കളിക്കുന്നതിനിടെ കുട്ടി കിണറ്റില്‍ വീണു, അമ്മ പിറകെ ചാടി; ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു 

40 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് കുട്ടി വീണത്. കിണറ്റിലേക്കെടുത്തു ചാടിയപ്പോള്‍ പരിക്കു പറ്റിയെങ്കിലും അമ്മ വെള്ളത്തില്‍ ഒരുമണിക്കൂറോളം കുട്ടിയെ ഉയര്‍ത്തിപ്പിടിച്ചു നിന്നു
കളിക്കുന്നതിനിടെ കുട്ടി കിണറ്റില്‍ വീണു, അമ്മ പിറകെ ചാടി; ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു 

മുറ്റത്തു കളിക്കുന്നതിനിടെ എട്ടു വയസ്സുകാരന്‍ കാലുതെറ്റി കിണറ്റില്‍ വീണതിന് പിന്നാലെ അമ്മയും കിണറ്റിലേക്ക് ചാടി. മൂവാറ്റുപുഴയിലാണ് സംഭവം. 40 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് കുട്ടി വീണത്. കിണറ്റിലേക്കെടുത്തു ചാടിയപ്പോള്‍ പരിക്കു പറ്റിയെങ്കിലും അമ്മ വെള്ളത്തില്‍ ഒരുമണിക്കൂറോളം കുട്ടിയെ ഉയര്‍ത്തിപ്പിടിച്ചു നിന്നു. 

മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ സംഘമെത്തിയാണ് അമ്മയെയും മകനെയും കിണറ്റില്‍ നിന്ന് കരയ്ക്കുകയറ്റിയത്. മൂവാറ്റുപുഴ കാലാമ്പൂര്‍ സിദ്ധന്‍പടി കുന്നക്കാട്ടു മല കോളനിയിലുള്ള തുണ്ടിയില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ മിനിയും (40) മകന്‍ അലനു (എട്ട്) മാണ് കിണറ്റില്‍ വീണത്. കിണറിന് ആള്‍മറയുണ്ടെങ്കിലും കുട്ടി കാല്‍ വഴുതി മറിഞ്ഞു വീഴുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മ ഉടന്‍തന്നെ പിന്നാലെ ചാടി.

ഇരുവരും കിണറ്റില്‍ വീണതറിഞ്ഞ് ഓടികൂടിയ നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് എത്തുന്നതിന്‍ മുമ്പേ ഏണികള്‍ കൂട്ടികെട്ടി കിണറ്റിലേക്കിട്ട് അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനുള്ള ശ്രമം നാട്ടുകാര്‍ നടത്തിയിരുന്നു. ഫയര്‍ഫോഴ്‌സെത്തി കിണറ്റിലേക്ക് വലയിട്ടുനല്‍കി ഇരുവരെയും രക്ഷിക്കുകയായിരുന്നു. മിനിയുടെ അരയ്‌ക്കൊപ്പം വെള്ളമെ കിണറ്റില്‍ ഉണ്ടായിരുന്നുള്ളു എന്നത് കൂടുതല്‍ അപകടം ഒഴിവാക്കി. ചെറിയ പരിക്കുകളുള്ള ഇരുവരെയും  മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com