വാഗമണ്‍ സിമി ക്യാമ്പ്; നാല് മലയാളികളുള്‍പ്പെടെ പതിനെട്ട് പ്രതികള്‍ കുറ്റക്കാര്‍

വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ പതിനെട്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി വിധിച്ചു
വാഗമണ്‍ സിമി ക്യാമ്പ്; നാല് മലയാളികളുള്‍പ്പെടെ പതിനെട്ട് പ്രതികള്‍ കുറ്റക്കാര്‍

കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ പതിനെട്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി വിധിച്ചു. പതിനേഴ് പ്രതികളെ വെറുതേവിട്ടു. മലയാളികളായ നാലുപേരും കുറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഷാഹുല്‍, ഷിബിലി,ഷാദുലി,അന്‍സര്‍ നദ്വി എന്നിവരാണ് കുറ്റക്കാരുട പട്ടികയിലുള്ള മലയാളികള്‍. 

കോട്ടയം വാഗമണ്ണില്‍ തങ്ങള്‍പാറയില്‍ സിമി പ്രവര്‍ത്തകര്‍ രഹസ്യ യോഗം ചേര്‍ന്ന് ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്. 2007 ഡിസംബര്‍ 10മുതല്‍ 12വരെയാണ് ആയുധ പരിശീലന ക്യാമ്പ് നടന്നത്.

ഷിബിലിയും ഷാദുലിയും ഒന്നും നാലും പ്രതികളാണ്. നാളെയാണ് ശിക്ഷ വിധിക്കുന്നത്. ബെംഗളൂരു, അഹമ്മദാബാദ്, സൂറത്ത്, വാരാണസി എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഈ പ്രതികളുടെ പങ്ക് കണ്ടെത്തിയിരുന്നു. കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് 17 പേരെ വെറുതെ വിട്ടത് എന്നാണ് വിവരം. ബോംബ് ഉണ്ടാക്കുന്നതിനുള്ള പരിശീലനം, ബൈക്ക് പരിശീലനം, കാടും മലയും താണ്ടുന്നതിനുള്ള പരിശീലനം എന്നിവയാണു ക്യാംപില്‍ നടന്നതെന്നാണ് എന്‍ഐഎ വിശദീകരണം. കുറ്റകൃത്യ നിരോധന നിയമം, ആയുധനിയമം, സ്‌ഫോടക വസ്തു നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.  അമീന്‍ പര്‍വേശ് എന്ന ഗുജറാത്ത് സ്വദേശിയാണ് ബോംബ് ഉണ്ടാക്കാനുള്ള പരിശീലനം നല്‍കിയത് എന്നും എന്‍ഐഎ അറിയിച്ചു.

കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവ് അബ്ദുല്‍ സുബ്ഹാന്‍ ഖുറേഷിയെ എന്‍ഐഎ പ്രത്യേക കോടതിയില്‍ കഴിഞ്ഞയാഴ്ച ഹാജരാക്കിയിരുന്നു. കേസിലെ 35-ാം പ്രതിയായ ഖുറേഷിയെ അഹമ്മദാബാദില്‍നിന്നാണു ഗുജറാത്ത് പൊലീസ് റോഡ് മാര്‍ഗം കൊച്ചിയിലെത്തിച്ചത്. ആയുധപരിശീലന ക്യാംപിനു നേതൃത്വം നല്‍കിയ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായം ലഭിച്ചതുമായി ബന്ധപ്പെട്ടാണു ഖുറേഷിയെ എന്‍ഐഎ പ്രതിചേര്‍ത്തത്. 

ക്യാംപില്‍ പങ്കെടുത്തവരില്‍ ആറ് എന്‍ജിനീയര്‍മാരും മൂന്നു ഡോക്ടര്‍മാരുമുണ്ട്. പരിശീലനത്തിനുള്ള തോക്കുകള്‍ വാങ്ങിയത് കൊച്ചിയിലെ ആയുധ വില്‍പനശാലയില്‍ നിന്നാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ ഗൂഢാലോചനയ്ക്കും തയാറെടുപ്പുകള്‍ക്കും ശേഷം വാഗമണ്ണില്‍ ക്യാംപ് സംഘടിപ്പിക്കാന്‍ പാനായിക്കുളം സിമി രഹസ്യയോഗ കേസിലെ മുഖ്യപ്രതിയായ ഈരാറ്റുപേട്ട സ്വദേശി പീടിയാക്കല്‍ പി.എ. ഷാദുലിയെയാണു സിമിയുടെ ഉന്നത നേതാക്കള്‍ ചുമതലപ്പെടുത്തിയത്. പരിശീലന വിവരം ചോര്‍ന്നതിനാല്‍ ക്യാംപ് മൂന്നാം ദിവസം അവസാനിപ്പിക്കുകയായിരുന്നു.

സിമി ആയുധ ക്യാംപ് സംഘടിപ്പിച്ച കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരളാ പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമാണ്. ഗുജറാത്തിലെ മണിനഗര്‍, മധ്യപ്രദേശിലെ പിത്താമ്പര്‍, കര്‍ണാടകയിലെ ഗോകുല്‍റോഡ് എന്നിവിടങ്ങളിലും സിമി ആയുധ പരിശീലന ക്യാംപുകള്‍ നടത്തി.  ഈ ക്യാംപുകളില്‍ പങ്കെടുത്തവരില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 50 പേരാണ് വാഗമണ്‍ ക്യാംപില്‍ പങ്കെടുത്തത്. ഇതില്‍ 35 പേരുടെ വിശദാംശങ്ങളാണ് തെളിവ് സഹിതം കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com