നിപ വൈറസ്: എയിംസില്‍ നിന്നും വിദഗ്ദസംഘം നാളെയെത്തും; ലോകാരോഗ്യസംഘടനയെ സമീപിക്കും

എയിംസില്‍ നിന്നുള്ള വിദഗ്ദസംഘം നാളെയെത്തും - ചങ്ങരോത്തെ 60 പേരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു - ആവശ്യമെങ്കില്‍ ലോകാരോഗ്യ സംഘടനയെ സമീപിക്കും 
നിപ വൈറസ്: എയിംസില്‍ നിന്നും വിദഗ്ദസംഘം നാളെയെത്തും; ലോകാരോഗ്യസംഘടനയെ സമീപിക്കും

കോഴിക്കോട്: പനി ബാധിച്ച് മരിച്ച ഒരാള്‍ക്ക് കൂടി നിപാ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിനി ജാനകിയുടെ മരണമാണ് നിപാ വൈറസ്മൂലമാണെന്ന് അരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചത്. ഇതോടെ നിപാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി

എയിംസില്‍ നിന്നുള്ള വിദഗ്ദസംഘം നാളെയെത്തും. ഇവരെ കൂടാതെ കേന്ദ്രമൃഗപരിപാലന സംഘവും നാളെ കോഴിക്കോട്ടെത്തും.സമാനസ്വഭാവമുള്ള ഒന്‍പത് പേര്‍ ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തിയിട്ടുണ്ട്. 60 പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.അതേ സമയം നിപ വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന രോഗികളെ ചികിത്സിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്ന് ഐസോലേറ്റഡ് വാര്‍ഡുകള്‍ ഒരുക്കി. അത്യാഹിത വിഭാഗത്തിന് സമീപമുള്ള നിരീക്ഷണ വാര്‍ഡും ഇന്‍ഫക്റ്റഡ് ഡിസീസസ് വാര്‍ഡും (വാര്‍ഡ് 43), കെ.എച്ച്.ആര്‍.ഡബ്ലിയു.എസിന് കീഴിലെ പേവാര്‍ഡുകളിലൊന്നുമാണ് സജ്ജീകരിച്ചത്. കൂടാതെ ഗുരുതരാവസ്ഥയിലുള്ളവരെ മെഡിക്കല്‍ കോളജിന് കീഴിലെ നെഞ്ചുരോഗാശുപത്രി തീവ്രപരിചരണ വിഭാഗത്തിലും ചികിത്സിക്കും.

സുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ച് ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമെങ്കില്‍ മറ്റു മെഡിക്കല്‍ കോളജുകളില്‍നിന്ന് ഒരാഴ്ചത്തേക്ക് മാറ്റി വിന്യസിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.മെഡിക്കല്‍ കോളജിന് പുറമെ ബീച്ച് ആശുപത്രി, പേരാമ്പ്ര, താമരശ്ശേരി, കൊയിലാണ്ടി താലൂക്കാശുപത്രികളിലും പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ചു. ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

വായുവിലൂടെ നിപ വൈറസ് പകരാന്‍ സാധ്യതയുണ്ട്. എന്നാല്‍ മറ്റു വൈറസുകളെ പോലെ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ നിപ വൈറസിന് സാധിക്കില്ല. വൈറസിനെക്കുറിച്ച് കൂടുതലായി പഠിക്കാനായി കേന്ദ്രമൃഗപരിപാലനസംഘവും എയിംസിലെ മെഡിക്കല്‍ ടീമും നാളെ കോഴിക്കോട് എത്തുമെന്നും കേന്ദ്രസംഘത്തിലെ വിദഗ്ദ്ധര്‍ അറിയിച്ചു. നിപ വൈറസ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചു. ആരോഗ്യവകുപ്പ് ശരിയായ ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രസംഘത്തിലെ വിദഗ്ദ്ധര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com