നിപ്പാ വൈറസ്: ജേക്കബ് വടക്കഞ്ചേരിക്കെതിരെ പരാതിയുമായി മുഖ്യമന്ത്രിക്ക് ഡോക്ടറുടെ കത്ത്

നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഡോക്ടര്‍ എഴുതിയ കത്ത് ചര്‍ച്ചയാകുന്നു.
നിപ്പാ വൈറസ്: ജേക്കബ് വടക്കഞ്ചേരിക്കെതിരെ പരാതിയുമായി മുഖ്യമന്ത്രിക്ക് ഡോക്ടറുടെ കത്ത്

നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഡോക്ടര്‍ എഴുതിയ കത്ത് ചര്‍ച്ചയാകുന്നു. കേരളത്തില്‍ വൈറസ് ബാധിച്ച രോഗിയെ ചികിത്സിച്ച നഴ്‌സ് അടക്കം മരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതിയായ ഭീതിയിലാണ്. ഈ അവസരത്തില്‍ ജനങ്ങള്‍ക്കിടയിലെ ഭയം വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന രീതിയിലുള്ള വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയാണ് കത്ത്.

അതില്‍ ജേക്കബ് വടക്കഞ്ചേരിയുടെ പേര് എടുത്തു പറയുന്നുണ്ട്. മുന്‍പും ഇയാള്‍ നടത്തിയ വ്യാജ പ്രചരണങ്ങളുടെ ഉദാഹരണങ്ങള്‍ സഹിതമാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന്റെ ദീര്‍ഘമായ കത്ത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കത്തിന്റെ ഓരോ കോപ്പി ചെറിയ ചില മാറ്റങ്ങളോടെ ആരോഗ്യമന്ത്രിക്കും ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത് സര്‍വീസിനും അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന്റെ കത്തിന്റെ പൂര്‍ണ്ണരൂപം

(മുഖ്യമന്ത്രിക്ക് അയയ്ക്കുന്ന പരാതിയുടെ പൂർണരൂപം. ഇത് ചെറിയ ചില മാറ്റങ്ങളോടെ ആരോഗ്യമന്ത്രിക്കും ഡയറക്ടറേറ്റ് ഓഫ് ഹെൽത് സർവീസിനും അയയ്ക്കും.)

ബഹുമാനപ്പെട്ട സർ,

വിഷയം: നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെ സംബന്ധിച്ച്

സർ, കേരളത്തിൽ പുതുതായി പടർന്നുകൊണ്ടിരിക്കുന്ന "നിപ്പാ വൈറസ്" (nipah virus) ബാധയെക്കുറിച്ച് അങ്ങേയ്ക്കറിവുള്ളതാണല്ലോ. രോഗികളെ ശുശ്രൂഷിച്ച ആരോഗ്യവകുപ്പിലെ നഴ്സ് ഉൾപ്പടെ ഒന്നിലധികം മരണങ്ങൾ സ്ഥിരീകരിച്ചുകഴിഞ്ഞു.

ജനങ്ങളുടെ ഇടയിൽ പരിഭ്രാന്തി പരക്കുന്ന ഈ അവസരത്തിൽ ആരോഗ്യവകുപ്പ് വകുപ്പുതലത്തിലും ഡോക്ടർമാരുടെ സംഘടനകളും വിവിധ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും സ്വമേധയാലും ജനങ്ങളുടെ പരിഭ്രാന്തി അകറ്റുവാനും കഴിവിൻ്റെ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ സർ, ഇത്തരം ശ്രമങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന ചിലർ കേരളത്തിലുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലൂടെ അബദ്ധ പ്രചരണം നടത്തുന്ന ഇത്തരക്കാൻ പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾ സുഗമമായ രോഗനിയന്ത്രണത്തിനു തടസമാവും.

ഇത്തരത്തിൽ ഏറ്റവും കൂടുതൽ ക്ഷതമേൽപ്പിക്കുന്നവരിൽ ഒരാളാണ് സ്വയം ഡോക്ടറെന്ന് വിശേഷിപ്പിക്കുകയും സംസ്ഥാനത്തുടനീളം പത്തിലധികം ചികിൽസാലയങ്ങൾ നടത്തുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ജേക്കബ് വടക്കഞ്ചേരി. ഈ പേര് എടുത്തുപറയാൻ ഒന്നിലധികം കാരണങ്ങളുണ്ട് സർ. അവ താഴെ ചേർക്കുന്നു.

