കൊലക്കേസ് പ്രതി കോഴിയെ രക്ഷിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ് മരിച്ചു

കോഴിയുമായി തിരിച്ച് കയറുന്നതിനിടെ മുകളിലെത്തിയപ്പോള്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.
കൊലക്കേസ് പ്രതി കോഴിയെ രക്ഷിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ് മരിച്ചു

ഉദുമ: കോഴിയെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ കയറില്‍നിന്നു പിടിവിട്ട യുവാവ് കിണറ്റില്‍ വീണു മരിച്ചു. ഉദുമയില്‍ സിപിഎം പ്രവര്‍ത്തകന്‍ എംബി ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മാങ്ങാട് ആര്യടുക്കത്തെ പ്രജിത്ത് (കുട്ടാപ്പി 28) ആണു മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുക്കാന്‍ കിണറ്റില്‍ ഇറങ്ങിയതായിരുന്നു പ്രജിത്ത്. കോഴിയുമായി തിരിച്ച് കയറുന്നതിനിടെ മുകളിലെത്തിയപ്പോള്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.

കിണറ്റിനുള്ളില്‍ വീണ പ്രജിത്തിനെ രക്ഷിക്കാന്‍ മൂന്ന് പേര്‍ കിണറ്റിലിറങ്ങിയിരുന്നു. എന്നാല്‍ 40 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നിന്നും ഇവര്‍ക്ക് പ്രജിത്തിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോടുനിന്നു ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തിയ പ്രജിത്തിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 

നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയില്‍  പ്രജിത്തിന് തലയ്ക്കും നടുവിനും പരിക്കേറ്റിരുന്നു. ശ്വാസംമുട്ട് ഉള്ളതിനാലാണ് പ്രജിത്ത് പിടിവിട്ട് വീണതെന്ന് കരുതുന്നു. അതേസമയം പ്രജിത്തിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ മൂന്ന് പേരെയും അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥരാണ് പുറത്തെത്തിച്ചത്.

2013 സെപ്റ്റംബര്‍ 16 ന് തിരുവോണ നാളിലായിരുന്നു സിപിഎം പ്രവര്‍ത്തകനായ മാങ്ങാട് ബാലകൃഷ്ണനെ കൊലപ്പെടുത്തിയത്. മരണ വീട്ടില്‍ പോയി സ്‌കൂട്ടറില്‍ മടങ്ങിവരുമ്പോഴാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com