കുപ്പിവെള്ള മാഫിയ വിജയിച്ചു ; എ ഷൈനമോളെ വാട്ടര്‍ അതോറിട്ടി എം ഡി സ്ഥാനത്ത് നിന്നും മാറ്റി

ചരക്കുസേവന നികുതി വകുപ്പില്‍ അഡീഷണല്‍ കമ്മീഷണറായാണ് ഷൈനമോളെ മാറ്റി നിയമിച്ചത്
കുപ്പിവെള്ള മാഫിയ വിജയിച്ചു ; എ ഷൈനമോളെ വാട്ടര്‍ അതോറിട്ടി എം ഡി സ്ഥാനത്ത് നിന്നും മാറ്റി

തിരുവനന്തപുരം : കുപ്പിവെള്ള പ്ലാന്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ വാട്ടര്‍ അതോറിട്ടി എംഡി എ ഷൈനമോളെ സ്ഥലംമാറ്റി. ചരക്കുസേവന നികുതി വകുപ്പില്‍ അഡീഷണല്‍ കമ്മീഷണറായാണ് മാറ്റി നിയമിച്ചത്. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് ഷൈനമോളെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്. 

അരുവിക്കരയിലെ പ്ലാന്റില്‍ നിന്നും പത്തുരൂപയ്ക്ക് കുപ്പിവെള്ളം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന പദ്ധതിയെ ചൊല്ലിയായിരുന്നു വിവാദം. പ്ലാന്റിന്റെ നിര്‍മ്മാണം 90 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. ഇതിനിടെ വിഷയത്തില്‍ ഇടപെട്ട അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് വാട്ടര്‍ അതോറിട്ടി കുപ്പിവെള്ളം പോലുള്ള കാര്യങ്ങളില്‍ ശ്രദ്ധിച്ച് സമയം പാഴാക്കേണ്ടെന്ന് വാട്ടര്‍ അതോറിട്ടി എംഡി ഷൈനമോള്‍ക്ക് നിര്‍ദേശം നല്‍കി. 

കുപ്പിവെള്ളം പോലുള്ള കാര്യങ്ങളില്‍ വാട്ടര്‍ അതോറിട്ടി ശ്രദ്ധിക്കേണ്ട. അതിന് ധാരാളം കമ്പനികള്‍ ഉണ്ട്. പകരം വാട്ടര്‍ അതോറിട്ടി ജലവിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാനും ടോം ജോസ് ഷൈനമോളെ അറിയിച്ചു. എന്നാല്‍ ടോം ജോസിന്റെ നിര്‍ദേശത്തിനെതിരെ ഷൈനമോള്‍ രംഗത്തുവന്നു. ഇതേത്തുടര്‍ന്ന് ടോംജോസ് ഷൈനമോള്‍ക്കെതിരെ സര്‍ക്കാരിന് പരാതി നല്‍കുകയായിരുന്നു. 

വന്‍കിട കുപ്പിവെള്ള കമ്പനികളെ സഹായിക്കാനാണ് ടോം ജോസിന്റെ ഇടപെടലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജലവിഭവ സെക്രട്ടറി ടിങ്കുബിശ്വാള്‍ രണ്ടു മാസത്തെ അവധിയില്‍ പോയപ്പോഴാണ് ടോം ജോസിന് താല്‍ക്കാലികമായി ജലവിഭവ വകുപ്പിന്റെ അധിക ചുമതല നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com