ചിലര്‍ക്ക് ചുവപ്പ് കണ്ടാല്‍ വിഷമം; പൊലീസ് അസോസിയേഷന്‍ വിവാദത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി

പൊലീസ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അടിസ്ഥാനപരമായി കഴമ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ചിലര്‍ക്ക് ചുവപ്പ് കണ്ടാല്‍ വിഷമം; പൊലീസ് അസോസിയേഷന്‍ വിവാദത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: പൊലീസ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അടിസ്ഥാനപരമായി കഴമ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിലെ സംഘടനാ പ്രവര്‍ത്തനം അച്ചടക്കത്തിന് മാറ്റുകൂട്ടുക മാത്രമേ ചെയ്യുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. 

രക്തസാക്ഷികളെ അനുസ്മരിച്ചതാണ് ഏതോ വലിയ അപരാധമായി പറയുന്നത്. ഇത് തുടക്കം മുതലുള്ള കാര്യമാണ്. മറ്റിടങ്ങളില്‍ മരിച്ച പൊലീസുകാരയൊണ് അനുസ്മരിച്ചത്. ചിലര്‍ക്ക് ചുവപ്പുകണ്ടാല്‍ വിഷമമാണ്. പൊലീസ് അസോസിയേഷനും പൊലീസും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് വിവാദത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പൊലീസ് അസോസിയേഷന്റെ യോഗങ്ങളില്‍ നടന്ന രക്തസാക്ഷി അനുസ്മരണമാണ് വിവാദമായത്. വിവിധ ജില്ലകളില്‍ നടന്ന സമ്മേളനങ്ങളില്‍ രക്തസാക്ഷി സ്തൂഭങ്ങള്‍ ചുവപ്പ് നിറമാക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തുവെന്നതാണ് വിവാദമായത്. 

പൊലീസില്‍ രാഷ്ട്രീയപ്രവര്‍ത്തനം വര്‍ധിച്ചുവരികയാണ് എന്ന് ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് മേധാവി ടി.കെ വിനോദ് കുമാര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു.രാഷ്ട്രീയ ആഭിമുഖ്യം ജോലികളെയും ബാധിച്ചാല്‍ സേനയുടെ അച്ചടക്കവും വിശ്വാസ്യതയും തകരുമെന്നും ഇന്റലിജന്‍സ് മേധാവി മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ടിന് പിന്നാലെ പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലെ രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റുകയും, രക്തസാക്ഷി അനുസ്മരണത്തിനിടെ മുദ്രാവാക്യം വിളി ഒഴിവാക്കുകയും ചെയ്തിരുന്നു. 

പൊലീസ് അസോസിയേഷന്‍ യോഗങ്ങളില്‍ ചട്ടലംഘനം നടന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ  അസോസിയേഷന്‍ നേതൃത്വത്തിന് നോട്ടീസ് അയച്ചു. അസോസിയേഷന്‍ യോഗങ്ങളില്‍, മുമ്പ് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറുകള്‍ക്കും നോട്ടീസുകള്‍ക്കും വിരുദ്ധമായി ഏതെങ്കിലും തരത്തില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെങ്കില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com