സ്‌കൂളില്‍ അച്ചാറും രസവും വേണ്ട; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ എട്ട് കല്‍പ്പനകളുമായി വിദ്യാഭ്യാസവകുപ്പ്

വിപണിയില്‍ നിന്നു വാങ്ങുന്ന അച്ചാറുകള്‍ക്കാണ് നിരോധനമുള്ളത്
സ്‌കൂളില്‍ അച്ചാറും രസവും വേണ്ട; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ എട്ട് കല്‍പ്പനകളുമായി വിദ്യാഭ്യാസവകുപ്പ്

സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ അച്ചാറും രസവും ഒഴിവാക്കണമെന്ന നിര്‍ദേശവുമായി വിദ്യഭ്യാസ വകുപ്പ്. സ്‌കൂളുകളിലേക്ക് അയച്ച ഉച്ചഭക്ഷണ പദ്ധതിയില്‍ പാലിക്കേണ്ട എട്ട് നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറിലാണ് വിദ്യാഭ്യാസ വകുപ്പ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. 

വിപണിയില്‍ നിന്നു വാങ്ങുന്ന അച്ചാറുകള്‍ക്കാണ് നിരോധനമുള്ളത്. പായ്ക്കറ്റ് അച്ചാറുകളില്‍ വ്യാപകമായി രാസവസ്തുക്കളും പൂപ്പലും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തെ ഹോട്ടലുകളിലും ദിവസേന തയാറാക്കുന്ന അച്ചാറുകള്‍ മാത്രം ഉപയോഗിക്കാനേ അനുമതിയൊള്ളൂ. 

സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ മൂന്ന് കറികള്‍ നിര്‍ബന്ധമായിട്ടുണ്ടായിരിക്കണം എന്നാണ് നിര്‍ദേശം. എന്നാല്‍ എണ്ണം തികയ്ക്കുന്നതിനായി പലസ്ഥലങ്ങളിലും തട്ടിക്കൂട്ടി രസം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യാറുള്ളത്. ഇതിന് തടയിടാനാണ് രസം ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

അടുത്ത അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിക്കാനിരിക്കെയാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം കൊണ്ടുവന്നത്. സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കണമെന്നും ഉച്ചഭക്ഷണ കമ്മിറ്റി മുന്‍കൂട്ടി മെനു തയാറാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പാചകശാല, സ്റ്റോര്‍, കിണര്‍, ടാങ്ക് തുടങ്ങിയവ ശുചിയാക്കണം, പാചകത്തൊഴിലാളികള്‍ 25 ന് മുന്‍പ് ഹെല്‍ത്ത്കാര്‍ഡ് എടുക്കണം, സ്റ്റോക്കുള്ള അരി ഉപയോഗയോഗ്യമല്ലെങ്കില്‍ ഉപജില്ല ഓഫീസറെ രേഖാമൂലം അറിയിക്കണം, 30ന് മുന്‍പ് മാവേലി സ്റ്റോറുകളില്‍ നിന്നും അരി സ്‌കൂളുകളില്‍ എത്തിക്കണം, പാചകത്തിന് പാചകവാതകം മാത്രമേ ഉപയോഗിക്കാവൂ എന്നിവയാണ് വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com