പ്രതിപക്ഷത്തെ വെല്ലുവിളിച്ച് സജി ചെറിയാന്‍; ഒരു രൂപയുടെയെങ്കിലും സ്വത്ത് അധികം കണ്ടെത്താന്‍ കഴിഞ്ഞാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കും

സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയതിനേക്കാള്‍ ഒരു രൂപയുടെയെങ്കിലും സ്വത്ത് അധികം കണ്ടെത്താന്‍ കഴിഞ്ഞാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് സജി ചെറിയാന്‍
പ്രതിപക്ഷത്തെ വെല്ലുവിളിച്ച് സജി ചെറിയാന്‍; ഒരു രൂപയുടെയെങ്കിലും സ്വത്ത് അധികം കണ്ടെത്താന്‍ കഴിഞ്ഞാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കും

ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സാമ്പത്തിക കാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന പ്രതിപക്ഷ ആരോപണത്തെ വെല്ലുവിളിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയതിനേക്കാള്‍ ഒരു രൂപയുടെയെങ്കിലും സ്വത്ത് അധികം കണ്ടെത്താന്‍ കഴിഞ്ഞാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് സജി ചെറിയാന്‍ വെല്ലുവിളിച്ചു. ആരോപണങ്ങള്‍ ശരിയെന്ന് തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറും. പാര്‍ട്ടിയുടെ സ്വത്ത് തന്റെ സ്വത്തായി വ്യാഖ്യാനിച്ചാണ് പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുന്നതെന്നും സജി ചെറിയാന്‍ ആരോപിച്ചു. 

നേരത്തെ സത്യവാങ്മൂലത്തിനെതിരെ ബിജെപിയും യുഡിഎഫും ഉന്നയിച്ച വാദങ്ങള്‍ തളളി സജി ചെറിയാന്റെ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചിരുന്നു. ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പത്രിക സ്വീകരിക്കാതിരിക്കാന്‍ കാരണമായതല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വരണാധികാരിയുടെ നടപടി. 

സജി ചെറിയാന്‍ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച് യഥാര്‍ത്ഥ വസ്തുത രേഖപ്പെടുത്തിയിട്ടില്ലെന്നും, സ്വത്ത് സംബന്ധിച്ച് മറച്ചുവെച്ചിട്ടുണ്ടെന്നുമായിരുന്നു ആരോപണം. കൂടാതെ സജി ചെറിയാന്റെ ആലപ്പുഴയിലെ സ്വത്തുക്കളുടെ മൂല്യം കുറച്ചാണ് കാണിച്ചിട്ടുള്ളതെന്നും യുഡിഎഫും ബിജെപിയും പരാതിയില്‍ ഉന്നയിച്ചിരുന്നു.

സജി ചെറിയാന്റെ 17 ആധാരങ്ങളുടെ കാര്യം മറച്ചുവെച്ചു, സജി ചെറിയാന്‍ ചെയര്‍മാനായ കരുണ ട്രസ്റ്റിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ല തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ എ കെ ഷാജിയാണ് ആരോപണവുമായി ആദ്യം രംഗത്തുവന്നത്. തുടര്‍ന്ന് ബിജെപിയും യുഡിഎഫും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കുകയായിരുന്നു.

കൂടാതെ സജി ചെറിയാന്‍ നാല് ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നും ഇക്കാര്യവും പത്രികയില്‍ നിന്ന് മറച്ചുവെച്ചതായും ആക്ഷേപം ഉന്നയിച്ചിരുന്നു. ചെങ്ങന്നൂരില്‍ സജി ചെറിയാനെ കൂടാതെ, യുഡിഎഫിന്റെ ഡി വിജയകുമാറും, ബിജെപിയുടെ പി എസ് ശ്രീധരന്‍പിള്ളയുമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com