കിണറ്റില്‍ നിന്നും വവ്വാലിനെ പിടിക്കാന്‍ ആരെത്തുമെന്ന ആശങ്ക, കാട്ടിലേക്കിറങ്ങിയ ശ്രീഹരി പേരാമ്പ്രയിലേക്കെത്തി

പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടുക്കാന്‍ വിസമ്മതിച്ച ഈ വീട്ടിലെ കിണറ്റിലേക്ക് വവ്വാലുകളെ പിടികൂടുന്നതിനായി ആരെത്തുമെന്ന ചോദ്യമായിരുന്നു വനം വകുപ്പ്, വെറ്റിനറി ഉദ്യോഗസ്ഥരെ കുഴക്കിയത്
കിണറ്റില്‍ നിന്നും വവ്വാലിനെ പിടിക്കാന്‍ ആരെത്തുമെന്ന ആശങ്ക, കാട്ടിലേക്കിറങ്ങിയ ശ്രീഹരി പേരാമ്പ്രയിലേക്കെത്തി

നിപ്പാ വൈറസ് തീര്‍ത്ത ആശങ്കയില്‍ നിന്നും കേരളം ഇതുവരെ മുക്തമായിട്ടില്ല. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറയുമ്പോള്‍ പോലും എങ്ങിനെ നിപ്പാ വൈറസ് പടര്‍ന്നു എന്നതില്‍ വ്യക്തത ഇല്ലാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. 

നിപ്പാ വൈറസ് ബാധിച്ച പ്രദേശത്തെ കിണറ്റില്‍ കണപ്പെട്ട വവ്വാലുകളാണ് പ്രശ്‌നക്കാരനെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടുക്കാന്‍ വിസമ്മതിച്ച ഈ വീട്ടിലെ കിണറ്റിലേക്ക് വവ്വാലുകളെ പിടികൂടുന്നതിനായി ആരെത്തുമെന്ന ചോദ്യമായിരുന്നു വനം വകുപ്പ്, വെറ്റിനറി ഉദ്യോഗസ്ഥരെ കുഴക്കിയത്. 

അവര്‍ക്ക് മുന്നില്‍ ഉത്തരമായി എത്തിയത് ശ്രീഹരി രാമന്‍ എന്ന പേരായിരുന്നു. വവ്വാലുകളെ ഹരമായി കാണുന്ന കൊല്ലം മണ്‍റോ തുരുത്ത് സ്വദേശി ശ്രീഹരി രാമനെയാണ് നാടിനെ ആശങ്കയിലാഴ്ത്തിയ മഹാമാരിക്ക് പിന്നിലെ വവ്വാലുകളെ കിണറ്റില്‍ നിന്നും പിടിക്കുന്നതിനായി വനം വകുപ്പ് വിളിച്ചത്. 

പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള നിപ്പയുടെ ഭീകരതയൊന്നും ശ്രീഹരിയെ പേരാമ്പ്രയിലേക്ക് എത്തുന്നതില്‍ നിന്നും പിന്‍വലിച്ചില്ല. പാലക്കാട് വാളയാര്‍ വനത്തിലേക്ക് വവ്വാലുകളെ തേടി പോകുന്നതിന് ഇടയിലാണ് ശ്രീഹരിക്ക് വനം വകുപ്പിലെ വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയയുടെ കോളെത്തുന്നത്. 

വവ്വാലുകളെന്ന് കേട്ടപ്പോള്‍, അത് നിപ്പയുടെ അപകടം പേറുന്നതാണെങ്കില്‍ പോലും മറ്റൊന്നും ആലോചിക്കാതെ ശ്രീഹരി പേരാമ്പ്രയിലേക്ക് യാത്ര തിരിച്ചു. പേരാമ്പ്രയിലേക്കെത്തുന്ന ശ്രീഹരിയെ കാത്ത് വനം വകുപ്പ്, വെറ്റിനറി ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ശ്രീഹരി എത്തിയപ്പോഴേക്കും കിണറിനുള്ളില്‍ മയക്കത്തിലായിരുന്നു വില്ലന്‍ വവ്വാലുകള്‍. 

