സത്യസായി ബാബയുടെ പേരില്‍ തട്ടിപ്പ്; വയോധികയുടെ കോടികള്‍ വിലമതിക്കുന്ന സ്ഥലം കൈവശപ്പെടുത്തിയതായി പരാതി

സത്യസായി ബാബയുടെ പേരില്‍ തട്ടിപ്പ്; വയോധികയുടെ കോടികള്‍ വിലമതിക്കുന്ന സ്ഥലം കൈവശപ്പെടുത്തിയതായി പരാതി
സത്യസായി ബാബയുടെ പേരില്‍ തട്ടിപ്പ്; വയോധികയുടെ കോടികള്‍ വിലമതിക്കുന്ന സ്ഥലം കൈവശപ്പെടുത്തിയതായി പരാതി

കൊച്ചി: സത്യസായി ബാബയുടെ പേരില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി പ്രൊഫസര്‍ തട്ടിയെടുത്തതായി പരാതി. എണ്‍പത്തിയേഴു വയസുള്ള വിധവയാണ്, സായിബാബയോടു തനിക്കുള്ള ഭക്തി ചൂഷണം ചെയ്ത് ഭൂമി തട്ടിയെടുത്തതായ പരാതിയുമായി വനിതാ കമ്മിഷനെ സമീപിച്ചത്. 

ആലുവ ഹൈറോഡില്‍ അമ്പിയാറ്റിപ്പറമ്പില്‍ സതി അമ്മയുടെ നാലു കോടിയോളം വില വരുന്ന 12 സെന്റ് സ്ഥലം പ്രഫസര്‍ തട്ടിയെടുത്തെന്നാണ് പതാതി. വനിതാ കമ്മിഷന്‍ മെഗാ അദാലത്തിലാണ് സതി അമ്മ പരാതിയുമായി വന്നത്. 

സതി അമ്മ നേരത്തെ സത്യസായി ബാബയെ നേരില്‍ കണ്ട് തന്റെ ഭൂമി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിന് സമയമായിട്ടില്ലെന്നറിയിച്ച് സത്യസായി ബാബ മടക്കുകയായിരുന്നു. എന്നാല്‍ ഈ വിവരം അറിഞ്ഞ, ആലുവയില്‍ താമസിക്കുന്ന പ്രൊഫസര്‍, സത്യസായി ബാബ പറഞ്ഞിട്ടു വന്നതാണെന്ന് അറിയിച്ച് ഭൂമി രജിസ്‌ട്രേഷന്‍ ചെയ്ത് എടുക്കുകയായിരുന്നുവെന്ന സതി അമ്മ പറയുന്നു. 

സഹോദരങ്ങള്‍ക്ക് അമ്പതിനായിരം രൂപ വീതം നല്‍കണം, തനിക്ക് മാസം പതിനായിരം രൂപ ചെലവിനു നല്‍കണം, മരണം വരെ സ്ഥലത്ത് താമസിക്കാന്‍ അനുവദിക്കണം എന്നീ നിബന്ധനകളാണ് സിതി അമ്മ മുന്നോട്ടുവച്ചത്. സ്വത്ത് സത്യസായി ബാബയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രമാണം ചെയ്യണമെന്നും പറഞ്ഞിരുന്നു. ഇതൊന്നും നടന്നില്ലെന്നു മാത്രമല്ല, ഇപ്പോള്‍ തന്നെ സ്വന്തം ഭൂമിയില്‍നിന്ന് ഒഴിപ്പിക്കാന്‍ ശ്രമം നടക്കുകയാണെന്നും അവര്‍ പറയുന്നു. ഒരു പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ പേരിലാണ് പ്രഫസര്‍ സ്ഥലം കൈവശപ്പെടുത്തിയത്. ഇവിടെ മൂന്നുനില കെട്ടിടം പണിയുകയും ചെയ്തു. 2006 മുതല്‍ ഈ പബ്ലിക്കേഷന്‍ സൊസൈറ്റി നിലവില്ല. 

കെട്ടിടത്തിന്റെ ഒരു മൂലയിലാണ് സതി അമ്മ താമസിക്കുന്നത്. ഭര്‍ത്താവിന്റെ മരണശേഷം തനിച്ച് താമസിക്കുന്ന സതി അമ്മയ്ക്ക് രണ്ടു സഹോദരന്മാരാണ് സഹായത്തിനുള്ളത്. രാവിലെയും വൈകീട്ടും കെട്ടിടത്തില്‍ സായി ഭക്തിഗാനങ്ങള്‍ ഉച്ചത്തില്‍ വയ്ക്കുകയാണ്. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാതെ സതി അമ്മയുടെ കുടിവെള്ളം മുടക്കുന്ന രീതിയുമുണ്ട്. ചില ദിവസങ്ങളില്‍ മോട്ടോര്‍ ഓഫാക്കാതെ പോകുകയും ചെയ്യും.

തന്റെ മരണശേഷം സ്വത്ത്, തട്ടിപ്പ് നടത്തിയ ആള്‍ സ്വന്തമാക്കുമെന്നാണ് സതി അമ്മ പറയുന്നത്. സ്ഥലം തനിക്ക് തിരിച്ചുവേണ്ട, പക്ഷേ സത്യസായി ബാബയുടെ യഥാര്‍ഥ ട്രസ്റ്റ് ഇത് ഏറ്റെടുക്കണമെന്നാണ് സതി അമ്മയുടെ ആവശ്യം. 

സതി അമ്മയെ കബളിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. കേസ് ഫയലില്‍ സ്വീകരിച്ച കമ്മിഷന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com