രാജകുടുംബത്തിന് എതിർപ്പ് ; പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി പ്രദര്‍ശന വസ്തുവായേക്കില്ല

നിലപാടില്‍  ഇപ്പോഴും മാറ്റമില്ല. ശ്രീപദ്മനാഭന്റെ സ്വത്തുക്കള്‍ സൂക്ഷിക്കേണ്ടത് ക്ഷേത്രത്തിനുള്ളില്‍ തന്നെയാണെന്ന് രാജകുടുംബാംഗങ്ങള്‍
രാജകുടുംബത്തിന് എതിർപ്പ് ; പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി പ്രദര്‍ശന വസ്തുവായേക്കില്ല

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി പ്രദര്‍ശന വസ്തുവാക്കിയേക്കില്ല. അമൂല്യനിധി ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനെ രാജകുടുംബാം​ഗങ്ങൾ എതിർക്കുന്നതാണ്, പ്രദർശനത്തിനുള്ള നീക്കത്തിന് പ്രതിസന്ധിയായത്. ക്ഷേത്ര സ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകുന്നത് നേരത്തെ തന്നെ രാജകുടുംബം എതിര്‍ത്തിരുന്നു. ഇക്കാര്യം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിക്കുകയും ചെയ്തിരുന്നു. ഈ നിലപാടില്‍  ഇപ്പോഴും മാറ്റമില്ല. ശ്രീപദ്മനാഭന്റെ സ്വത്തുക്കള്‍ സൂക്ഷിക്കേണ്ടത് ക്ഷേത്രത്തിനുള്ളില്‍ തന്നെയാണെന്നും രാജകുടുംബാംഗങ്ങള്‍ വ്യക്തമാക്കി. 

രാജകുടുംബവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മഹാനിധി പ്രദര്‍ശിപ്പിക്കില്ലെന്ന് മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പകരം നിധി ശേഖരത്തിന്റെ ത്രിഡി രൂപങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിനോട് രാജകുടുംബത്തിനും സമ്മതമായിരുന്നു. പരിശോധനയുടെ ഭാഗമായി ശേഖരത്തിന്റെ ത്രിമാന ചിത്രങ്ങൾ അടക്കം പകര്‍ത്തിയിരുന്നു. ചിത്രമ്യൂസിയം സ്ഥാപിച്ചാലും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടാകും. സുരക്ഷാ പ്രശ്‌നങ്ങളിലും ക്ഷേത്ര ആചാരങ്ങളിലും തടസ്സമുണ്ടാകില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അന്താരാഷ്ട്ര മ്യൂസിയം സംബന്ധിച്ച സർക്കാർ നിർദേശം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് അന്തിമനിര്‍ദേശം നല്‍കേണ്ടത്. അതിനിടെയാണ് നിധി ക്ഷേത്രത്തിന് പുറത്ത് പ്രദർശിപ്പിക്കാനുള്ള നീക്കം സജീവമായത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ട്രിവാന്‍ഡ്രം സിറ്റി കണക്ട്, ട്രിവാന്‍ഡ്രം അജന്‍ഡ ടാസ്‌ക് ഫോഴ്‌സ്, കോണ്‍ഫെഡറഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തിലാണ് നിധി പ്രദര്‍ശനം സംബന്ധിച്ച കരടുപദ്ധതിക്ക് രൂപംനല്‍കിയത്. ഇവർ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരുമായി ഇക്കാര്യം ചർച്ച നടത്തിയിരുന്നു. 

പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം തന്നെ പ്രദര്‍ശനശാലയൊരുക്കാമെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ലോകത്തു ലഭ്യമായ ഏറ്റവും ശാസ്ത്രീയമായ സുരക്ഷ ഒരുക്കുന്നതുള്‍പ്പെടെ 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകരില്‍ നിന്നു മാത്രം പ്രതിവര്‍ഷം 50 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നുമാണ് വിലയിരുത്തൽ. ക്ഷേത്രത്തിലെ പ്രധാന നിലവറകളില്‍ 'എ' നിലവറ മാത്രമാണ് തുറന്നു പരിശോധിച്ചിട്ടുള്ളത്. 'ബി' നിലവറ തുറന്നു പരിശോധിക്കാന്‍ സുപ്രീംകോടതി ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com