വന്യമൃ​ഗശല്യം കുറയ്ക്കാൻ വച്ച കേബിളിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു 

വന്യമൃ​ഗശല്യം കുറയ്ക്കാൻ വച്ച കേബിളിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു 
വന്യമൃ​ഗശല്യം കുറയ്ക്കാൻ വച്ച കേബിളിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു 

കൊച്ചി: വന്യമൃ​ഗങ്ങളുടെ ശല്യം കുറയ്ക്കാൻ സ്ഥാപിച്ച കേബിളിൽ കുടുങ്ങി പുള്ളിപ്പലി ചത്തു. മലയാറ്റൂർ കണ്ണിമംഗലത്ത് സ്വകാര്യ വ്യകതിയുടെ പറമ്പിലെ കേബിളിലാണ് പുള്ളിപ്പുലി കുടുങ്ങിയത്.

ബുധനാഴ്ച രാത്രിയാണ് ഏകദേശം പത്തു വയസ്സുള്ള പുലി കണ്ണിമംഗലം ദേവീക്ഷേത്രത്തിന്​ സമീപം വനാതിർത്തിയോട് ചേർന്ന ആൾത്താമസമില്ലാത്ത പറമ്പിൽ സ്ഥാപിച്ച കേബിളിൽ കുടുങ്ങിയത്. കുറച്ച് ദിവസമായി കണ്ണിമംഗലത്തും സമീപപ്രദേശങ്ങളിലും പുലി ശല്യം രൂക്ഷമായിരുന്നു. കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കുറയ്ക്കാൻ സ്​ഥാപിച്ചതാണ്​ കേബിൾ. ഇരുചക്രവാഹനത്തിൽ ഉപയോഗിക്കുന്ന ക്ലച്ച് കേബിൾ പുലിയുടെ ദേഹത്ത് ചുറ്റിവരിഞ്ഞ നിലയിലായിരുന്നു. 

വ്യാഴാഴ്ച പുലർച്ച ഉച്ചത്തിലുള്ള മുരൾച്ച കേട്ട പ്രദേശവാസികൾ നോക്കിയപ്പോഴാണ് പുലി കുടുങ്ങിയതു കണ്ടത്. ഇവർ  നൽകിയ വിവരത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്​ഥരും പൊലീസും സ്​ഥലത്തെത്തി. തൃശൂരിൽനിന്ന്​ വെറ്ററിനറി ഡോക്ടറെത്തി മയക്കുവെടി ​വച്ചതിനുശേഷം കൂട്ടിലാക്കി കോടനാട് റെസ്​ക്യുഹോമിലേക്ക് മാറ്റാനായിരുന്നു വനം വകുപ്പ് ഉദ്യോ​ഗസ്ഥരുടെ പരിപാടി. എന്നാൽ, രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കേബിൾ മുറുകി പുലി ചാവുകയായിരുന്നുവെന്ന്​ വെറ്ററിനറി ഡോക്ടർ പറഞ്ഞു. 

കോടനാട് റെസ്​ക്യുഹോമിൽ എത്തിച്ച്​ പരിശോധന നടത്തി മേൽനടപടി സ്വീകരിച്ചു. കണ്ണിമംഗലത്ത്​ കൊണ്ടുവന്ന് വിദഗ്ധ സംഘത്തി​ന്റെ നേതൃത്വത്തിൽ പോസ്​റ്റ്​മോർട്ടം നടത്തി. തുടർന്ന് ഉൾവനത്തിൽ കൊണ്ടുപോയി ദഹിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com