മലപ്പുറത്ത് രണ്ടാനച്ഛനും കൂട്ടുകാരും പീഡിപ്പിച്ച പെണ്‍കുട്ടികളെ കുടുംബത്തിലേക്ക് വിട്ടുകൊടുക്കാനുള്ള സിഡബ്ല്യുസി തീരുമാനം വിവാദത്തില്‍

കേസില്‍ പ്രതിയായ അമ്മ ഉള്‍പ്പെടുന്ന കുടുംബത്തിലേക്ക് കുട്ടികളെ അയയ്ക്കുന്നതിനെ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എം മണികണ്ഠന്‍ എതിര്‍ത്തു. 
മലപ്പുറത്ത് രണ്ടാനച്ഛനും കൂട്ടുകാരും പീഡിപ്പിച്ച പെണ്‍കുട്ടികളെ കുടുംബത്തിലേക്ക് വിട്ടുകൊടുക്കാനുള്ള സിഡബ്ല്യുസി തീരുമാനം വിവാദത്തില്‍

മലപ്പുറം: സഹോദരിമാരായ പിഞ്ചുപെണ്‍കുട്ടികളെ രണ്ടാനച്ഛനുള്‍പ്പെടെ പീഡിപ്പിച്ച കേസില്‍ കുട്ടികളെ നിര്‍ഭയ ഹോമില്‍ നിന്ന് ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാന്‍ മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) തീരുമാനിച്ചത് വിവാദത്തില്‍. കേസില്‍ പ്രതിയായ അമ്മ ഉള്‍പ്പെടുന്ന കുടുംബത്തിലേക്ക് കുട്ടികളെ അയയ്ക്കുന്നതിനെ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എം മണികണ്ഠന്‍ എതിര്‍ത്തു. 

എന്നാല്‍ കുട്ടികളുടെ മുത്തച്ഛന്റെ അപേക്ഷ അംഗീകരിച്ച് അവരെ കുടുംബത്തിനു വിട്ടു നല്‍കണമെന്നാണ് സമിതിയിലെ മറ്റ് രണ്ട് അംഗങ്ങള്‍ വാദിച്ചത്. ചെയര്‍മാന്റെ വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് തിങ്കളാഴ്ച സമിതി തീരുമാനമെടുത്തത്. അതേസമയം, കുട്ടികളുടെ സുരക്ഷയേക്കുറിച്ചു തന്നെ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ വിട്ടുനല്‍കാന്‍ നിര്‍ഭയ ഹോം അധികൃതര്‍ തയ്യാറായിട്ടില്ല. 

മലപ്പുറം നിര്‍ഭയ ഹോമിലാണ് പത്തും ഏഴും വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ സഹോദരിമാര്‍ കഴിയുന്നത്. പ്രതികളെ പേടിച്ച് കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയിരിക്കുകയാണ്. 2017ല്‍ മങ്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് കുട്ടികളെ വിട്ടുകിട്ടാന്‍ കുടുംബം ശ്രമിക്കുന്നത്. 

കുട്ടികളുടെ അമ്മ പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവരെക്കൂടി പ്രതിയാക്കിയത്. ജാമ്യം കിട്ടിയ അമ്മ കൂടി ഉള്‍പ്പെട്ട കുടുംബത്തിലേക്ക് കുട്ടികളെ അയയ്ക്കുന്നതിനെയാണ് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എം മണികണ്ഠന്‍ എതിര്‍ത്തത്. അംഗങ്ങളായ അഡ്വ. കവിതാ ശങ്കര്‍, അഡ്വ. മുഹമ്മദ് ഹാരിസ് എന്നിവര്‍ നേരേ വിപരീത നിലപാടെടുത്തു. ഇതു സംബന്ധിച്ച ഉത്തരവില്‍ മൂന്നു പേരുടെയും നിലപാടുകളേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട് ( ഉത്തരവ് നമ്പര്‍ രംര/ാുാ/മെ/62,63/2017).

ചെയര്‍മാനും രണ്ട് അംഗങ്ങളും വെവ്വേറെ ഉത്തരവുകള്‍ എഴുതുകയും അത് ഈ ഉത്തരവിന്റെ ഭാഗമായി പരിഗണിക്കുകയും ചെയ്യുന്നതായി ഉത്തരവില്‍ പറയുന്നു. ഭൂരിപക്ഷ അഭിപ്രായം കുട്ടികളെ വിട്ടുകൊടുക്കണം എന്നായതുകൊണ്ട് ഉപാധികളോടെ വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയാണുണ്ടായത്. 

അപേക്ഷകനായ മുത്തഛന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ചെയ്യുകയും അത് ഉടനേതന്നെ ശിശുക്ഷേമ സമിതിയെ അറിയിക്കുകയും വേണം എന്നാണ് ഒന്നാമത്തെ ഉപാധി. ആരോപണ വിധേയരായ രക്ഷിതാക്കളുമായി ഇടപഴകാന്‍ കുട്ടികളെ അനുവദിക്കരുതെന്നും നിര്‍ദേശിക്കുന്നു. 

എന്നാല്‍  ഇത് എത്രത്തോളം സാധിക്കുമെന്ന കാര്യത്തിലാണ് ചെയര്‍മാനും നിര്‍ഭയ ഹോം അധികൃതര്‍ക്കും ആശങ്കയുള്ളത്. അമ്മ അതേ കുടുംബത്തിലാണ് താമസിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കാനോ കുട്ടികളെ ഭീഷണിപ്പെടുത്താന പാടില്ല, കുട്ടികളുടെ സാാമൂഹികസാമ്പത്തിക സുരക്ഷയേക്കുറിച്ച് മലപ്പുറം, കോഴിക്കോട് ബാല സുരക്ഷാ ഓഫീസര്‍ എല്ലാ മാസവും മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം, കുട്ടികളുടെ കുടുംബകാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലാ ബാല സുരക്ഷാ ഓഫീസര്‍ അംഗനവാഡി വര്‍ക്കറെ നിയോഗിക്കണം തുടങ്ങിയ ഉപാധികളും വച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ലംഘിക്കപ്പെട്ടാല്‍ കുട്ടികളെ വിട്ടുകൊടുത്ത തീരുമാനം ശിശുക്ഷേമ സമിതിക്ക് റദ്ദാക്കാം. 

എന്നാല്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് സംശയം ഉന്നയിച്ച് ചെയര്‍മാന്‍ തന്നെ വിയോജിപ്പ്  രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ വിട്ടുകൊടുക്കുന്നതിനേക്കുറിച്ച് ആശയക്കുഴപ്പം ഉയര്‍ന്നിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com