അരിപ്പൊടി വില്ലനായി, പരിശോധനയില്‍ കണ്ടത് നൈട്രോ ഗ്ലിസറിന്‍, യുവാവിന്റെ ദുബൈ യാത്ര മുടങ്ങി

അരിപ്പൊടി വില്ലനായി, പരിശോധനയില്‍ കണ്ടത് നൈട്രോ ഗ്ലിസറിന്‍, യുവാവിന്റെ ദുബൈ യാത്ര മുടങ്ങി
karipur
karipur

കൊണ്ടോട്ടി: നവര അരിപ്പൊടി വില്ലനായതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവാവിന്റെ യാത്ര മുടങ്ങി. സുരക്ഷാ പരിശോധനയില്‍ നവര അരിപ്പൊടിയില്‍ സ്‌ഫോടക വസ്തു നിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈട്രോ ഗ്ലിസറിന്‍ കണ്ടെത്തിയതാണ് യുവാവിനു വിനയായത്. 

തിങ്കളാഴ്ച രാത്രി ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്ന എടക്കര സ്വദേശിയാണ് സുരക്ഷാ പരിശോധനയില്‍ കുടുക്കിയത്. സിഐഎസ്എഫിന്റെ പരിശോധനയില്‍ ഇയാളുടെ ബാഗേജില്‍ സ്‌ഫോടകവസ്തു നിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈട്രോ ഗ്ലിസറിനുണ്ടെന്നാണ് രേഖപ്പെടുത്തിയത്. ബാജേജിലുള്ളത് കുട്ടികള്‍ക്ക് നല്‍കുന്ന നവര അരിപ്പൊടിയാണെന്ന് വിശദീകരിച്ചെങ്കിലും മൂന്നു സ്‌കാനറുകളിലും നൈട്രോ ഗ്ലിസറിന്‍ കണ്ടെത്തിയതോടെ അധികൃതര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. 

ഡോഗ് സ്‌ക്വാഡ് പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാളെ കരിപ്പൂര്‍ പൊലീസിന് കൈമാറിയതായി വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് അറിയിച്ചു. തുടര്‍ന്ന് പൊലീസിന്റെ ബോംബ് സ്‌ക്വാഡ് മലപ്പുറത്ത് നിന്നെത്തി നടത്തിയ പരിശോധനയിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

പൊടി വിശദ പരിശോധനക്ക് ലാബിലേക്ക് അയച്ചു. മൂന്ന് പാക്കറ്റുകളില്‍ ഒന്നിലേതിലാണ് സംശയം തോന്നിയത്. സംശയകര സാധനങ്ങള്‍ കണ്ടെത്തിയതിന് യുവാവിനെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു. യുവാവ് ബുധനാഴ്ച ദുബൈയിലേക്ക് പുറപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com