കഫീല്‍ ഖാന്‍ കേരളത്തിലേക്കു വരട്ടെ, സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിയിലെ ഡോക്ടര്‍ കഫീല്‍ ഖാന്‍ ആണ്  ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് സന്ദേശമയച്ചിരിക്കുന്നത്.
കഫീല്‍ ഖാന്‍ കേരളത്തിലേക്കു വരട്ടെ, സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ അപകടകാരിയായ ഒന്നാണ് നിപ്പ വൈറസ്. വൈറസ് ബാധിതരായ രോഗികളെ ചികിത്സിച്ച നഴ്‌സ് ലിനിയുടെ മരണവാര്‍ത്ത കൂടി ഇന്നലെ പുറത്തു വന്നതോടെ എല്ലാവരും ഭയന്നിരിക്കുകയാണ്. കോഴിക്കോട് വൈറസ് മൂലം മരിച്ചവരുടെ കുടുംബം പോലും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ അവസരത്തില്‍ നിപ്പ വൈറസ്ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനായി എത്തിയ ഡോക്ടറുടെ ട്വീറ്റ് ശ്രദ്ധേയമാവുകയാണ്.

യുപിയിലെ ഡോക്ടര്‍ കഫീല്‍ ഖാന്‍ ആണ്  ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് സന്ദേശമയച്ചിരിക്കുന്നത്. ഇദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. കഫീല്‍ ഖാനെ മാത്രമല്ല, കോഴിക്കോടെത്തിയ എല്ലാ ഡോക്ടര്‍മാരോടും മുഖ്യമന്ത്രി നന്ദി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നിപ്പ വൈറസ്ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച യു.പി.യിലെ ഡോക്ടര്‍ കഫീല്‍ഖാന്‍റെ ട്വിറ്റര്‍ സന്ദേശം കാണാനിടയായി. വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് ഞാന്‍ ഡോ. കഫീല്‍ഖാനെയും കാണുന്നത്. സഹജീവികളോടുള്ള സ്നേഹമാണ് അവര്‍ക്ക് എല്ലാറ്റിലും വലുത്.

കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രക്കടുത്ത് ചില സ്ഥലങ്ങളില്‍ നിപ്പ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ സ്വയം സന്നദ്ധരായി ധാരാളംപേര്‍ രംഗത്തു വന്നിട്ടുണ്ട്. അവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. ഡോ. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂ. അങ്ങനെയുള്ള ഡോക്ടര്‍മാരും വിദഗ്ധരും ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളായ ചില പ്രഗത്ഭ ഡോക്ടര്‍മാര്‍ ഇതിനകം തന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. അവരോടെല്ലാം കേരള സമൂഹത്തിന് വേണ്ടി നന്ദി അറിയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com