നിപ്പാ വൈറസ്: ഭയംമൂലം ആളുകള്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നു

ഭയം മൂലം ആളുകള്‍ ഉപേക്ഷിക്കപ്പെട്ട മുയലുകളുടെ സമീപത്ത് പോകാന്‍ കൂടി മടിച്ച് നില്‍ക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ജില്ലയില്‍ നിപ്പാ വൈറസ് ഭീതിയെത്തുടര്‍ന്ന് ആളുകള്‍ വ്യാപകമായി വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നു. ചേനോളി കനാല്‍ പാലത്തിന് സമീപം വളര്‍ത്തുമുയലുകളെ ഉപേക്ഷിച്ചനിലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ കണ്ടെത്തി. പ്ലാസ്റ്റിക് പെട്ടിയിലാക്കിയാണ് മുയലുകളെ ഉപേക്ഷിച്ചത്. വൈറസ് ബാധയെന്ന ഭീതി കാരണമാണ് ഇവയെ ഉപേക്ഷിച്ചതെന്നാണ് വിവരം. 

ഭയം മൂലം ആളുകള്‍ ഉപേക്ഷിക്കപ്പെട്ട മുയലുകളുടെ സമീപത്ത് പോകാന്‍ കൂടി മടിച്ച് നില്‍ക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇവിടെ കാണപ്പെട്ട നാലു മുയലുകളെ കൊണ്ടു പോയത്. പല സ്ഥലങ്ങളിലും പ്രാവ്,തത്ത തുടങ്ങിയ വളര്‍ത്തമൃഗങ്ങളെ കൂട് തുറന്ന് വിടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വ്യാപമായി പ്രചരിക്കുന്ന സന്ദേശങ്ങളും വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നതിന് കാരണമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം നിപ്പാ വൈറസ് ചികിത്സ കാര്യക്ഷമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. വരും മണിക്കൂറുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണമെങ്കില്‍ അതും ഒരുക്കും. ഇതിനു പണം നോക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി തന്നെ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആ്‌രോഗ്യമന്ത്രി വ്യക്തമാക്കി. ചികിത്സ ലഭ്യമാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വായുവിലൂടെയോ മറ്റേതെങ്കിലും വഴിയിലൂടെയോ നിപ്പാ വൈറസ് വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഭീതിയുടെ കാര്യമില്ല. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ സൂക്ഷിക്കേണ്ടതുണ്ട്. വവ്വാലുകള്‍ കടിച്ച പഴങ്ങളും മറ്റും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com