എആര്‍ റഹ്മാന്റെ പരിപാടിയുടെ മറവില്‍ വയല്‍ നികത്തലെന്ന് ആക്ഷേപം, മുഖ്യമന്ത്രിക്കു പരാതി

എആര്‍ റഹ്മാന്റെ പരിപാടിയുടെ മറവില്‍ വയല്‍ നികത്തലെന്ന് ആക്ഷേപം, മുഖ്യമന്ത്രിക്കു പരാതി
എആര്‍ റഹ്മാന്റെ പരിപാടിയുടെ മറവില്‍ വയല്‍ നികത്തലെന്ന് ആക്ഷേപം, മുഖ്യമന്ത്രിക്കു പരാതി

കൊച്ചി: എആര്‍ റഹ്മാന്റെ സംഗീത പരിപാടിയുടെ മറവില്‍ വയല്‍ നികത്തലും പുറമ്പോക്കു കൈയേറലും നടക്കുന്നതായി പരാതി. ഇരുമ്പനത്ത് 26 ഏക്കര്‍ പാട ശേഖരം പരിപാടിയുടെ മറവില്‍ നികത്തുന്നതയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചോറ്റാനിക്കര സ്വദേശി രംഗത്തുവന്നു. 

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ചാനലാണ് ഈ മാസം 12 ന് വൈകിട്ട് എ ആര്‍ റഹ്മാന്‍ സംഗീത നിശ സംഘടിപ്പിച്ചിട്ടുള്ളത്. ഈ സംഗീത നിശയുടെ മറവില്‍ കണയന്നൂര്‍ താലൂക്ക് തിരുവാങ്കുളം വില്ലേജിലെ 184/34, 184/21,184/22, 184/23, 184/24, 184/25, 184/31, 185/1, 185/2, 185/3,185/4,185/5, 185/17 തുടങ്ങിയ റീ സര്‍വ്വേ നമ്പറുകളിലുള്ള സ്ഥലം നികത്തുന്നതായാണ് പരാതി. 

ഏറെക്കാലമായി നികത്തല്‍ വിവാദത്തിലും കേസിലും ഉള്‍പ്പെട്ട ഭൂമിയാണിത്. പാടശേഖരം നികത്തുന്നതോടപ്പം പുറമ്പോക്ക് കൈയേറ്റം നടക്കുന്നതായും ആറ് മീറ്റര്‍ വീതിയില്‍ ഒരു കിലോമീറ്ററോളം തോട് ഇല്ലാതാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജെസിബി, ട്രാക്റ്റര്‍ തുടങ്ങിയവ ഉപോയോഗിച്ചാണ് നികത്തല്‍. 

റഹ്മാന്റെ പരിപാടി മുന്‍പ് എറണാകുളത്തെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ സ്ഥലത്ത് നടത്താനായിരുന്നു ആലോചിച്ചിരുന്നത്. പിന്നീട് ഇവിടേക്കു മാറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാടശേഖരം നികത്തി കരഭൂമിയാക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. 

മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പാടശേഖരം നികത്തുന്നത് നിര്‍ത്തിവയ്പ്പിക്കണമെന്നും നികത്തിയ ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കണെമെന്നും കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കണെമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 2 നാണ് ചോറ്റാനിക്കര സ്വദേശി ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രി , റവന്യൂ മന്ത്രി, കൃഷി മന്ത്രി, ചീഫ് സെക്രട്ടറി, വിജിലന്‍സ് ഡയറക്റ്റര്‍, ജില്ലാ കലക്റ്റര്‍ എന്നിവര്‍ക്കു രേഖാമൂലം പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com