ഇരട്ട കൊലപാതകം : കണ്ണൂരില്‍ ഇന്ന് സിപിഎം - ബിജെപി സമാധാന ചര്‍ച്ച 

വൈകിട്ട് നാലിനാണ് യോ​ഗം. ജില്ലാ കലക്ടറാണു ഇരുവിഭാഗം നേതാക്കളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്
ഇരട്ട കൊലപാതകം : കണ്ണൂരില്‍ ഇന്ന് സിപിഎം - ബിജെപി സമാധാന ചര്‍ച്ച 

കണ്ണൂർ∙ പുതുച്ചേരിയിലും കണ്ണൂരിലുമായി നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് സിപിഎം-ബിജെപി സമാധാന ചര്‍ച്ച നടക്കും. വൈകിട്ട് നാലിനാണ് യോ​ഗം. ജില്ലാ കലക്ടറാണു ഇരുവിഭാഗം നേതാക്കളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.  സിപിഎം നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു, ഓട്ടോറിക്ഷ ഡ്രൈവറും ബിജെപി പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ യുസി ഷമേജ്  എന്നിവരാണ്  തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്.

പള്ളൂര്‍ കൊയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിനുസമീപം രാത്രി ഒന്‍പതരയോടെയാണ് ബാബുവിന് വെട്ടേറ്റത്. ബാബു വീട്ടിലേക്ക് പോകുംവഴി ഒരുസംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇതിനു തിരിച്ചടിയായി അരമണിക്കൂറിനകം ഷമേജിന് വെട്ടേറ്റു. കൊലപാതകങ്ങളെ തുടര്‍ന്ന് മാഹിയിലും പരിസര പ്രദേശങ്ങളിലും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ബാബുവിന്റെ മരണം പുതുച്ചേരി പൊലീസും ഷമേജിന്റെ മരണം കേരള പൊലീസുമാണ് അന്വേഷിക്കുന്നത്. 

രണ്ടു കേസുകളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംശയിക്കുന്ന ആളുകളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികള്‍ മറ്റു ജില്ലകളിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ കടന്നിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. ഷമേജ് വധക്കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അന്വേഷണം നടക്കുന്നതോടൊപ്പം കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സമാധാന ചര്‍ച്ച.

അതിനിടെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവര്‍ണര്‍ പി സദാശിവം വിശദീകരണം തേടിയിരുന്നു. കൊലപാതകത്തിന് പിന്നാലെ മാഹിയിലും പരിസരങ്ങളിലും അക്രമം കലാപത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com