ആര്‍എസ്എസ്-സിപിഎം അക്രമങ്ങള്‍ : 500 ലേറെ പേര്‍ക്കെതിരെ കേസ് ; പുതുച്ചേരി ഡിജിപി മാഹിയിലേക്ക്

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്
ആര്‍എസ്എസ്-സിപിഎം അക്രമങ്ങള്‍ : 500 ലേറെ പേര്‍ക്കെതിരെ കേസ് ; പുതുച്ചേരി ഡിജിപി മാഹിയിലേക്ക്

കണ്ണൂര്‍ : മാഹിയിലെ കൊലപാതകങ്ങളില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫോണ്‍ രേഖകള്‍, ഇതുവഴി കടന്നുപോയ വാഹനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവ അടക്കം പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. അതേസമയം സിപിഎം നേതാവ് ബാബു വധക്കേസില്‍ സംശയിക്കുന്ന നാലുപേരുടെ പേരുകള്‍ സിപിഎം തന്നെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 

കൊലപാതകങ്ങളില്‍ ഒരെണ്ണം കേരള പൊലീസും മറ്റൊന്ന് മാഹി പൊലീസുമാണ് നിലവില്‍ അന്വേഷിക്കുന്നത്. കേസന്വേഷണ പുരോഗതി വിലയിരുത്താന്‍ പുതുച്ചേരി ഡിജിപി സുനില്‍കുമാര്‍ ഗൗതവും സീനിയര്‍ പൊലീസ് സൂപ്രണ്ടും ഇന്ന് ഉച്ചയോടെ മാഹിയിലെത്തും. ഒരേ കാരണങ്ങളിലുള്ള രണ്ട് കൊലപാതകങ്ങള്‍ വ്യത്യസ്തമായി അന്വേഷിക്കുന്നത് അന്വേഷണത്തെ ബാധിക്കാതിരിക്കാനും, കേസിന്റെ ഏകോപനവും അടക്കമുളള കാര്യങ്ങള്‍ ചര്‍ച്ചയാകും. അന്വേഷണത്തില്‍ പുതുച്ചേരി സര്‍ക്കാരുമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. 

അതിനിടെ മാഹിയില്‍ ഇന്നലെ ഉണ്ടായ അക്രമങ്ങളില്‍ അഞ്ഞൂറിലേറെ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. ബിജെപി ഓഫീസും പൊലീസ് ജീപ്പും കത്തിച്ച സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. 

അതിനിടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ ഇന്ന് പുതുച്ചേരി ഗവര്‍ണറെ കാണും. പുതുച്ചേരിയിലെയും മാഹിയിലെയും ബിജെപി നേതാക്കളാണ് ഗവര്‍ണര്‍ കിരണ്‍ബേദിയെ കാണുന്നത്. സിപിഎം നേതാവ് ബാബുവിന്റെ കൊലപാതകത്തില്‍, പരാതിയില്‍ പറയുന്നവര്‍ കൃത്യത്തില്‍ പങ്കെടുത്തവരാണോ എന്ന് സംശയമുണ്ടെന്നാണ് ബിജെപി നേതാക്കളുടെ വാദം. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com