ഷുഹൈബ് വധം: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു, കേസില്‍ 11 പ്രതികള്‍ 

യൂത്ത്‌കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
ഷുഹൈബ് വധം: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു, കേസില്‍ 11 പ്രതികള്‍ 

കണ്ണൂര്‍: യൂത്ത്‌കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മട്ടന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് 386 പേജുളള കുറ്റപത്രം സമര്‍പ്പിച്ചത്. പതിനൊന്ന് പ്രതികളുളള കേസില്‍ കൊലപാതകത്തിന് കാരണം സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഗൂഡാലോചനക്കേസില്‍ അന്വേഷണം തുടരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.

അടുത്തിടെ ഷുഹൈബ് വധക്കേസിലെ അഞ്ചു പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികളായ തില്ലങ്കേരി വഞ്ഞേരി ലക്ഷ്മി നിലയത്തില്‍ എം.വി.ആകാശ് (23), തില്ലങ്കേരി കരുവള്ളി പഴയപുരയില്‍ രജിന്‍രാജ് (24), മുഴക്കുന്ന് മുടക്കോഴി കരുവോട് ഹൗസില്‍ എ.ജിതിന്‍ (23), മുഴക്കുന്ന് കൃഷ്ണ നിവാസില്‍ സി.എസ്.ദീപ്ചന്ദ് (25), പാലയോട് തെരൂര്‍ തയ്യുള്ളതില്‍ പുതിയപുരയില്‍ ടി.കെ.അസ്‌കര്‍ (26) എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് അവധിക്കാല കോടതി തള്ളിയത്.

കഴിഞ്ഞ ഫെബ്രുവരി 12നാണ് എടയന്നൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബ് കൊല്ലപ്പെട്ടത്. ഇതുവരെ പിടികൂടിയ 11 പ്രതികളില്‍ രണ്ടുപേര്‍ ഏതാനും ദിവസം മുന്‍പു ജാമ്യത്തിലിറങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com