1. ഇത്തരം വ്യാജപ്രചരണങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് സർ മേൽപ്പറഞ്ഞ വ്യക്തി. 2016ൽ മലപ്പുറത്ത് ഡിഫ്തീരിയ പടർന്നുകൊണ്ടിരുന്നപ്പോൾ നടത്തിയ പ്രചരണങ്ങൾക്കെതിരായി ഔദ്യോഗികമായി ആരോഗ്യവകുപ്പിനു പരാതികൾ നൽകിയിരുന്നു. (വാർത്തകളുടെ ലിങ്കുകളും വിവരങ്ങളും ചേർക്കുന്നു സർ)

2. അതേ വർഷം തന്നെ ബഹു. ആരോഗ്യമന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചർ കൂടി പങ്കെടുത്ത മാതൃഭൂമി ചാനലിലെ അകം പുറം എന്ന പരിപാടിയിൽ വച്ച് തനിക്ക് ചികിൽസിക്കാനാവശ്യമായ യോഗ്യത എന്താണുള്ളതെന്ന് തെളിയിക്കാൻ ഈ വ്യക്തിക്ക് കഴിഞ്ഞിരുന്നില്ല. അന്ന് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി കർശന നടപടി സ്വീകരിക്കുമെന്ന് പ്രസ്താവിച്ചതുമാണ്.

3. കഴിഞ്ഞ വർഷം (2017) മീസിൽസ് - റുബെല്ല വാക്സിനേഷൻ പ്രോഗ്രാം സമയത്ത് ഒന്നിലേറെത്തവണ ജേക്കബ് വടക്കഞ്ചേരി ഗവണ്മെൻ്റിൻ്റെ പ്രോഗ്രാമായ വാക്സിനേഷൻ കാമ്പെയിൻ ജനസംഖ്യാനിയന്ത്രണം പോലെയുള്ള ലക്ഷ്യങ്ങൾക്കും, രോഗം പരത്തുകയെന്ന ഉദ്ദേശ്യത്തിലും ചെയ്യുന്നതാണെന്ന് പ്രചരിപ്പിച്ചിരുന്നു.

അങ്ങേയ്ക്കറിയാവുന്നതുപോലെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അത്തരം പ്രചരണങ്ങളുടെ ഫലമായി വാക്സിനേഷൻ കാമ്പെയിനെതിരായി പ്രതികരണങ്ങളുണ്ടാവുകയും ചിലയിടങ്ങളിൽ ലക്ഷ്യം കൈവരിക്കാൻ പലതവണ കാമ്പെയിൻ നീട്ടേണ്ടിവരികയുമുണ്ടായി.

4. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മരണകാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്ചതിനു ശേഷവും ഇപ്പോഴുണ്ടായ പനി മരണങ്ങളുടെ കാരണം ആരോഗ്യവകുപ്പിൻ്റെ തട്ടിപ്പാണെന്നാണ് ഇയാൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് (ലിങ്കുകൾ ചേർക്കുന്നു)

സെൻ്റർ ഫോർ ഡീസീസ് കണ്ട്രോൾ അപകടകാരിയെന്ന് മുന്നറിയിപ്പ് നൽകുന്ന ഈ വൈറസിൻ്റെ ആക്രമണം ലോകത്ത് തടഞ്ഞുനിർത്താൻ സഹായകമായത് വിദഗ്ധരുടെ നിർദേശങ്ങൾ പൊതുജനങ്ങളും ആരോഗ്യപ്രവർത്തകരും പാലിച്ചതും ശരിയായ അറിവ് നൽകിയതുമാണ്.

പക്ഷേ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തിനും ആയുസിനും ഭീഷണിയാവുകയാണ് ഇത്തരക്കാർ.വർഷങ്ങളായി ഇത്തരം പ്രചരണങ്ങൾ തുടരുന്ന ഇത്തരക്കാർ ഉണ്ടാക്കുന്ന നഷ്ടം പണമായും ആരോഗ്യപ്രവർത്തകരുടെ പ്രയത്നമായും കഴിഞ്ഞ എം.ആർ വാക്സിനേഷൻ കാലത്ത് നാം കണ്ടതുമാണ്.

ആയതിനാൽ ആരോഗ്യപ്രവർത്തകരുടെ ജീവനടക്കം നഷ്ടമായ ഈ അവസരത്തിൽ ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർ ആരായാലും അവർക്കെതിരെ കർശനമായ നടപടിയെടുത്തുകൊണ്ട് ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ അങ്ങേയ്ക്കുള്ള പ്രതിജ്ഞാബദ്ധത മുറുകെപ്പിടിക്കണമെന്ന് അപേക്ഷിക്കുന്നു...

സത്വരനടപടികൾ പ്രതീക്ഷിച്ചുകൊണ്ട്.
ഡോ.നെൽസൺ ജോസഫ്.
ഇൻഫോക്ലിനിക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com