ സര്‍ക്കാര്‍

ക്രിമിനല്‍ മാനസികാവസ്ഥയുള്ള ഭൂരിഭാഗം തടവുകാര്‍ക്കും അധികം കൊഴുപ്പ് അകത്തു ചെല്ലുന്നത് ക്രിമിനല്‍ സ്വഭാവം കൂട്ടുമെന്നാണ് ഡിജിപിയുടെ വാദം
ആട്ടിറച്ചി ക്രിമിനല്‍ മനോഭാവം വളര്‍ത്തുന്നുവെന്ന് ജയിൽ ഡിജിപി ; ശുപാര്‍ശ പരിഗണിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ ഭക്ഷണ മെനുവില്‍നിന്ന് ആട്ടിറച്ചി മാറ്റണമെന്ന് ജയിൽ ഡിജിപി ആർ ശ്രീലേഖ. ഇക്കാര്യം ആവശ്യപ്പെട്ട് ജയിൽ ഡിജിപി സർക്കാരിന് കത്ത് നൽകി. ക്രിമിനല്‍ മാനസികാവസ്ഥയുള്ള ഭൂരിഭാഗം തടവുകാര്‍ക്കും അധികം കൊഴുപ്പ് അകത്തു ചെല്ലുന്നത് ക്രിമിനല്‍ സ്വഭാവം കൂട്ടുമെന്നാണ് ഡിജിപിയുടെ വാദം. 

ഇറച്ചി കൊടുക്കുന്നത് തടവുകാരുടെ ക്രിമിനല്‍ മനോഭാവത്തെ വര്‍ധിപ്പിക്കുമെന്ന് വിദേശത്ത് പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ജയിലുകളില്‍ ഇറച്ചി നല്‍കുന്നില്ല. ഇവിടെ ഇറച്ചി നല്‍കുന്നതിലൂടെ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന്  ചെലവാകുന്നത്. ജയിലുകളിലെ ഭീമമായ ഭക്ഷണച്ചെലവ് കുറയ്ക്കുക കൂടി ലക്ഷ്യമിട്ടാണ് ആട്ടിറച്ചി ഒഴിവാക്കണമെന്ന ശുപാര്‍ശ ഏതാനും ദിവസം മുമ്പ് ഡിജിപി സര്‍ക്കാരിന് നല്‍കിയത്.

ആഴ്ചയില്‍ രണ്ടുദിവസം മീനും ഒരു ദിവസം ആട്ടിറച്ചിയുമാണ് ജയിലുകളില്‍ ഇപ്പോള്‍ നല്‍കുന്ന സസ്യേതരഭക്ഷണം. 140 ഗ്രാം മീനും 100 ഗ്രാം ആട്ടിറച്ചിയുമാണ് നല്‍കുന്നത്. ഒരു തടവുകാരന് ഏകദേശം 150 ഗ്രാം മട്ടണ്‍ കറി കിട്ടും. ഒരു കിലോ ആട്ടിറച്ചിക്ക് 500 മുതല്‍ 650 രൂപവരെ വിലയുണ്ട്. ആട്ടിറച്ചിക്കു പകരം കോഴിയിറച്ചിയാക്കാമെന്നും ശുപാര്‍ശയുണ്ട്. കോഴിയിറച്ചിക്ക് വില കുറവാണ്. മുട്ട കൊടുത്താലും മതിയാകുമെന്നും ഉന്നത ജയിലുദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

തടവുകാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഏറ്റവും കൂടുതല്‍ പണം ചെലവിടുന്ന സംസ്ഥാനമാണ് കേരളം. ഭൂരിഭാഗം സംസ്ഥാനങ്ങളിലും സസ്യാഹാരമാണ് തടവുകാർക്ക് നല്‍കുന്നത്. ഇതിന് താരതമ്യേന ചെലവും കുറവാണ്. ഇവിടങ്ങളിലൊക്കെ ജയില്‍വകുപ്പുതന്നെയാണ് വിവിധ ജോലികളില്‍ക്കൂടി ഭക്ഷണത്തിന് പണം കണ്ടെത്തുന്നത്. മിക്ക സംസ്ഥാനങ്ങളിലും ജയിലുകളില്‍ രാവിലെ ചായയല്ലാതെ പ്രഭാതഭക്ഷണംപോലും നല്‍കാറില്ലെന്ന് ഈ ജയിലുകള്‍ സന്ദര്‍ശിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ ഡിജിപിയെ അറിയിച്ചിരുന്നു.

അതേസമയം ജയിലുകളിൽ ആട്ടിറച്ചി വേണ്ടെന്ന ജയിൽഡിജിപിയുടെ ശുപാർശ പരി​ഗണിക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. ജയിലിലെ മെനുവില്‍നിന്ന് ആട്ടിറച്ചി മാറ്റുന്നത് സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കാനാവില്ല. പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് പഠനം നടത്തിയിട്ടൊക്കെ ചെയ്യുന്നതാണ് അതിന്റെ രീതിയെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ വ്യക്തമാക്കിയത്. അതേസമയം ആട്ടിറച്ചി ഒഴിവാക്കണമെന്ന ശുപാര്‍ശയിൽ സര്‍ക്കാര്‍ തീരുമാനം കാക്കുകയാണ്. ഇതുസംബന്ധിച്ച് വീണ്ടും സർക്കാരിന് കത്ത് നൽകുമെന്ന് ജയിൽ ഡിജിപി ആർ ശ്രീലേഖ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com