ആപ്പിനോട് പുറം തിരിഞ്ഞ് കേരളം; പിന്നാലെ ഓഫറുമായി റെയില്‍വേ 

റെയില്‍വേ സ്‌റ്റേഷനുകളിലെ ക്യൂ കുറയ്ക്കുന്നതിനും യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് ലഭ്യമാക്കുന്നതിനുമായി റെയില്‍വേ അവതരിപ്പിച്ച ആപ്പിന് കേരളത്തില്‍ നിന്ന് തണുത്ത പ്രതികരണം
ആപ്പിനോട് പുറം തിരിഞ്ഞ് കേരളം; പിന്നാലെ ഓഫറുമായി റെയില്‍വേ 

റെയില്‍വേ സ്‌റ്റേഷനുകളിലെ ക്യൂ കുറയ്ക്കുന്നതിനും യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് ലഭ്യമാക്കുന്നതിനുമായി റെയില്‍വേ അവതരിപ്പിച്ച ആപ്പിന് കേരളത്തില്‍ നിന്ന് തണുത്ത പ്രതികരണം. കൂടുതല്‍ യാത്രക്കാരെ ആപ്പിലേയ്ക്ക് ആകര്‍ഷിക്കാനായി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റയില്‍വേ. പുതിയ യുടിഎസ് മൊബൈല്‍ ആപ്പിനോട് യാത്രക്കാരില്‍ നിന്ന് അനുകൂല പ്രതികരണം കാണാത്തതിനെതുടര്‍ന്നാണ് ഓഫറുകളുമായി റെയില്‍വെ രംഗത്തെതിയിരിക്കുന്നത്. ആപ്പു വഴി ജനറല്‍ ടിക്കറ്റുകളും സീസണ്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകളും സ്വന്തമാക്കാവുന്ന സൗകര്യമുണ്ടായിട്ടും യാത്രക്കാര്‍ ഇത് വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താതതിനാലാണ് ഓഫറുകള്‍ റെയില്‍വെ അറിയിച്ചിരിക്കുന്നത്.

ടിക്കറ്റ് എടുക്കുമ്പോള്‍ ഓരോ നൂറു രൂപയ്ക്കും അഞ്ചു രൂപ സൗജന്യം നല്‍കുന്നതാണ് റെയില്‍വെ പ്രഖ്യാപിച്ചിട്ടുള്ള ഓഫര്‍. അയ്യായിരം രൂപ വരെ റീചാര്‍ജ് ചെയ്യാനും പുതിയ സൗകര്യമൊരുക്കിയിട്ടുണ്ട്. മൊത്തം യാത്രക്കാരില്‍ രണ്ടു ശതമാനം പേര്‍ മാത്രമേ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളു എന്നും ഒരു ലക്ഷം ജനറല്‍ ടിക്കറ്റോളം ദിവസവും വില്‍ക്കുന്ന തിരുവനന്തപുരം ഡിവിഷനില്‍ ആപ്പു വഴി വില്‍ക്കുന്നത് ദിവസം 300 ടിക്കറ്റ് മാത്രമാണെന്നും തിരുവനന്തപുരം ഡിവിഷനിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവിടെ ദിവസവും 3500ഓളം സീസണ്‍ ടിക്കറ്റുകള്‍ വില്‍ക്കപ്പെടുമ്പോള്‍ ആപ്പിലൂടെ ഇത് സ്വന്തമാക്കുന്നത് വെറും 30 പേര്‍ മാത്രമാണ്. മറ്റ് ഡിവിഷനുകളിലെ കണക്കുകളും വ്യത്യസ്തമല്ല. 

തുടക്കത്തില്‍ 35ശതമാനം പേരെങ്കിലും ആപ്പുപയോഗിച്ച് ടിക്കറ്റെടുത്താല്‍ മാത്രമേ ഉദ്ദേശിച്ച ഗുണം ലഭിക്കുകയൊള്ളെന്നാണ് അധികൃതര്‍ പറയുന്നത്. റെയില്‍വേ സ്‌റ്റേഷന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ആപ്പിന്റെ സേവനം ലഭ്യമാകും. മൊബൈലില്‍ തന്നെ ലഭ്യമാകുന്ന ടിക്കറ്റിന്റെ വിവരങ്ങള്‍ ടിടിഇയെ കാണിച്ചാല്‍ യാത്രചെയ്യാന്‍ കഴിയും. അഞ്ചു കിലോമീറ്ററിനു പുറത്ത് എവിടെ നിന്നു ടിക്കറ്റെടുത്താലും അതിന്റെ പ്രിന്റ് കൂടെ കരുതണം. ഐആര്‍സിടിസി ആപ്പിലേപോലെ ട്രെയിന്‍ തിരഞ്ഞെടുത്ത് ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമായിതുടങ്ങിയിട്ടില്ല. മറിച്ച് എത്തേണ്ട സഥലത്തേക്കുള്ള ജനറല്‍ ടിക്കറ്റാണ് ആപ്പിലൂടെ സ്വന്തമാക്കാന്‍ കഴിയുന്നത്. സ്ലീപ്പര്‍ ടിക്കറ്റ് ആവശ്യമായുള്ളവര്‍ക്ക് ജനറല്‍ ടിക്കറ്റ് ടിടിആര്‍നെ കാണിച്ച് സ്ലീപ്പറാക്കി മാറ്റിയെടുക്കാനാകും. ആപ്പിന്‍ നിന്ന് ടിക്കറ്റെടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ യാത്ര തുടങ്ങണമെന്നതാണ് നിബന്ധന അല്ലാത്തപക്ഷം ടിക്കറ്റ് അസാധുവാകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com