ലിനി അപൂര്‍വ വൈറസിന് കീഴടങ്ങിയതറിയാതെ: അമ്മ ഇന്ന് വരും നാളെ വരും എന്ന് കരുതി രണ്ട് കുരുന്നുകള്‍

അമ്മ രാത്രി ഡ്യൂട്ടിയിലാണെന്നും വൈകാതെ തിരിച്ചു വരുമെന്നും കരുതിയിരിക്കുകയാണാ കുരുന്നുകള്‍.
ലിനി അപൂര്‍വ വൈറസിന് കീഴടങ്ങിയതറിയാതെ: അമ്മ ഇന്ന് വരും നാളെ വരും എന്ന് കരുതി രണ്ട് കുരുന്നുകള്‍

നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ച രോഗിയെ പരിചരിച്ച നഴ്‌സ് റിനിയുടെ മരണവാര്‍ത്ത ഏറെ ദുഖത്തോടെയാണ് നമ്മള്‍ കേട്ടത്. എന്നാല്‍ ലിനിയുടെ മരണം അവരുടെ കുടുംബത്തിനുണ്ടാക്കിയ വലിയ വിടവിനെക്കുറിച്ച് അറിയുമ്പോള്‍ ആ ദുഖം ഇരട്ടിക്കുകയേയുള്ളു. അമ്മ രാത്രി ഡ്യൂട്ടിയിലാണെന്നും വൈകാതെ തിരിച്ചു വരുമെന്നും കരുതിയിരിക്കുകയാണാ കുരുന്നുകള്‍.

അഞ്ചും രണ്ടും വയസുള്ള രണ്ടാണ്‍മക്കളാണ് ലിനിക്കുള്ളത്. രണ്ട് മൂന്ന് ദിവസമായി അവര്‍ അമ്മയെ കാണുന്നില്ലെങ്കിലും ആശുപത്രിത്തിരക്കിലാണെന്നൊക്കെ പറഞ്ഞ് ആ കുട്ടികളെ വിശ്വസിപ്പിക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇളയമകന്‍ സിദ്ധാര്‍ഥ് ഇടയ്ക്കിടെ കരയുന്നുണ്ടെങ്കിലും അമ്മ ഉടനെ വീട്ടിലേക്കെത്തുമെന്ന പ്രതീക്ഷയിലാണവനും.

ഇതുവരെ കുട്ടികളോട് കള്ളം പറഞ്ഞ് വീട്ടുകാര്‍ പിടിച്ച് നിന്നു. ഇനിയെന്ത് ചെയ്യുമെന്നറിയാണ് നീറുകയാണവര്‍. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ, ജീവന് തുല്യം സ്‌നേഹിച്ച ഭര്‍ത്താവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതെയാണ് കഴിഞ്ഞ ദിവസം ലിനി എന്നെന്നോക്കുമായി യാത്രയായത്. 

സഹജീവികളോടുള്ള സ്‌നേഹം കൊണ്ട് മാത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഴ്‌സിങ് മേഖലയിലേ് റിനി കാലെടുത്ത് വെച്ചതെന്ന് അവളുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറയുന്നു. നല്ല ഒരു നഴ്‌സ് ആവാന്‍ ജനറല്‍ നഴ്‌സിങ് പോരെന്ന് കണ്ട് ബെംഗളൂരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ നിന്ന് ബി.എസ്.സി നേഴ്‌സിങും പൂര്‍ത്തിയാക്കിയിരുന്നു.

അച്ഛന്‍ നഷ്ടപ്പെട്ട കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു ലിനി. കോഴ്‌സ് പൂര്‍ത്തിയായിട്ടും പഠനത്തിനായെടുത്ത ബാങ്ക് ലോണ്‍ അടയ്ക്കാന്‍ വരെ ലിനി ഏറെ കഷ്ടപ്പെട്ടു. ഇതിന്റെ ബാധ്യതകളും ഇപ്പോഴും ബാക്കിയാണ്. കോഴിക്കോട് മിംമ്‌സ് അടക്കമുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കിയെങ്കിലും കടം വാങ്ങേണ്ട അവസ്ഥയായിരുന്നു.  

ലോണ്‍ തിരിച്ചടക്കാന്‍ വഴിയില്ലാതായപ്പോള്‍ ജോലിയായില്ലെന്നും എഴുതിത്തള്ളണമെന്നും സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ അധികൃതര്‍ വീട്ടിലേക്ക് നോട്ടീസയക്കാന്‍ തുടങ്ങി. 

എന്‍ആര്‍എച്ച്എം സ്‌കീം പ്രകാരമാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ലിനി ജോലി ചെയ്തിരുന്നത്. ഇത് ഏകദേശം ഒരു വര്‍ഷത്തോളമാകന്നുതേയുള്ളൂ. അതിനിടെയാണ് നിപ്പ വൈറസ് എന്ന കൊലയാളി വൈറസ് ലിനിയുടെ ജീവനെടുത്തത്. ഏത് പ്രതിസന്ധി ഘട്ടത്തിലും രോഗീപരിചരണത്തില്‍ മുന്നിലായിരുന്നു ലിനി സിസ്റ്ററെന്ന് സഹപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ഇതിന് ലിനിക്ക് പകരം നല്‍കേണ്ടി വന്നത് സ്വന്തം ജീവനും.

ചെമ്പനോട കൊറത്തിപ്പാറയിലെ പുതുശ്ശേരി നാണുവിന്റെയും രാധയുടേയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെയാളായ ലിനി വടകര സ്വദേശിയായ സജീഷിനെ വിവാഹം ചെയ്തതോടെയാണ് അങ്ങോട്ടേക്ക് താമസം മാറിയത്. അവിടെ നിന്നും ദിവസേന പേരാമ്പ്രയെത്തി ജോലി ചെയ്യുകയായിരുന്നു. ബെഹ്‌റൈനില്‍ അക്കൗണ്ടന്റ് ജോലി ചെയ്യുന്ന സജീഷ് കഴിഞ്ഞ ദിവസം രാവിലെ തന്നെ നാട്ടിലെത്തിയെങ്കിലും ആര്‍ക്കും ഒരു നോക്ക് പോലും ലിനിയെ കാണാനായില്ല. കാണുന്നത് പോലും അപകടമാണെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയതോടെ വെസ്റ്റ്ഹില്‍ ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. അഞ്ചും രണ്ടും വയസ്സുള്ള റിഥുല്‍, സിദ്ധാര്‍ഥ് എന്നിവരാണ് ലിനിയുടെ മക്കള്‍.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com