പിഞ്ചുകുട്ടികളോടുപോലും ദയയില്ലാതെ പൊലീസ്; ആശുപത്രി വരാന്തയില്‍ ഒന്‍പതുമാസമുള്ള ഇരട്ടകളെ തനിച്ചാക്കി അമ്മയെ ജയിലിലടച്ചു 

കവര്‍ച്ചക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത കോയമ്പത്തൂര്‍ സ്വദേശിനി ജയ(23)യെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒന്‍പതുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുള്ള കാര്യം പൊലീസ് മറച്ചുവെച്ചു
പിഞ്ചുകുട്ടികളോടുപോലും ദയയില്ലാതെ പൊലീസ്; ആശുപത്രി വരാന്തയില്‍ ഒന്‍പതുമാസമുള്ള ഇരട്ടകളെ തനിച്ചാക്കി അമ്മയെ ജയിലിലടച്ചു 

കോഴിക്കോട്: കവര്‍ച്ചക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത കോയമ്പത്തൂര്‍ സ്വദേശിനി ജയ(23)യെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒന്‍പതുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുള്ള കാര്യം പൊലീസ് മറച്ചുവെച്ചു. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ സ്ത്രീയെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു. കുട്ടികളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയായിരുന്നു ജയയെ കസ്റ്റഡിയിലെടുത്തത്. വിരമിച്ച അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടില്‍ മൂന്നുവര്‍ഷം മുന്‍പ് കവര്‍ച്ച നടത്തിയെന്നതാണ് കുറ്റം. 

കഫക്കെട്ടും പനിയും രൂക്ഷമായതിനാല്‍ തിരൂര്‍ ഗവ. ആശുപത്രിയില്‍ കുഞ്ഞുങ്ങളെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടയിലാണ് ജയയെ അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് പൊലീസാണ് അറസ്റ്റ് നടത്തിയത്. 'മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷന്‍, കോഴിക്കോട്, 04952357691' എന്നെഴുതിയ ഒരു കുറിപ്പുമാത്രമാണ് പൊലീസ് കുട്ടികളുടെ അച്ഛന്‍ മാണിക്യത്തെ(35) ഏല്‍പിച്ചത്. ഭാര്യയെ അന്വേഷിച്ച് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രണ്ട് കുട്ടികളുമായി കരഞ്ഞുകൊണ്ട് ഇരിക്കുന്ന മാണിക്യത്തെ കണ്ട് റെയില്‍വേ സ്‌റ്റേഷനിലെ ചുമട്ട് തൊഴിലാളികളും യാത്രയ്ക്ക് സ്‌റ്റേഷനില്‍ എത്തിയവരുമാണ് ഇവരെകുറിച്ചുള്ള വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. 

 മാണിക്യത്തെയും കുട്ടികളെയും  റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സിലെ കോണ്‍സ്റ്റബിള്‍ ആര്‍പിഎഫ്. സ്‌റ്റേഷനിലേക്ക്കൂട്ടിക്കൊണ്ടുപോയി. ഇവിടെനിന്ന് മെഡിക്കല്‍ കോളേജ് പൊലീസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തിരക്കിയതോടെയാണ് യുവതിയെ പോലീസ് അറസ്റ്റുചെയ്ത വിവരം അറിയുന്നത്. ആര്‍പിഎഫ് അധികൃതര്‍ മെഡിക്കല്‍ കോളേജ് പൊലീസുമായി ബന്ധപ്പെട്ട് കുട്ടികളെ ഉടന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മക്കളായ കാര്‍ത്തിക, കാര്‍ത്തിക് എന്നിവരെ സിറ്റി വനിതാ പൊലീസ് ഏറ്റുവാങ്ങി ശിശുസംരക്ഷണ കേന്ദ്രത്തിലാക്കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളെയും അച്ഛനെയും കോഴിക്കോട് സെയ്ന്റ് വിന്‍സെന്റ് ഹോമിലേക്കു മാറ്റി.

സംഭവം വാര്‍ത്തയായതോടെ അമ്മയ്‌ക്കൊപ്പം രണ്ട് കുട്ടികളുണ്ടെന്ന വിവരം ചൊവ്വാഴ്ച കോടതിയെ രേഖാമൂലം അറിയിക്കാനുള്ള ശ്രമം പൊലീസ്  തുടങ്ങിയിരുന്നു. അറസ്റ്റിനിടയില്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അമ്മയെ അറസ്റ്റുചെയ്തു ജയിലിലടച്ചതെന്നുകാണിച്ച് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ സിറ്റി പൊലീസ് ചീഫിന് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് വിവരം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഗുരുതരമായ നിയമലംഘനം നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com