വ്യാജപ്രചരണം: മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കഞ്ചേരിക്കുമെതിരെ കേസെടുത്തു

പ്രൈവറ്റ് ആയുര്‍വേദിക് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്.
വ്യാജപ്രചരണം: മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കഞ്ചേരിക്കുമെതിരെ കേസെടുത്തു

പകടകാരിയായ നിപ്പ വൈറസിനെ കുറിച്ച് അടിസ്ഥാന രഹിതമായതും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രചാരണങ്ങള്‍ നടത്തിയ വ്യാജ ചികിത്സകര്‍ക്കെതിരെ കേസെടുത്തു. മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെയാണ് തൃത്താല പൊലീസ്  കേസെടുത്തത്. 

പ്രൈവറ്റ് ആയുര്‍വേദിക് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്. ഇവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധങ്ങളായിരുന്നു ഉയര്‍ന്നു വന്നിരുന്നത്. പ്രമുഖ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ ഈ വ്യാജ ചികിത്സകര്‍ക്കെതിരെ രംഗത്തു വന്നിരുന്നു.

പേരാമ്പ്ര മേഖലയില്‍ നിന്നും ശേഖരിച്ച വവ്വാല്‍ കഴിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് പഴങ്ങള്‍ തിന്നുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് മോഹനന്‍ വൈദ്യര്‍ ഫേസ്ബുക്കില്‍ വ്യാജ പ്രചാരണം നടത്തിയത്. വവ്വാലും മറ്റും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ശക്തമായ നിര്‍ദേശം നല്‍കി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് മോഹനന്‍ വൈദ്യര്‍ ഇത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

പ്രകൃതി ചികിത്സകനെന്ന് സ്വയം അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിയും സോഷ്യല്‍ മീഡിയ വഴി അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. നിപ വൈറസ് എന്നൊരു വൈറസ് ഇല്ലെന്നും മരുന്നു മാഫിയയാണ് ഇതിനു പിന്നിലെന്നുമായിരുന്നു ഇയാളുടെ പ്രചരണം. ഇയാള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇന്‍ഫോക്ലിനിക്ക് കൂട്ടായ്മ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയും നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com