സിപിഎം നേതാവിന്റെ കൊലപാതകത്തിന് പൊലീസിന്റെ ഒത്താശ; പുതിയ സംഘം അന്വേഷിക്കണമെന്ന് കോടിയേരി

 പോലീസിന്റെ തണലില്‍ മാഹിയില്‍ ആര്‍എസ്എസ് സൈ്വര്യവിഹാരം നടത്തുകയാണ്. ഇവരെ സഹായിക്കുന്ന നിരവധി പോലീസുകാര്‍ സേനയിലുണ്ട്
സിപിഎം നേതാവിന്റെ കൊലപാതകത്തിന് പൊലീസിന്റെ ഒത്താശ; പുതിയ സംഘം അന്വേഷിക്കണമെന്ന് കോടിയേരി

മാഹി: മാഹിയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം പോണ്ടിച്ചേരി പോലീസിന്റെ ഒത്താശയോടെയാണ് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ നിലവിലെ മാഹി സര്‍ക്കിളിനെ ഉള്‍പ്പെടെ സ്ഥലംമാറ്റി പുതിയ അന്വേഷണസംഘത്തെ നിയമിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി. കൂറെ നാളുകളായി ബാബുവിന് വധഭീഷണിയുണ്ടായിരുന്നു. എന്നാല്‍, ഈ ഭീഷണികള്‍ പോലീസ് അവഗണിക്കുകയായിരുന്നു.  പോലീസിന്റെ തണലില്‍ മാഹിയില്‍ ആര്‍എസ്എസ് സൈ്വര്യവിഹാരം നടത്തുകയാണ്. ഇവരെ സഹായിക്കുന്ന നിരവധി പോലീസുകാര്‍ സേനയിലുണ്ട്. അതുകൊണ്ടാണ് കേസില്‍ പ്രതിയായവര്‍ മാഹിയില്‍ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിന് കഴിയാത്തതെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന പുതുച്ചേരിയില്‍ ആര്‍എസ്എസിന് ഇത്തരത്തില്‍ ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസ് മൗനസമ്മതം നല്‍കുകയാണ്. ബാബുവിന്റെ കൊലപാതകം പാര്‍ട്ടിയുടെ വളര്‍ച്ച തടയാനാണെന്നും കോടിയേരി പറഞ്ഞു.  കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ഗൂഢാലോചന നടന്നിട്ടുണ്ട്.  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൂത്തുപറമ്പ് വെച്ച് ആര്‍എസ്എസിന്റെ ഒരു പരിശീലനം നടന്നിരുന്നു. അതിലെ തീരുമാനം അനുസരിച്ചാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പൈശാചകമായ കൊലപാതകങ്ങള്‍ നടത്താന്‍ ആര്‍എസ്എസിന് മാത്രമേ സാധിക്കുവെന്നും അവര്‍ അവലംബിക്കുന്ന കൊലപാതക രീതിയിലാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com