ഉറങ്ങുകയായിരുന്ന വവ്വാലുകളെ ശബ്ദം കേള്‍പ്പിച്ച് ഉണര്‍ത്തി മുകളിലേക്ക് വരുത്തിച്ചു. പൊങ്ങി വന്ന വവ്വാലുകളെ ശ്രീഹരി തന്റെ കെണികളില്‍ ഒന്ന് വെച്ച് കുടുക്കി. പ്രാണികളെ മാത്രം ഭക്ഷിക്കുന്ന വവ്വാലുകളെയാണ് ഇവിടെ നിന്നും  കണ്ടെത്തിയത്. പിടിച്ചെടുത്ത വവ്വാലിന്റെ ഉമിനീരും, രക്തവും വെറ്റിനറി ഉദ്യോഗസ്ഥര്‍ സാമ്പിളായി എടുത്തു. 

വവ്വാലുകളെ കുറിച്ചുള്‌ല ഗവേഷണത്തിനായി ശ്രീഹരി കയറാത്ത കാടുകളില്ല. ചൈനീസ് അക്കാദമി ഓഫ് സയന്‍സില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ശ്രീഹരി. കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ വവ്വാലുകളില്‍ ഉണ്ടാക്കുന്ന മാറ്റമാണ് പഠന വിഷയം. വവ്വാലുകളെ പിടിക്കുന്നതിനുള്ള ഉപകരണങ്ങളും കൂടെകൂട്ടിയാണ് ശ്രീഹരിയുടെ സഞ്ചാരം തന്നെ. 

വവ്വാലുകള്‍ ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്നാണ് ശ്രീഹരി പറയുന്നത്. പഴങ്ങള്‍ തിന്നുന്നതും പ്രാണികളെ തിന്നുന്നതുമായ രണ്ട് തരം വവ്വാലുകളുണ്ട്. ശരീരഭാരത്തിന്റെ അത്രയും ഭക്ഷണം ഇവ അകത്താക്കും. കൊതുകുകളെ നിയന്ത്രിക്കുന്നതില്‍ അടക്കം ഇവയ്ക്ക് പങ്കുണ്ട്. 

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടര്‍ന്നു പിടിച്ചത് വവ്വാലുകളെ കൊന്നു തിന്നതിലൂടെയാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ടെന്നും ശ്രീഹരി പറയുന്നു. നിലവില്‍ മിനി നെറ്റ്‌സ് എന്ന സംവിധാനത്തിലൂടെയാണ് വവ്വാലുകളെ രാജ്യത്ത് പിടികൂടുന്നത്. എന്നാല്‍ ഇതിലൂടെ പിടികൂടുന്ന വവ്വാലുകള്‍ വലയില്‍ കുരുങ്ങി ചാവാനിടയുണ്ട്. ഹാര്‍പ് എന്നൊരു തരം കെണിയാണ് വിദേശത്ത് വവ്വാലുകളെ പിടിക്കുന്നതിനായി ഉപയോഗിക്കുന്നത്. 

ഇന്ത്യയിലേക്ക് ഹാര്‍പ് എത്തിക്കുന്നതിന് മൂന്ന് ലക്ഷം രൂപ വരെ ചിലവ് വരും. എന്നാല്‍ ഹാര്‍പ്പിന് സമാനമായ ഒരു കെണി നാട്ടിലെ വര്‍ക്ക്‌ഷോപ്പിന്റെ സഹായത്തോടെ ശ്രീഹരി നിര്‍മിച്ചു, 20,000 രൂപ ചിലവില്‍. സമാനമായ നാലെണ്ണം രാജ്യത്തെ പക്ഷി നിരീക്ഷകര്‍ക്ക് ശ്രീഹരി നിര്‍മിച്ചു നല്‍കിയിട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com